മലയാളം

ധ്യാനം 243: താൻ സ്നേഹിക്കുന്നവർക്കുള്ള യേശുവിന്റെ പ്രത്യേക സമ്മാനം

പരിശുദ്ധ ത്രിത്വം, തയ്യാറാക്കിയത്: Lawrence OP, CC BY-NC-ND 2.0.

വീഡിയോ

നിങ്ങൾ സ്നേഹിക്കുന്ന ഒരാളോട് നിങ്ങൾ എങ്ങനെ പെരുമാറും?  സാധാരണയായി, കുടുംബാംഗങ്ങളുടെയോ വളരെ അടുത്ത സുഹൃത്തുക്കളുടെയോ കാര്യത്തിൽ, അവർക്ക് ഏറ്റവും നല്ലതും അവരെ സന്തോഷിപ്പിക്കുന്നതുമായ കാര്യങ്ങളാണ് നാം ആഗ്രഹിക്കുന്നത്.  നമ്മിൽ ഓരോരുത്തർക്കും ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്; എന്നാൽ നമ്മുടെ സന്തോഷത്തിന്റെ ഉറവിടമായി ദൈവം കാണുന്നതെന്തെന്നും നമുക്ക് ഏറ്റവും നല്ലതായി അവിടുന്ന് കരുതുന്നതെന്തെന്നും അറിയുമ്പോൾ നാം ആശ്ചര്യപ്പെട്ടേക്കാം.  കൂടാതെ, ഓരോ ആത്മാവിനോടുമുള്ള ദൈവത്തിന്റെ സ്നേഹം പരിപൂർണ്ണമാണെങ്കിലും, അവിടുത്തോട് അടുത്തുവരുന്നവരോടുള്ള ദൈവത്തിന്റെ സ്നേഹം കൂടുതൽ ആഴമുള്ളതാകുന്നു എന്നു പറയുന്നതും ശരിയാണ്.  അവിടുത്തെ സ്നേഹത്തിനു മാറ്റം വരുന്നു എന്നല്ല ഇതിനർഥം; മറിച്ച്, അവിടുത്തെ സ്നേഹം കൂടുതൽ ആഴത്തിൽ സ്വീകരിക്കപ്പെടുകയും അനുഭവിക്കപ്പെടുകയും ചെയ്യുന്നു എന്നാണ്.  ഇങ്ങനെ സംഭവിക്കുമ്പോൾ, ദൈവത്തിന് തന്റെ സ്നേഹം അഗാധമായ വിധത്തിൽ വെളിപ്പെടുത്താൻ കഴിയുന്നു.  ദൈവത്തിന്റെ സ്നേഹം ഒരു ആത്മാവ് ഏറ്റവും ആഴത്തിൽ സ്വീകരിക്കുമ്പോൾ, പലപ്പോഴും ആ സ്നേഹം ആ ആത്മാവിനെ സഹനത്തിലേക്കു വിളിക്കുന്നു.  ഇതു നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുവെങ്കിൽ, യേശുവിനോടുള്ള പിതാവിന്റെ പരിപൂർണ്ണ സ്നേഹത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക.  പുത്രനോടുള്ള തന്റെ പരിപൂർണ്ണ സ്നേഹത്തിൽ പിതാവ് അവനെ കുരിശിലേക്കു വിളിച്ചു.  എന്നാൽ ആ കുരിശിൽ, പിതാവിന്റെ സ്നേഹം ഏറ്റവും അഗാധമായ വിധത്തിൽ വെളിപ്പെടുത്താൻ യേശുവിന്റെ മാനുഷിക ആത്മാവിനു കഴിഞ്ഞു.  മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു രഹസ്യമാണിത്. അതിനാൽ, ഉടനെ ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വിഷമിക്കരുത്.  തന്നോടുള്ള അഗാധമായ ആത്മബന്ധത്തിലേക്ക് ആകർഷിക്കപ്പെട്ടവരുടെ ജീവിതത്തിൽ ദൈവം പലപ്പോഴും വലിയ ആത്മീയ സഹനങ്ങൾ അനുവദിക്കുന്നു എന്നു മാത്രം അറിയുക (കാണുക ഡയറി #1253).

തന്റെ പുത്രനെ കുരിശിലേക്കു വിളിക്കുന്ന പിതാവിന്റെ പരിപൂർണ്ണ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക.  ആ ചിന്തയിൽ ശാന്തമായി നിലകൊള്ളുകയും അതിന്റെ അർഥത്തിന്റെ ആഴങ്ങളിലേക്കു കടക്കാൻ ശ്രമിക്കുകയും ചെയ്യുക.  പിതാവിന്റെ സ്നേഹത്തിന് പുത്രനെ ഈ ബലിയിലേക്കു വിളിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് മനസ്സിലാക്കാൻ നിങ്ങൾക്കു സാധിച്ചാൽ, ത്യാഗജീവിതത്തിലേക്കു നിങ്ങളെ വിളിക്കുന്ന ദൈവത്തിന് നിങ്ങളോടുള്ള പരിപൂർണ്ണ സ്നേഹം നിങ്ങൾ മനസ്സിലാക്കിത്തുടങ്ങും.  ദൈവത്തിന്റെ സ്നേഹം നിങ്ങളുടെ ജീവിതം “എളുപ്പമുള്ളതാക്കും” എന്നു കരുതരുത്.  അവിടുത്തെ സ്നേഹം നിങ്ങളുടെ ജീവിതത്തെ മഹത്ത്വപൂർണ്ണമാക്കും; എന്നാൽ മിക്കവാറും സഹനത്തിലൂടെയായിരിക്കും അത്.

പിതാവേ, അങ്ങയുടെ പുത്രനായ യേശുവിന്റെ സഹനങ്ങളുടെ രഹസ്യം എനിക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമാണ്.  അങ്ങയുടെ രഹസ്യപൂർണ്ണമായ തിരുഹിതം കൂടുതൽ പൂർണ്ണമായി മനസ്സിലാക്കാനും, ഈ ജീവിതത്തിലെ സഹനം പലപ്പോഴും അങ്ങയുടെ സ്നേഹത്തിന്റെ അടയാളമാണെന്നു തിരിച്ചറിയാനും എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, എല്ലാ കാര്യങ്ങളിലും എന്റെ ദൃഷ്ടി കുരിശിൽ ഉറപ്പിച്ചുനിർത്തണമേ.  യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ