മലയാളം

ധ്യാനചിന്ത 175:  ജീവിതത്തിലെ ചെറിയ കാര്യങ്ങളിലാണ് സ്നേഹം കണ്ടെത്തുന്നത്

കിണറ്റിനരികിൽ ഈശോയും സമരിയാക്കാരി സ്ത്രീയും രചന: Lawrence OP, അനുമതി CC BY-NC-ND 2.0.

വീഡിയോ

നിങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും വിശ്വാസത്തോടെ പങ്കുവയ്ക്കാൻ കഴിയുന്ന ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നത് എത്ര മനോഹരമാണ്!  മറ്റുള്ളവരെ അറിയാനും മറ്റുള്ളവർ നമ്മെ അറിയാനും നാം ആഗ്രഹിക്കുന്നു.  ഏറ്റവും ചെറിയൊരു ബുദ്ധിമുട്ടുപോലും തുറന്നുപറയാനോ ഏറ്റവും ചെറിയൊരു സന്തോഷം പ്രകടിപ്പിക്കാനോ കഴിയുന്ന ഒരാളെ കണ്ടെത്തുമ്പോൾ, നിങ്ങൾ ഒരു യഥാർഥ സുഹൃത്തിനെ കണ്ടെത്തിയിരിക്കുന്നു.  നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു.  ഓരോ ചെറിയ കാര്യവും പങ്കുവയ്ക്കുന്ന ഒരു ബന്ധം അവിടുത്തോടു വളർത്തിയെടുക്കാൻ നിങ്ങൾ പരിശ്രമിക്കണം.  അവിടുന്ന് എല്ലാം അറിയുന്നു; നിങ്ങൾ നിങ്ങളെത്തന്നെ അറിയുന്നതിനെക്കാൾ നന്നായി അവിടുന്ന് നിങ്ങളെ അറിയുന്നു.  എന്നാൽ, അവിടുത്തെ മുമ്പിൽ ഹൃദയം തുറക്കുന്നതിൽനിന്ന് ഇത് നിങ്ങളെ തടയരുത്.  നിങ്ങളുടെ ഉള്ളിലെ ഏറ്റവും ചെറിയ ആശങ്കകൾപോലും അവിടുത്തോടു പറയുകയും ഏറ്റവും ചെറിയ സന്തോഷങ്ങളിൽപ്പോലും അവിടുത്തോടൊപ്പം ആനന്ദിക്കുകയും വേണം.  ജീവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കുന്നത് അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു (കാണുക ഡയറി #921).

ദൈവത്തോടു സംസാരിക്കുമ്പോൾ നിങ്ങൾ സത്യസന്ധരാണോ?  നിങ്ങൾ അവിടുത്തെ വിശ്വസിക്കുന്നുണ്ടോ?  നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും അവിടുത്തെ മുമ്പിൽ തുറന്നുവച്ച് അവിടുത്തെ സാന്നിധ്യത്തിൽ അവയെ അഭിമുഖീകരിക്കുന്നുണ്ടോ?  കർത്താവിന് എല്ലാം അറിയാം; എങ്കിലും പ്രാർഥനയിൽ നിങ്ങളിൽനിന്നുതന്നെ അവ കേൾക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.  ഇന്ന് അവിടുത്തോടു സംസാരിക്കുക.  ഏറ്റവും ചെറിയ ആശങ്കയോ നിസ്സാരമെന്നു തോന്നുന്ന സന്തോഷമോ പങ്കുവയ്ക്കാൻ നിങ്ങൾ എത്ര കൂടെക്കൂടെ അവിടുത്തെ സമീപിക്കുന്നുവെന്ന് ചിന്തിക്കുക.  ജീവിതത്തിലെ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമായി അവിടുത്തോടു സംസാരിച്ചുകൊണ്ട് ഇന്ന് അവിടുത്തെ സന്തോഷിപ്പിക്കുക.

കർത്താവേ, അങ്ങ് എല്ലാം അറിയുന്നു; അങ്ങ് എന്നെ പൂർണമായും അറിയുന്നു.  ഈ സത്യം തിരിച്ചറിയുന്ന എനിക്ക്, അങ്ങയോട് എപ്പോഴും തികച്ചും സത്യസന്ധമായിരിക്കാൻ സഹായമേകണമേ.  എന്റെ പ്രാർഥന എപ്പോഴും എന്റെ ഹൃദയത്തിലെ സത്യം പ്രതിഫലിപ്പിക്കാൻ സഹായിക്കണമേ.  എന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തെക്കുറിച്ചും അങ്ങയോടു സംസാരിക്കുമ്പോൾ, അതിലേക്ക് കടന്നുവരാനും സഹായിക്കാനും സുഖപ്പെടുത്താനും അങ്ങ് വെളിപ്പെടുത്തുന്ന എല്ലാറ്റിലും ആനന്ദിക്കാനും ഞാൻ അങ്ങയെ അനുവദിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂൺ 24 – വിശുദ്ധ സ്നാപക യോഹന്നാന്റെ ജനനത്തിന്റെ മഹോത്സവം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ