“തോട്ടത്തിലെ പ്രാണവേദന” — ഫ്രാൻസ് ഷ്വാർട്സ് വരച്ച ചിത്രം
ചിലപ്പോൾ ദൈവം നമ്മെ പരീക്ഷണങ്ങൾക്ക് വിധേയരാക്കാറുണ്ട്. നമ്മെ ശക്തിപ്പെടുത്താനും അവിടുത്തോടുള്ള നമ്മുടെ സ്നേഹം ആഴപ്പെടുത്താനും സ്നേഹത്താലാണ് അവിടുന്ന് ഇങ്ങനെ ചെയ്യുന്നത്. നിങ്ങൾ ഒരു പരീക്ഷണമായി അനുഭവിക്കുന്നത് എന്താണെന്നു ചിന്തിക്കുക. അത് അവിടുന്നിൽനിന്നുള്ളതാണോ എന്നും ആ പരീക്ഷണത്തിലൂടെ എന്തു നന്മയാണ് അവിടുന്ന് ഉളവാക്കാൻ ആഗ്രഹിക്കുന്നതെന്നും ദൈവത്തോടു ചോദിക്കുക. പരീക്ഷണങ്ങൾക്ക് എല്ലായ്‌പ്പോഴും നമ്മെ കൂടുതൽ ശക്തരാക്കാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ ആന്തരികമായ ഒരു പ്രത്യേക പരീക്ഷണം നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, മറ്റേതൊരു സമയത്തെക്കാളും ഈ നിമിഷത്തിലാണ് അവിടുന്നിലുള്ള നിങ്ങളുടെ ആശ്രയം പുതുക്കാൻ ദൈവം ആഗ്രഹിക്കുന്നതെന്ന് അറിയുക. അങ്ങനെ ചെയ്യാൻ തോന്നുന്നില്ലെങ്കിലും അതു ചെയ്യുക. നമ്മുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും വളരുന്നതിനുള്ള ഏറ്റവും വലിയ അവസരമാണ് പരീക്ഷണങ്ങൾ (കാണുക: ഡയറി #24).
ഇപ്പോൾ നിങ്ങൾ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം എന്താണ്? അത് എന്തുതന്നെയായാലും, അതു തിരിച്ചറിയുക; ഈശോ അതു മനസ്സിലാക്കുന്നുവെന്ന് അറിയുക. ഈ നിമിഷത്തിൽ അവിടുന്ന് നിങ്ങളുടെ അടുത്തേക്ക് വരുന്നതും, നിങ്ങളോടൊപ്പവും നിങ്ങളിലുമായിരുന്നുകൊണ്ട് ഈ പരീക്ഷണത്തെ ഏറ്റെടുക്കുന്നതും ധ്യാനിക്കുക. അവിടുത്തെ ശക്തി പരിപൂർണ്ണമാണ്; എല്ലാ സാഹചര്യങ്ങളിലൂടെയും അവിടുന്ന് നിങ്ങളെ നയിക്കും. അതിലൂടെ അവിടുന്ന് നിങ്ങളെ കൂടുതൽ വിശ്വാസവും പ്രത്യാശയും സ്നേഹവുംകൊണ്ട് നിറയ്ക്കും.
കർത്താവേ, എന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ ഒരു കൃപയാണെന്ന് ഞാൻ അറിയുന്നു. അവ സഹിക്കുന്ന സമയത്ത് എനിക്ക് അങ്ങനെ തോന്നിയേക്കില്ല; എങ്കിലും അവ കൃപതന്നെയാണ്. പ്രത്യേകിച്ച് (നിങ്ങളുടെ ഇപ്പോഴത്തെ പ്രാർത്ഥനാനിയോഗം പറയുക) എന്ന കാര്യത്തിൽ എന്നെ സഹായിക്കണമേ. ഈ സാഹചര്യം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു; അങ്ങയുടെ പരിപൂർണ്ണമായ സ്നേഹത്തിനും ശക്തിക്കും ഞാൻ നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജനുവരി 27: വിശുദ്ധ ആഞ്ചല മെരീച്ചി, കന്യക—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




