മലയാളം

വിചിന്തനം 329: ആനന്ദത്തോടെ കുമ്പസാരിക്കുന്നത്

ചിത്രത്തിന്റെ ഉറവിടം: Pixabay

വീഡിയോ

നിങ്ങൾ കുമ്പസാരത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?  മഹനീയമായ ഈ കൂദാശ നമ്മുടെ കർത്താവിന്റെ ആർദ്രമായ ഹൃദയത്തിൽനിന്നാണ് നിങ്ങൾക്കു നൽകപ്പെടുന്നത്.  മഹനീയമായ ഈ ദാനത്തിലൂടെ ഈശോ നിങ്ങൾ വഹിക്കുന്ന ഭാരങ്ങൾ നീക്കുന്നു; അങ്ങനെ അവിടുത്തെ കരുണയിൽ കൂടുതൽ പൂർണ്ണമായി പങ്കുചേരാൻ നിങ്ങൾക്കു കഴിയുന്നു.  ഇതു നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, പതിവായി കുമ്പസാരത്തിലേക്ക് ഓടിയെത്താൻ നിങ്ങൾക്കു യാതൊരു മടിയും ഉണ്ടാകുമായിരുന്നില്ല.  നിങ്ങളുടെ ദൈന്യത വെളിപ്പെടുത്തുന്നതുകൊണ്ടല്ല, മറിച്ച് അതിനെ സുഖപ്പെടുത്തുകയും എന്നേക്കുമായി നീക്കുകയും ചെയ്യുന്നതുകൊണ്ടായിരിക്കും നിങ്ങൾ കുമ്പസാരം ആഗ്രഹിക്കുക (കാണുക ഡയറി #1602).

അനുരഞ്ജന കൂദാശ എന്ന ദാനത്തോടുള്ള നിങ്ങളുടെ മനോഭാവം പരിശോധിക്കാൻ അല്പസമയം ചെലവഴിക്കാൻ ശ്രമിക്കുക.  നിങ്ങളുടെ ഉള്ളിൽ മടിയുണ്ടെന്നു കാണുന്നുവെങ്കിൽ, അതിന്റെ കാരണം പരിശോധിക്കുക.  സ്വന്തം പാപത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണോ അത്?  വൈദികനെ അഭിമുഖീകരിക്കാനുള്ള ഭയമാണോ?  ഭയം ഒരിക്കലും നിങ്ങളെ പിന്തിരിപ്പിക്കരുത്.  അന്തിമഫലത്തിലേക്കു ദൃഷ്ടി തിരിച്ച് നിങ്ങളുടെ എല്ലാ ഭയങ്ങളും വിട്ടുകളയുക.  ആ അന്തിമഫലം സ്വാതന്ത്ര്യവും ദൈവവുമായുള്ള ഐക്യവുമാണ്.  നിങ്ങൾക്ക് ആവശ്യമുള്ള കരുണയാണിത്; ഇതു സ്വീകരിച്ചതിൽ നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

കർത്താവേ, മഹനീയമായ ഈ കൂദാശയെക്കുറിച്ചുള്ള ഭയത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ.  അങ്ങയുടെ അനന്തമായ കരുണയിലേക്കു നോക്കിക്കൊണ്ടുമാത്രം എന്റെ പാപങ്ങളെ സത്യസന്ധമായി കാണാൻ എന്നെ സഹായിക്കണമേ.  ഈ കരുണയ്ക്കായുള്ള തീക്ഷ്ണമായ ആഗ്രഹവും അതു നൽകുന്ന സ്വാതന്ത്ര്യത്തിനായുള്ള ദാഹവും എന്റെ ഹൃദയത്തിൽ നൽകണമേ.  പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാല വിഭവങ്ങൾ

നവംബർ 25 – അലക്സാണ്ട്രിയായിലെ വിശുദ്ധ കത്രീന, കന്യകയും രക്തസാക്ഷിയും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ