കുരിശു വഹിക്കുന്ന ക്രിസ്തു, വരച്ചത് ലോറെൻസോ ലോട്ടോ
നിങ്ങളുടെ ശക്തിക്കതീതമായ ഒരു കുരിശ് വഹിക്കാൻ കർത്താവ് നിങ്ങളെ ഒരിക്കലും അനുവദിക്കുകയില്ല എന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? വിശ്വസിക്കുന്നുവെങ്കിൽ, മുന്നിലുള്ള വഴിയിൽ ദൃഷ്ടിയുറപ്പിച്ച് ദൈവഹിതം നിറവേറ്റിക്കൊണ്ട് മുന്നേറാൻ ആ വിശ്വാസം നിങ്ങളെ സഹായിക്കണം. പോരാട്ടങ്ങൾ നിങ്ങളുടെ വഴിയിൽ വന്നാൽ, അവ എത്ര വലുതായാലും, ജീവിതത്തിൽ നിങ്ങൾ നേരിടുന്ന എല്ലാറ്റിലൂടെയും കർത്താവ് നിങ്ങളോടൊപ്പമുണ്ടെന്നും, ആവശ്യമെങ്കിൽ നിങ്ങളെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നുവെന്നും ഉറപ്പായി അറിയുക. കർത്താവിൽ ദൃഷ്ടിയുറപ്പിച്ചാൽ, അവിടുത്തെ കരുണയിൽനിന്നും പരിപൂർണ്ണമായ തിരുഹിതത്തിൽനിന്നും നിങ്ങളെ അകറ്റിനിർത്താൻ ഒന്നിനും കഴിയില്ല (കാണുക ഡയറി #1607).
കർത്താവ് നിങ്ങളുടെ മുമ്പിൽ ഒരുക്കിയിരിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന പാതയെക്കുറിച്ച് ധ്യാനിക്കുക. മറികടക്കാനാവാത്തത്ര വലുതായി നിങ്ങൾക്ക് തോന്നുന്ന തടസ്സങ്ങൾ എന്തൊക്കെയാണ്? അവ എന്തുതന്നെയായാലും, ധൈര്യത്തോടും നമ്മുടെ കർത്താവിലുള്ള സമ്പൂർണ്ണ വിശ്വാസത്തോടുംകൂടെ നിങ്ങൾ അവയെ നേരിടണം. ചില കാര്യങ്ങൾ എത്ര വേദനാജനകമായിരുന്നാലും, ഒന്നും ദൈവത്തിന്റെ കരുണയ്ക്ക് അതീതമല്ല. നിങ്ങൾ അനുവദിച്ചാൽ, നിങ്ങളുടെ മുമ്പിലുള്ള ദുർഘടമായ പാതയെ അവിടുന്ന് സുഗമമായ വഴിയാക്കി മാറ്റും.
കർത്താവേ, എന്നെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് അങ്ങ് എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ജീവിതത്തിൽ എന്തെങ്കിലും കഷ്ടത നേരിടുമ്പോൾ, അങ്ങയുടെ കൃപയിൽ കൂടുതൽ ആശ്രയിക്കാനുള്ള അവസരമായി അതിനെ കാണാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങ് എന്നെ വിളിക്കുന്നതെല്ലാം ചെയ്യാൻ എനിക്കു കഴിയുമെന്ന് ഞാൻ അറിയുന്നു. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന വഴിയിലൂടെ നടക്കാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആഗമനകാല പ്രാർഥനകളും വിചിന്തനങ്ങളും
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ അറിയിപ്പുകൾ ലഭിക്കട്ടെ.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




