പെറുവിലെ മരുഭൂമിയിലെ മണൽക്കൂനകൾ
വീഡിയോ
ലോകത്തിലെ ഓരോ മണൽത്തരിയും എണ്ണാനുള്ള ദൗത്യം നിങ്ങളെ ഏൽപ്പിച്ചുവെന്ന് സങ്കൽപ്പിക്കുക. അത് അസാധ്യമായ ഒരു ദൗത്യമായിരിക്കുമെന്ന് വ്യക്തമാണല്ലോ. വാസ്തവത്തിൽ, ലോകത്തിലെ എല്ലാ മനുഷ്യരും ഒന്നിച്ചുശ്രമിച്ചാലും അത്തരമൊരു ദൗത്യം പൂർത്തിയാക്കാൻ കഴിയില്ല. ചില കാര്യങ്ങൾ നമ്മുടെ കഴിവുകൾക്ക് അതീതമാണ്. ഇതിലും പ്രയാസകരമായ മറ്റൊരു ദൗത്യമാണ് ദൈവത്തിന്റെ കരുണ പൂർണമായി ഗ്രഹിക്കുക എന്നത്. ഇത് അസാധ്യമാണ്. ദൈവത്തിന്റെ കരുണ നമ്മുടെ ഗ്രഹണശക്തിക്ക് തികച്ചും അതീതമാണ്. അതിന്റെ ആഴവും പരപ്പും അനന്തമാണ്. നിങ്ങളുടെ ജീവിതം മുഴുവൻ ദൈവകരുണയെക്കുറിച്ച് ധ്യാനിക്കുകയും അത് അനുഭവിക്കുകയും ചെയ്താലും, അതിന്റെ ഉപരിതലത്തിനുള്ളിലേക്ക് കടക്കാൻ നിങ്ങൾ തുടങ്ങിയിട്ടേ ഉണ്ടാകൂ. വാസ്തവത്തിൽ, സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിയും നിത്യത മുഴുവൻ ദൈവകരുണയെക്കുറിച്ച് ധ്യാനിച്ചാലും, നമ്മുടെ എല്ലാവരുടെയും കൂട്ടായ പരിശ്രമംപോലും അതിനെ ഗ്രഹിക്കാൻ മതിയാകുകയില്ല. ദൈവത്തിന്റെ കരുണ അനന്തമാണെന്ന തിരിച്ചറിവ്, നമ്മുടെ പോരാട്ടം എന്തായിരുന്നാലും നമ്മുടെ പാപം എന്തായിരുന്നാലും, ആത്മാവിന്റെ സർവശക്തികളോടുംകൂടെ അവിടുന്നിൽ ആശ്രയിച്ചുകൊണ്ട് അവിടുത്തെ പക്കലേക്കു തിരിയാൻ നമ്മെ പ്രാപ്തരാക്കും (കാണുക ഡയറി #1059).
ദൈവത്തിന്റെ കരുണ ഗ്രഹിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ഈ അനന്തമായ ദാനം നിങ്ങൾക്ക് ഒരിക്കലും പൂർണമായി ഗ്രഹിക്കാൻ കഴിയില്ലെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? നമ്മുടെ കർത്താവിൽ ആശ്രയിക്കണമെങ്കിൽ, ദൈവത്തെ ധ്യാനിക്കുന്ന ഈ അസാധ്യദൗത്യം നിങ്ങൾ ആരംഭിക്കണം. സ്വർഗത്തിൽ നിത്യകാലവും നിങ്ങൾ ചെയ്യാനിരിക്കുന്നത് അതുതന്നെയാണ്. നിങ്ങളുടെ സ്വർഗജീവിതം ഇപ്പോൾത്തന്നെ ആരംഭിക്കണം. അങ്ങനെ ചെയ്യുന്നത് കർത്താവിൽ ആശ്രയിക്കാനുള്ള നിങ്ങളുടെ കഴിവിനെ ആഴപ്പെടുത്തും; ആ ആശ്രയബോധം സ്വയം സമർപ്പിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. കാത്തിരിക്കരുത്; മഹത്തായ ഈ ദൗത്യം ഇന്നുതന്നെ ആരംഭിക്കുക.
കരുണയുടെ കർത്താവേ, അങ്ങയുടെ സ്നേഹം അനന്തമായിരിക്കുന്നതിനും അഗാധമായ ഈ രഹസ്യത്തിലേക്കുള്ള എന്റെ യാത്ര ആരംഭിക്കാൻ എന്നെ വിളിക്കുന്നതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ കരുണയിൽ ആഴ്ന്നിറങ്ങാൻ തുടങ്ങുന്നതിനും, അതുവഴി ഇന്ന് അങ്ങയിലുള്ള എന്റെ ആശ്രയം കൂടുതൽ ആഴപ്പെടുത്തുന്നതിനുമായി എന്റെ കണ്ണുകൾ തുറക്കാൻ എനിക്കു കൃപ നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 22 – വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




