മലയാളം

വിചിന്തനം 40: നമ്മുടെ കർത്താവിന്റെ ഹൃദയത്തിലേക്കു പ്രവേശിക്കൽ

മാസ്സിമോ സ്റ്റാൻസിയോണെ, CC0, Wikimedia Commons വഴി

വീഡിയോ

ഒരു പൊടിത്തരിയോ മണൽത്തരിയോ മിക്ക സാഹചര്യങ്ങളിലും അത്ര പ്രാധാന്യമുള്ളതല്ല. മുറ്റത്തോ വീടിന്റെ തറയിൽപ്പോലുമോ കിടക്കുന്ന ഒരു പൊടിത്തരിയോ മണൽത്തരിയോ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇവയിലേതെങ്കിലും കണ്ണിൽ വീണാൽ, ആ മണൽത്തരിയോ പൊടിത്തരിയോ ഉടൻതന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടും. എന്തുകൊണ്ട്? കണ്ണിന്റെ സംവേദനക്ഷമത നിമിത്തം. നമ്മുടെ കർത്താവിന്റെ ഹൃദയവും അങ്ങനെതന്നെയാണ്. നമ്മുടെ ഏറ്റവും ചെറിയ പാപങ്ങൾപോലും അവിടുന്ന് ശ്രദ്ധിക്കുന്നു. പലപ്പോഴും നമ്മുടെ ഏറ്റവും ഗുരുതരമായ പാപങ്ങൾപോലും നാം കാണാതെപോകുന്നു; എന്നാൽ നമ്മുടെ കർത്താവ് എല്ലാം കാണുന്നു. ദൈവകരുണ നിറഞ്ഞ അവിടുത്തെ ഹൃദയത്തിലേക്കു പ്രവേശിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ ആത്മാവിലെ പാപത്തിന്റെ ഏറ്റവും ചെറിയ കണികയിൽപ്പോലും അവിടുത്തെ കരുണയുടെ കിരണങ്ങൾ പ്രകാശിക്കാൻ നാം അനുവദിക്കണം. സൗമ്യതയോടും സ്നേഹത്തോടുംകൂടി അവിടുന്ന് അതു ചെയ്യും. അവിടുത്തെ കരുണ ഉള്ളിലേക്കു കടന്നുവരാൻ നാം അനുവദിച്ചാൽ, നമ്മുടെ പാപങ്ങളുടെ, ഏറ്റവും ചെറിയവയുടെപോലും, ഫലങ്ങൾ കാണാനും അനുഭവിച്ചറിയാനും അവിടുന്ന് നമ്മെ സഹായിക്കും (കാണുക ഡയറി #71).

ഇന്ന് നിങ്ങളുടെ ആത്മാവിലേക്കു നോക്കി, ഏറ്റവും ചെറിയ പാപത്തെക്കുറിച്ചുപോലും നിങ്ങൾ എത്രമാത്രം ബോധവാനാണെന്ന് സ്വയം ചോദിക്കുക. അവിടുത്തെ കരുണ നിങ്ങളുടെ ഉള്ളിൽ പ്രകാശിച്ച്, അവിടെയുള്ളതെല്ലാം വെളിപ്പെടുത്താൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? ഈശോ വളരെ വ്യക്തമായി കാണുന്ന കാര്യങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തിത്തരാൻ അവിടുത്തെ അനുവദിക്കുമ്പോൾ, അത് ആനന്ദകരമായ ഒരു കണ്ടെത്തലായിരിക്കും.

കർത്താവേ, എന്റെ ഉള്ളിലുള്ളതെല്ലാം അങ്ങ് കാണുന്നതുപോലെ എനിക്കും കാണാൻ കഴിയുമാറ് അങ്ങയുടെ ദൈവകരുണ എന്റെ ആത്മാവിനെ നിറയ്ക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. സൗമ്യതയും അനുകമ്പയും നിറഞ്ഞ അങ്ങയുടെ ഹൃദയത്തിനും, എന്റെ ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യത്തിൽപ്പോലും അങ്ങ് ശ്രദ്ധ ചെലുത്തുന്നതിനും നന്ദി. ഞാൻ ജയിക്കേണ്ട ഏറ്റവും ചെറിയ പാപങ്ങൾപോലും അങ്ങ് ശ്രദ്ധിക്കുന്നതിനും നന്ദി. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ