മലയാളം

വിചിന്തനം 150: മനുഷ്യരുടെ അഭിപ്രായങ്ങളുടെ കെണിയിൽപ്പെടാതിരിക്കുക

പീറ്റർ പോൾ റൂബൻസിന്റെ കപ്പപ്പണം

വീഡിയോ

മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നത് പ്രധാനമാണോ?  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ “അഭിപ്രായങ്ങളെക്കുറിച്ച്” നിങ്ങൾ ഉത്കണ്ഠപ്പെടേണ്ടതുണ്ടോ?  ഉണ്ട് എന്നും ഇല്ല എന്നും പറയാം.  സത്യമായ “അഭിപ്രായം” മാത്രമാണ് പ്രധാനമെന്ന അർഥത്തിൽ, നാം ഉത്കണ്ഠപ്പെടേണ്ടതില്ല.  ദൈവത്തിന്റെ മനസ്സിലുള്ളതാണ് സത്യം.  ആ സത്യം ഒരു അഭിപ്രായമല്ല, അത് സത്യം തന്നെയാണ്.  അതിനാൽ, ദൈവത്തിന്റെ മനസ്സിലുള്ളത് പ്രതിഫലിപ്പിക്കാത്ത അഭിപ്രായങ്ങളെക്കുറിച്ച് നാം ഉത്കണ്ഠപ്പെടേണ്ടതില്ല.  എന്നാൽ, മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹം സത്യത്തിലെത്താൻ അവരെ സഹായിക്കുന്നതിലേക്ക് നമ്മെ നയിക്കേണ്ടതിനാൽ, ആ അളവിൽ അവരുടെ അഭിപ്രായത്തെക്കുറിച്ച് നാം ശ്രദ്ധാലുക്കളായിരിക്കണം.  ചിലർ ദുശ്ശാഠ്യമുള്ളവരാണ്; എന്തുതന്നെയായാലും സത്യത്തെക്കാൾ സ്വന്തം അഭിപ്രായത്തിന് പ്രാധാന്യം നൽകി അതിൽ ഉറച്ചുനിൽക്കുന്നവരാണ് അവർ.  ഇത് നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്.  എന്നാൽ മറ്റുചിലർ തുറന്ന മനസ്സുള്ളവരാണ്. തുറന്ന മനസ്സും ഹൃദയവും നാം കാണുന്നുവെങ്കിൽ, അവരുടെ തെറ്റായ കാഴ്ചപ്പാടുകൾ ഉപേക്ഷിച്ച് ദൈവത്തിന്റെ മനസ്സിലുള്ളത് സ്വീകരിക്കാൻ അവരെ സഹായിക്കുന്നതിനായി ദൈവം നമ്മെ ഏതു വിധത്തിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവോ, അതിനോട് നാമും തുറവുള്ളവരായിരിക്കണം (കാണുക: ഡയറി #763).

മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നു, എന്തു പറയുന്നു എന്നതിനെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാനുള്ള നിങ്ങളുടെ പ്രവണതയെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുക.  ഇത് നിങ്ങളെ അനാരോഗ്യകരമായ രീതിയിൽ സ്വാധീനിക്കാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ?  നിങ്ങളുടെ തീരുമാനങ്ങളെയും ജീവിതത്തിലെ ശ്രദ്ധാകേന്ദ്രത്തെയും ബാധിക്കാൻ ഇതിനെ അനുവദിക്കുന്നുണ്ടോ?  സത്യം മാത്രമാണ് പ്രധാനം എന്ന് ഇന്ന് സ്വയം ഓർമിപ്പിക്കുക.  ദൈവത്തിന്റെ മനസ്സിലുള്ളത് എന്താണ്?  അതിനെക്കുറിച്ചാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്.  ആ സത്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത പുതുക്കുക; അപ്പോൾ നിങ്ങൾ അതിരറ്റ സ്വാതന്ത്ര്യം അനുഭവിക്കും.

കർത്താവേ, എല്ലാ സത്യത്തിന്റെയും ഏക ഉറവിടമായ അങ്ങയിലേക്കു ഞാൻ തിരിയുന്നു.  അങ്ങയുടെ മനസ്സിലുള്ളത് മാത്രം അറിയാനും വിശ്വസിക്കാനും ഞാൻ ആഗ്രഹിക്കുന്നു.  ലോകത്തിന്റെ എല്ലാ അഭിപ്രായങ്ങളെക്കാളും ഞാൻ ഈ സത്യം തിരഞ്ഞെടുക്കുന്നു. അങ്ങ് വെളിപ്പെടുത്തുന്നത് മാത്രം സ്വീകരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, എന്റെ സ്വന്തം അഭിപ്രായങ്ങൾ ഉപേക്ഷിക്കാനും ഞാൻ തീരുമാനിക്കുന്നു.  എപ്പോഴും സത്യത്തിൽ ജീവിക്കാനുള്ള കൃപ എനിക്കു നൽകണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ