ചിത്രം: Pixabay
വീഡിയോ
സായാഹ്നത്തിൽ ആകാശം വർണശോഭയാൽ തിളങ്ങുമ്പോൾ, വിശാലമായ സമുദ്രത്തിനുമീതെ പ്രകാശം ചൊരിയുന്ന, സങ്കൽപ്പിക്കാവുന്നതിൽവച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമയത്തെക്കുറിച്ച് ചിന്തിക്കുക. അല്ലെങ്കിൽ തെളിഞ്ഞ നീലാകാശത്തെ തുളച്ചുയരുന്ന പ്രൗഢമായ പർവതശിഖരങ്ങളെക്കുറിച്ചോ, ഉയരങ്ങളിൽനിന്ന് കുത്തിയൊഴുകുന്ന ശക്തമായ ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചോ ചിന്തിക്കുക. സൃഷ്ടിയിലെ ഈ ദാനങ്ങളെല്ലാം മഹിമയാർന്നവയും മനോഹരവും ശ്വാസമടക്കിപ്പിടിച്ചുപോകുംവിധം വിസ്മയകരവുമാണ്. എന്നാൽ അവയൊന്നും ദൈവത്തിന്റെ കരുണയുടെ മഹിമയോടും പ്രൗഢമായ തേജസ്സിനോടും താരതമ്യപ്പെടുത്താനാവില്ല (കാണുക ഡയറി #158).
ദൈവത്തിന്റെ കരുണയെ ശരിയായി തിരിച്ചറിയുമ്പോൾ, ശ്വാസമടക്കിപ്പിടിച്ചുപോകുന്നതിലും അപ്പുറമുള്ള വിസ്മയം നമുക്കുണ്ടാകും. നമ്മോടുള്ള അവിടുത്തെ പൂർണവും ഒരിക്കലും പരാജയപ്പെടാത്തതുമായ സ്നേഹത്തിനുമുന്നിൽ നാം വിസ്മയഭരിതരായി നിൽക്കും. എന്നാൽ ചിലപ്പോൾ അവിടുത്തെ കരുണയെ അതിന്റെ യഥാർഥ സ്വഭാവത്തിൽ കാണാൻ നമുക്കു കഴിയുന്നില്ല. ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം അനുഭവത്തെപ്പറ്റി ഇന്ന് വിചിന്തനം ചെയ്യുക. അവിടുന്ന് ആരാണെന്ന് പൂർണമായി നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ ആത്മാവിനുള്ളിൽ അവിടുത്തെ കരുണ അതിശക്തമായി അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ, അവിടുത്തെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് സമയം ചെലവഴിക്കുക. അവിടുത്തെ മുമ്പിൽ സ്വയം എളിമപ്പെടുകയും നിങ്ങളോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തെ മറയ്ക്കുന്ന തിരശ്ശീല നീക്കിത്തരണമേ എന്ന് അപേക്ഷിക്കുകയും ചെയ്യുക.
കർത്താവേ, എനിക്കു സങ്കൽപ്പിക്കാവുന്നതിലും അപ്പുറം അങ്ങ് കരുണയുള്ളവനാണെന്ന് ഞാൻ അറിയുന്നു. എന്നാൽ അങ്ങയെയും അങ്ങയുടെ വഴികളെയും എനിക്കു മനസ്സിലാകാത്ത അനേകം സന്ദർഭങ്ങളുണ്ട്. ഞാൻ അകന്നുപോയതായും വഴിതെറ്റിയതായും എനിക്കു തോന്നുന്നു. അങ്ങയുടെ സ്നേഹം അറിയാൻ എന്നെ സഹായിക്കണമേ. അങ്ങ് ആരാണെന്നതിന്റെ തേജസ്സും സൗന്ദര്യവും കാണാൻ എന്നെ സഹായിക്കണമേ. അങ്ങയെ കണ്ടെത്തുമ്പോൾ, അങ്ങയോടുള്ള ജ്വലിക്കുന്ന സ്നേഹത്തിലേക്ക് ആകർഷിക്കപ്പെടാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദിവസേനയുള്ള സുവിശേഷ വിചിന്തനങ്ങളും ദൈവകരുണയെക്കുറിച്ചുള്ള വിചിന്തനങ്ങളും ഇമെയിൽ വഴി സ്വീകരിക്കൂ!
ആറാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




