മലയാളം

വിചിന്തനം 269: കരുണയിലേക്കും ദൈന്യതയിലേക്കുമുള്ള ഇരട്ടനോട്ടം

ഫ്രെഡറിക് ആർതർ ബ്രിഡ്ജ്മാൻ – പ്രാർത്ഥന [1877], കടപ്പാട്: , CC BY-NC-SA 2.0

വീഡിയോ

ഉറ്റുനോക്കാൻ രണ്ടു കാര്യങ്ങൾ തിരഞ്ഞെടുക്കാമെങ്കിൽ, അവ ഏതായിരിക്കും? വാസ്തവത്തിൽ, ഉറ്റുനോക്കാൻ ഏറ്റവും ശ്രേഷ്ഠമായ രണ്ടു കാര്യങ്ങൾ ദൈവകരുണയും നിങ്ങളുടെ സ്വന്തം ദൈന്യതയുമാണ്. ഉറ്റുനോക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ദൈവകരുണയാണെന്ന് മിക്കവാറും ഉടൻതന്നെ മനസ്സിലാകും. എന്നാൽ, സ്വന്തം ദൈന്യതയെ ഉറ്റുനോക്കുന്നതിലെ ജ്ഞാനം ഉടൻതന്നെ വ്യക്തമാകണമെന്നില്ല. ഇവയിൽ ഒന്നിനെ മാത്രം കാണുന്നതിൽ അപകടമുണ്ടെന്നാണ് നാം മനസ്സിലാക്കേണ്ടത്. നിങ്ങളുടെ ദൈന്യതയെ കാണാതെ ദൈവകരുണയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ആ കരുണ ഏറ്റവുമധികം ആവശ്യമുള്ള ജീവിതമേഖലകളിലേക്ക് അതിനെ ക്ഷണിക്കാൻ നിങ്ങൾക്കു കഴിയുകയില്ല. അതുപോലെ, ദൈവകരുണയെ കാണാതെ നിങ്ങളുടെ ദൈന്യതയെ മാത്രം ഉറ്റുനോക്കിയാൽ, നിങ്ങൾ നിരാശയിലേക്കു നയിക്കപ്പെടും. എല്ലാ പാപങ്ങൾക്കും മുറിവുകൾക്കും ആശയക്കുഴപ്പങ്ങൾക്കും പോരാട്ടങ്ങൾക്കും അതുപോലുള്ളവയ്ക്കും പരിഹാരമുണ്ടാകാനാണ് ദൈവകരുണ നൽകപ്പെടുന്നത്. നമ്മെ സൗഖ്യപ്പെടുത്താനും നമ്മുടെ ഭാരങ്ങൾ നീക്കാനും നമ്മുടെ കർത്താവ് അതിയായി ആഗ്രഹിക്കുന്നു. നിങ്ങളെ ഭാരപ്പെടുത്തുന്ന എല്ലാറ്റിനെയും അവിടുത്തെ കരുണ അഭിമുഖീകരിക്കാൻ അനുവദിക്കുക; അവിടുത്തെ കരുണ അതിന്റെ ലക്ഷ്യം കൈവരിക്കും (കാണുക: ഡയറി #1345).

ദൈവകരുണയെയും നിങ്ങളുടെ ഉള്ളിലെ ഭാരങ്ങളെയും ശാന്തമായി, ധ്യാനപൂർവം ഉറ്റുനോക്കാൻ അല്പസമയം കണ്ടെത്താൻ ശ്രമിക്കുക. ഇവ രണ്ടിനെയും നോക്കുമ്പോൾ, നിങ്ങളുടെ ആത്മാവിന്റെ വിശുദ്ധമന്ദിരത്തിൽ അവ കണ്ടുമുട്ടുന്നതായി സങ്കല്പിക്കാൻ ശ്രമിക്കുക. ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏതൊരു ദൈന്യതയോടും ദൈവകരുണ ഇഴുകിച്ചേരാൻ അനുവദിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ദൈവം ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ നിങ്ങൾ അവിടുത്തെ അനുവദിക്കുകയായിരിക്കും.

കർത്താവേ, എന്നോടു കരുണ കാണിച്ച് എന്നെ സൗഖ്യപ്പെടുത്തണമേ. അങ്ങയുടെ കരുണ അത്യന്തം ആവശ്യമുള്ള എന്റെ ജീവിതമേഖലകൾ കാണാൻ എന്നെ സഹായിക്കണമേ. അവ കാണുമ്പോൾ, കരുണയും കൃപയും ഒഴുകുന്ന അങ്ങയുടെ തിരുഹൃദയത്തിലും എന്റെ കണ്ണുകൾ പതിപ്പിക്കാൻ എന്നെ സഹായിക്കണമേ. ഈ നോട്ടത്തിൽ, അങ്ങയുടെ അനന്തമായ അനുകമ്പയും സ്നേഹവും ഞാൻ കണ്ടെത്തുകയും അങ്ങനെ എന്നെ ഭാരപ്പെടുത്തുന്ന എല്ലാറ്റിൽനിന്നും സൗഖ്യം പ്രാപിക്കുകയും ചെയ്യുമാറാകട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന – ചെറുപുഷ്പം
അഞ്ചാം ദിവസം – സെപ്റ്റംബർ 26

ഇന്നത്തെ വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ കോസ്മാസും ദമിയാനോസും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ