മലയാളം

വിചിന്തനം 308: ഒരു അമ്മയുടെ സ്നേഹം

ഉണർവ്, ചാൾസ് ജലബേറിന്റെ സൃഷ്ടി

വീഡിയോ

ദൈവത്തിന്റെ പരിപൂർണ്ണമായ സ്നേഹത്തെ പൂർണ്ണമായി വെളിപ്പെടുത്താൻ ഭൗമികമായ ഒരു പ്രതിരൂപത്തിനും കഴിയില്ല എന്നത് സത്യമാണ്.  ദൈവം എല്ലാറ്റിനും അതീതനാണ്; അവിടുത്തെ സ്നേഹം ഈ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ്.  എന്നിരുന്നാലും, ദൈവസ്നേഹത്തിന്റെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന അനേകം കാര്യങ്ങൾ ഈ ലോകത്തിലുണ്ട്.  അത്തരമൊരു പ്രതിരൂപമാണ് ഒരു അമ്മയുടെ സ്നേഹം.  ദൈവം സ്വർഗസ്ഥനായ പിതാവായി നമുക്ക് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, ദൈവപുത്രൻ ഒരു പുരുഷനായി വന്നുവെങ്കിലും, ഒരു അമ്മയുടെ സ്നേഹത്തിൽനിന്ന് ദൈവസ്നേഹത്തെക്കുറിച്ച് നമുക്ക് ഏറെ മനസ്സിലാക്കാൻ കഴിയും.  വാസ്തവത്തിൽ, ദൈവം നമുക്ക് ഏറ്റവും വാത്സല്യമുള്ള ഒരമ്മയെപ്പോലെയാണെന്ന് മനസ്സിലാക്കുന്നതുപോലും ഉചിതമാണ്.  മാതൃത്വം പവിത്രമാണ്; കാരണം, അത് മനുഷ്യകുലത്തിനായുള്ള ദൈവത്തിന്റെ സ്വാഭാവിക രൂപകൽപ്പനയുടെ ഭാഗമാണ്.  തന്റെ കുഞ്ഞിനോട് അചഞ്ചലമായ സമർപ്പണം പുലർത്താൻ പ്രേരിപ്പിക്കുന്ന ശക്തമായ സ്നേഹം അവിടുന്ന് ഒരു അമ്മയുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്നു.  നമ്മുടെ പരിശുദ്ധ അമ്മയൊഴികെ ഒരു അമ്മയും പൂർണ്ണയല്ലെങ്കിലും, ദൈവത്തെ മനസ്സിലാക്കാൻ അമ്മയുടെ സ്നേഹത്തെ ആശ്രയിക്കുമ്പോൾ ആ സ്നേഹത്തിന്റെ സൗന്ദര്യത്തിലേക്കു നോക്കുന്നത് നല്ലതാണ്.  ഒരമ്മയുടെ വാത്സല്യവും നിരുപാധികമായ സ്വീകരണവും ദൈവസ്നേഹത്തെ വെളിപ്പെടുത്തുന്ന രണ്ടു വശങ്ങളായി വേറിട്ടുനിൽക്കുന്നു.  പരിപൂർണ്ണമായ മാതൃസ്നേഹത്തോടെയാണ് ദൈവം നിങ്ങളെ സ്നേഹിക്കുന്നത്.  അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന ഏറ്റവും സാധാരണമായ രീതി ഇതല്ലായിരിക്കാമെങ്കിലും, സൃഷ്ടിയിലൂടെ ലഭിക്കുന്ന ഈ മനോഹരമായ വെളിപ്പെടുത്തലിനെക്കുറിച്ച് ധ്യാനിക്കുന്നത് ഏറെ പ്രയോജനകരമാണ് (കാണുക ഡയറി #1490).

നിങ്ങൾ ദൈവത്തെ എങ്ങനെയാണ് കാണുന്നത്?  ദൈവത്തെക്കുറിച്ച് നിങ്ങളുടെ മനസ്സിലുള്ള രൂപത്തെപ്പറ്റി വിചിന്തനം ചെയ്യുക; ആദ്യം ആശ്രയിക്കേണ്ടത് വിശുദ്ധ ലിഖിതങ്ങളിലെ വിവിധ പ്രതിരൂപങ്ങളെയാണ്.  എന്നാൽ ദൈവം തന്റെ സ്നേഹം അറിയിക്കുന്ന അനേകം സ്വാഭാവിക മാർഗങ്ങളെക്കുറിച്ചും ധ്യാനിക്കുക.  ഇന്ന്, പ്രത്യേകിച്ച് ഒരു അമ്മയ്ക്ക് തന്റെ നവജാതശിശുവിനോടുള്ള സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക.  കുഞ്ഞിനോടുള്ള അവളുടെ അതുല്യവും ശക്തവുമായ ആകർഷണത്തെയും അചഞ്ചലമായ സമർപ്പണത്തെയും കുറിച്ച് വിചിന്തനം ചെയ്യുക.  കർത്താവ് നിങ്ങളെ അനന്തമടങ്ങ് കൂടുതലായി സ്നേഹിക്കുന്നു.  ഈ സ്നേഹത്തിൽ എപ്പോഴും ആശ്വാസം കണ്ടെത്തുക.

കർത്താവേ, പരിപൂർണ്ണമായ സ്നേഹത്തോടെ എന്നെ സ്നേഹിക്കുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു.  മാതൃത്വമെന്ന ദാനത്തിനും, ഈ ദാനത്തിലൂടെ അങ്ങേക്ക് എന്നോടുള്ള നിരുപാധികവും വാത്സല്യപൂർണ്ണവുമായ സ്നേഹം വെളിപ്പെടുത്തുന്നതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു.  ഈ സ്നേഹം എപ്പോഴും തിരിച്ചറിയാനും, ഒരു ശിശു അമ്മയെ തേടുന്നതുപോലെ അങ്ങയെ തേടാനും എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നവംബർ 4 – മെത്രാനായ വിശുദ്ധ ചാൾസ് ബൊറോമിയോയുടെ അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ