മലയാളം

വിചിന്തനം 290: വീണ്ടെടുക്കപ്പെട്ട ശാരീരിക സഹനങ്ങൾ

മരണശയ്യയിൽ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യ, അജ്ഞാത കലാകാരന്റെ രചന

വീഡിയോ

പലരും മികച്ച ആരോഗ്യം ആസ്വദിക്കുമ്പോൾ മറ്റു ചിലർക്ക് അതു ലഭിക്കുന്നില്ല.  ദൗർബല്യമോ വാർധക്യമോ മൂലം ചിലർ ജീവിതത്തിൽ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നു.  ഈ ശാരീരിക അസ്വസ്ഥതകൾ ലഘൂകരിക്കാനുള്ള വഴികൾ പലരും അന്വേഷിക്കുന്നുണ്ടെങ്കിലും, ഈ വേദനകൾ കൃപയ്ക്കുള്ള അവസരമൊരുക്കുന്നുവെന്ന് പറയേണ്ടതുണ്ട്.  ഒന്നാമതായി, സഹനത്തെ സ്വമനസ്സാലെ സ്വീകരിക്കുമ്പോൾ സഹിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ സമൃദ്ധമായ കൃപ ലഭിക്കുന്നു.  മറ്റുള്ളവരുടെ നന്മയ്ക്കായുള്ള പ്രാർഥനയായി ശാരീരിക സഹനം സമർപ്പിക്കുമ്പോൾ അവരുടെ ജീവിതങ്ങൾക്കുവേണ്ടിയും കൃപ നേടാനാകും.  ഈ കൃപ ലഭിക്കുന്നത് സഹനംകൊണ്ടുമാത്രമല്ല; മറിച്ച്, ആ സഹനത്തെ ഒരു ത്യാഗമായി സ്വീകരിക്കാനുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെയാണ്.  സ്വന്തം ഇഷ്ടത്തെ ഇപ്രകാരം ത്യജിക്കുന്നത് സ്വർഗത്തിലെ കരുണയുടെ കലവറയിലേക്കുള്ള തുറന്ന വാതിലായി മാറുന്നു.  ഈ ശാരീരിക ത്യാഗങ്ങളിലും, വിശേഷിച്ച് അവയെ സ്വീകരിക്കാനുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പിലും ദൈവം പ്രസാദിക്കുന്നു.  നിങ്ങളുടെ ശാരീരിക വേദനകളും അസ്വസ്ഥതകളും നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള ദൈവകരുണയായി രൂപാന്തരപ്പെടാൻ അനുവദിക്കുന്നതിൽ മടിക്കരുത് (കാണുക ഡയറി #1428).

നിങ്ങളുടെ ജീവിതത്തിൽ ശാരീരിക വേദനയോ അസ്വസ്ഥതയോ ഉണ്ടോ?  ഉണ്ടെങ്കിൽ, അതു ലഘൂകരിക്കാനുള്ള വഴികൾ അന്വേഷിക്കുന്നത് സ്വാഭാവികമാണ്.  എന്നാൽ നിങ്ങളുടെ സഹനം കൃപയായി രൂപാന്തരപ്പെടാമെന്ന ഈ ആഴമായ ആത്മീയ സത്യത്തെക്കുറിച്ച് ചിന്തിക്കുക.  നിങ്ങൾക്ക് ഇതിൽ സംശയമുണ്ടെങ്കിൽ, കുരിശിലേക്കു നോക്കുക.  നമ്മുടെ കർത്താവ് സഹിച്ച ശാരീരിക വേദന അവിടുത്തെ ആന്തരിക സഹനത്തോളം തീവ്രമായിരുന്നിരിക്കില്ല; എങ്കിലും ലോകത്തിന്റെ വീണ്ടെടുപ്പിനായി തന്റെ ശാരീരിക വേദന പിതാവിനു സമർപ്പിക്കുക എന്നത് അവിടുത്തെ പരിപൂർണമായ തിരുഹിതത്തിന്റെ ഭാഗമായിരുന്നു.  ഓരോ വേദനയും അസ്വസ്ഥതയും സ്വമനസ്സാലെ സ്വീകരിക്കുന്നതിന്റെ മൂല്യത്തെ സംശയിക്കരുത്.  അതു ദൈവത്തിനു സമർപ്പിക്കുക; ഈ സമർപ്പണത്തിലൂടെ മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുന്നതുപോലെ നിങ്ങളും അനുഗ്രഹിക്കപ്പെടും.

കർത്താവേ, ഇപ്പോൾ ഞാൻ അനുഭവിക്കുന്നതും ഭാവിയിൽ അനുഭവിക്കാനിരിക്കുന്നതുമായ എല്ലാ വേദനകളും അസ്വസ്ഥതകളും ഈ ദിവസം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഈ സഹനത്തെ സ്വമനസ്സാലെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, ഞാൻ അതു തിരഞ്ഞെടുക്കുകയും അങ്ങേക്കുള്ള എന്റെ സമർപ്പണമാക്കുകയും ചെയ്യുന്നു; അങ്ങനെ അങ്ങേക്ക് അതിനെ അങ്ങയുടെ കരുണയായി രൂപാന്തരപ്പെടുത്താൻ കഴിയുമല്ലോ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒക്ടോബർ 17 – മെത്രാനും രക്തസാക്ഷിയുമായ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ ഓർമ്മത്തിരുനാൾ

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ