മലയാളം

ധ്യാനം 328: സ്വർഗം

Nghia Le പകർത്തിയ ചിത്രം Unsplashൽ

വീഡിയോ

നമുക്കൊരിക്കലും ഗ്രഹിക്കാനാവുന്നതിലും അതീതമായ മഹത്വവും സാഫല്യവും നിറഞ്ഞ ജീവിതത്തിലേക്ക് സ്വർഗം നമ്മെ ക്ഷണിക്കുന്നു.  സ്വർഗത്തിൽപ്പോലും ദൈവത്തിന്റെയും അവിടുത്തെ കരുണയുടെയും മഹത്വപൂർണമായ രഹസ്യം നമുക്ക് പൂർണമായി ഗ്രഹിക്കാനാവില്ല.  മഹത്വവും കൃപയുംകൊണ്ട് പ്രകാശിക്കുന്ന വിശുദ്ധർ സ്വർഗത്തിൽനിന്ന് സ്നേഹത്തോടെ നമ്മെ നോക്കുന്നു; ദൈവത്തിന്റെ കരുണ നമ്മിൽ സമൃദ്ധമായി ചൊരിയാൻ അവർ ആഗ്രഹിക്കുന്നു.  ജീവിതത്തിലെ പ്രഥമവും ആത്യന്തികവുമായ ലക്ഷ്യമായി സ്വർഗത്തെ അന്വേഷിക്കുക.  ഈ ലക്ഷ്യം മനസ്സിൽവെച്ച് എല്ലാം ചെയ്യുക. അപ്പോൾ നിത്യത മുഴുവനിലേക്കുമായി നിങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപം നിങ്ങൾക്ക് പ്രത്യാശിക്കാനാവുന്നതിലും സമൃദ്ധമായിരിക്കും (കാണുക ഡയറി #1592).

ജീവിതത്തിലെ നിങ്ങളുടെ ഏക യഥാർഥ അഭിലാഷമായി സ്വർഗത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കാറുണ്ടോ?  ഇവിടെ ഭൂമിയിൽ അർപ്പിക്കുന്ന ഓരോ സ്നേഹപ്രവൃത്തിയും സ്വർഗത്തിൽ ഓർമ്മിക്കപ്പെടുകയും മഹത്വപ്പെടുത്തപ്പെടുകയും ചെയ്യും.  ഭൂമിയിൽ നാം ചെയ്യുന്നതെല്ലാം ഈ ലോകത്തിൽനിന്ന് നമ്മുടെ നിത്യഭവനത്തിലേക്കു കടന്നുപോകുന്ന മഹത്വപൂർണമായ ദിവസത്തിനുള്ള ഒരുക്കം മാത്രമായിരിക്കണം.  നിങ്ങളുടെ അഭിലാഷങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. സ്വർഗത്തിന്റെ മഹിമകൾക്ക് അവയിൽ പ്രഥമസ്ഥാനം ഇല്ലെങ്കിൽ, ആ വസ്തുത തിരിച്ചറിഞ്ഞ് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയും ഈ പരമമായ സമ്മാനത്തിൽ ദൃഷ്ടി ഉറപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യുക.  സ്വർഗത്തിന്റെ സൗന്ദര്യവും പ്രൗഢിയും നിങ്ങൾ നോക്കിക്കാണുമ്പോൾ, ജ്വലിക്കുന്ന അഭിലാഷത്തോടെ കർത്താവ് നിങ്ങളെ അതിലേക്ക് ആകർഷിക്കും.

കർത്താവേ, സ്വർഗത്തിന്റെ ആനന്ദനിർഭരമായ ആഹ്ലാദത്താൽ എന്റെ ഹൃദയം നിറയ്ക്കണമേ.  ഈ ലക്ഷ്യത്തിൽ എന്റെ ദൃഷ്ടി ഉറപ്പിക്കാനും ഈ ജീവിതത്തിൽ എല്ലാം ആ മധുരമായ കണ്ടുമുട്ടലിനുള്ള ഒരുക്കമായി ചെയ്യാനും എന്നെ സഹായിക്കണമേ.  പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; നാം പൂർണമായി ഒന്നുചേരുന്ന ദിവസത്തെക്കുറിച്ച് എനിക്ക് വലിയ പ്രത്യാശയുണ്ട്.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആഗമനകാല വിഭവങ്ങൾ

നവംബർ 24 – രക്തസാക്ഷികളായ വിശുദ്ധ ആൻഡ്രൂ ഡുങ്-ലാക് പുരോഹിതന്റെയും സഹചരരുടെയും ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ