മലയാളം

ധ്യാനചിന്ത 26: നിങ്ങളുടെ ആന്തരിക കുരിശിനെ ക്രിസ്തുവിനോട് ചേർത്തുവയ്ക്കുക

ചിത്രം: ഗെർഡ് ആൽട്ട്മാൻ (Pixabay-ൽ)

വീഡിയോ

നിങ്ങൾ ദൈവത്തോട് കൂടുതൽ അടുക്കുമ്പോൾ, ചില സമയങ്ങളിൽ പലവിധ വികാരങ്ങൾ അനുഭവപ്പെടാം.  ദൈവം തങ്ങളെ തള്ളിക്കളഞ്ഞുവെന്ന തോന്നൽ ചിലർക്കുണ്ടാകും.  ദൈവം ഒരിക്കലും നമ്മെ തള്ളിക്കളയുന്നില്ല; എങ്കിലും തള്ളിക്കളയപ്പെട്ടുവെന്ന ആന്തരിക അനുഭവം യഥാർഥമായിരിക്കാം.  ഇത് ചിലരെ നിരാശയിലേക്കു നയിക്കുന്നു.  ഇപ്പോഴോ ഭാവിയിലോ നിങ്ങൾ നിരാശയോട് മല്ലിടുന്നതായി അനുഭവപ്പെട്ടാൽ, ഭയപ്പെടരുത്; അതിനു കീഴടങ്ങുകയുമരുത്.  ആ അനുഭവത്തിൽ ദൈവം നിങ്ങളുടെ അടുത്തേക്കു വരാനും, അതിലൂടെ നിങ്ങൾ വേദനയോടെ കടന്നുപോകുമ്പോൾ നിങ്ങളോടൊപ്പം സന്നിഹിതനായിരിക്കാനും അനുവദിക്കുക (കാണുക ഡയറി #23).

ഇന്നും നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കു നോക്കിക്കൊണ്ടിരിക്കുക.  നിങ്ങൾ എന്താണ് കാണുന്നത്?  ഉള്ളിലേക്കു നോക്കുന്നത് വേദനാജനകമാണെങ്കിൽ, ഈ വേദന ദൈവത്തിലേക്കുള്ള ഒരു വഴിയാണെന്ന് അറിയുക.  അത് മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം; അത് പ്രയാസകരവുമായിരിക്കാം. എങ്കിലും പിതാവായ ദൈവം പുത്രനുവേണ്ടി തിരഞ്ഞെടുത്തത് കുരിശിന്റെ വഴിയാണ്.  ബാഹ്യമായും ആന്തരികമായും തന്റെ കുരിശിനെ സ്വീകരിച്ചുകൊണ്ട് ഈശോ മനുഷ്യസ്വഭാവത്തെ മുഴുവൻ തന്റെ ദൈവത്വത്തോട് ഐക്യപ്പെടുത്തി.  ഇന്ന് നിങ്ങളുടെ സഹനം നിങ്ങളുടെ വിശുദ്ധീകരണത്തിനുള്ള ഒരു മാർഗവും ദൈവത്തോടുള്ള നിങ്ങളുടെ ഐക്യത്തിന്റെ ഉറവിടവുമാകട്ടെ.

കർത്താവേ, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കു ഞാൻ തുടർന്നും നോക്കുമ്പോൾ, അങ്ങ് എന്നെ കാണുന്നതുപോലെ എന്നെത്തന്നെ കാണാൻ എന്നെ സഹായിക്കണമേ.  ഞാൻ പേറുന്ന ഏതൊരു വേദനയും സഹനവും ശരിയായി കൈകാര്യം ചെയ്യാൻ എന്നെ സഹായിക്കണമേ.  അങ്ങ് ചെയ്തതുപോലെതന്നെ, ആ ആന്തരിക വേദനയെ സ്വമനസ്സാലെ അങ്ങയുടെ കുരിശിനോടു ചേർത്തുവയ്ക്കാൻ എന്നെ സഹായിക്കണമേ.  ഈ പ്രവൃത്തിയിലൂടെ, അങ്ങ് ലോകത്തിനായി നേടിത്തന്ന ദൈവകരുണ കണ്ടെത്താൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജനുവരി 26: മെത്രാന്മാരായ വിശുദ്ധ തിമോത്തിയോസും തീത്തോസും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ