ഉത്ഥാനത്തിനുശേഷം ക്രിസ്തു മഗ്ദലന മറിയത്തിനു പ്രത്യക്ഷപ്പെടുന്നു, റഷ്യൻ മ്യൂസിയം
ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ പരമോന്നതാവസ്ഥയിൽ, മറ്റെല്ലാ ഭൗമിക ബന്ധനങ്ങളിൽനിന്നും സ്വതന്ത്രരാകുന്നതും ഉൾപ്പെടുന്നു. അങ്ങനെ തീക്ഷ്ണമായ സ്നേഹത്തോടും വ്യക്തമായ ലക്ഷ്യത്തോടുംകൂടെ ദൈവത്തിലേക്ക് ഓടിയടുക്കുന്നതിൽനിന്ന് ഒന്നും നമ്മെ തടയുകയില്ല. ഈ ജീവിതത്തിലെ എല്ലാ ആസക്തികളിൽനിന്നും നാം സ്വതന്ത്രരാകണം; അങ്ങനെ നമുക്കുള്ള ഏക ആസക്തി ദൈവവും അവിടുത്തെ വിശുദ്ധ ഹിതവുമായിരിക്കും. മറ്റുള്ളവരോടുള്ള സ്നേഹം നാം അവഗണിക്കണമെന്നല്ല ഇതിന്റെ അർഥം. കുടുംബത്തോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. നിങ്ങളുടെ കുടുംബാംഗങ്ങളോടുള്ള സ്നേഹത്തിന് പ്രത്യേക ശ്രദ്ധ നൽകണം; ആ സ്നേഹം സമ്പൂർണ്ണവും പിൻവലിക്കാനാവാത്തതുമായിത്തീരണം. എന്നാൽ നിങ്ങളുടെ കുടുംബത്തെ പരിപൂർണ്ണമായ സ്നേഹത്തോടെ സ്നേഹിക്കുന്നതും ഭൗമികമായ രീതിയിൽ അവരോട് ആസക്തരായിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. വാസ്തവത്തിൽ, ക്രിസ്തുവിന്റെ ഹൃദയത്തോടെ സ്നേഹിക്കണമെങ്കിൽ വിശുദ്ധമായ അനാസക്തി അനിവാര്യമാണ്. ജീവിതത്തിലെ നിങ്ങളുടെ ഏക അഭിലാഷമായി യേശുവിനെ സ്നേഹിക്കുന്നത് മറ്റുള്ളവരിലൂടെ അവിടുത്തെ അടുക്കലേക്ക് നിങ്ങളെ നയിക്കും. നിങ്ങളുടെ കുടുംബത്തിലും ഭൗമിക ജീവിതവിളിയുടെ എല്ലാ മേഖലകളിലും നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കും. എന്നാൽ ഈ പരിപൂർണ്ണമായ സ്നേഹത്തോടെ അവിടുത്തെ സ്നേഹിക്കുമ്പോൾ, എല്ലാവരോടുമുള്ള നിങ്ങളുടെ സ്നേഹം ക്രിസ്തുവിനോടുള്ള സ്നേഹമായിരിക്കും. അങ്ങനെ സംഭവിക്കുമ്പോൾ, മറ്റെല്ലാ ആസക്തികളും ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹമായി രൂപാന്തരപ്പെടും (കാണുക ഡയറി #1365).
ഈ ലോകത്തിൽ നിങ്ങൾ എന്തിനെയാണ് സ്നേഹിക്കുന്നത്? എന്തിനോടാണ് നിങ്ങൾക്ക് ആസക്തിയുള്ളത്? ഭൂമിയിൽ നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തിൽ നൽകിയ കുടുംബാംഗങ്ങളും മറ്റുള്ളവരും അവരിൽ ഉൾപ്പെടുന്നുണ്ടാകുമെന്ന് പ്രത്യാശിക്കാം. ഇനി ആ സ്നേഹബന്ധങ്ങളെ പരിശോധിച്ച് അവ ക്രിസ്തുവിൽ കേന്ദ്രീകൃതമാണോ എന്നു ചിന്തിക്കുക. അവരെ സ്നേഹിക്കുന്നതിലൂടെ നിങ്ങൾ യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കുകയാണോ? അതോ ഈ ഭൗമിക സ്നേഹബന്ധങ്ങൾ അവയിൽത്തന്നെ അവസാനിക്കുന്ന ലക്ഷ്യങ്ങളായി തുടരുകയാണോ? ദൈവസ്നേഹത്തെ നിങ്ങളുടെ ജീവിതത്തിന്റെ ഏക ശ്രദ്ധാകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തെക്കുറിച്ച് ധ്യാനിക്കുക. മറ്റെല്ലാ വ്യക്തികളിലും അവരിലൂടെയും, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ ദൈവത്തെ എങ്ങനെ സ്നേഹിക്കുന്നുവെന്ന് കണ്ടെത്താൻ ശ്രമിക്കുക.
എന്റെ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എല്ലാറ്റിലുമുപരിയായും എല്ലാറ്റിലും അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് എന്റെ സ്നേഹത്തിന്റെ ഒരേയൊരു ലക്ഷ്യമായിത്തീരണമേ. അങ്ങയുടെ എല്ലാ സൃഷ്ടികളിലും ഞാൻ അങ്ങയെ സ്നേഹിക്കുമ്പോൾ, അങ്ങയോട് കൂടുതൽ അടുക്കുവാനും അവരുടെ ജീവിതങ്ങളിൽ അങ്ങയുടെ പരിപൂർണ്ണമായ കരുണ സമൃദ്ധമായി പകരുവാനും എനിക്കിടയാകണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സെപ്റ്റംബർ 30 – പുരോഹിതനും വേദപാരംഗതനുമായ വിശുദ്ധ ജെറോമിന്റെ ഓർമ്മ
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുള്ള നൊവേന – ചെറുപുഷ്പം
ഒൻപതാം ദിവസം- സെപ്റ്റംബർ 30
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




