ലിൻ ഗ്രേലിങ്ങിന്റെ “സൂര്യപ്രകാശത്തിലെ പ്രഭാതപുഷ്പം”
വീഡിയോ
എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു പരമമായ ലക്ഷ്യത്തിനുവേണ്ടിയാണ്: പരിശുദ്ധ ത്രിത്വത്തിന് സ്തുതിയും മഹത്വവും അർപ്പിക്കുക. ഈ ലക്ഷ്യത്തിനുവേണ്ടിയല്ലാതെ, ഇതിൽ കൂടുതലോ കുറവോ ആയ മറ്റൊന്നിനും വേണ്ടിയല്ല നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരായ നാം, ദൈവത്തോട് പൂർണ്ണമായ പ്രതിബദ്ധത പുലർത്തുകയും അവിടുത്തേക്ക് പൂർണ്ണമായി സമർപ്പിക്കുകയും ചെയ്ത ജീവിതങ്ങളിലൂടെ നമ്മുടെ ആരാധനയുടെ സവിശേഷമായ സ്തുതിയും മഹത്വവും അവിടുത്തേക്ക് അർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈ സമർപ്പണവും നമ്മുടെ മനസ്സും ഇച്ഛാശക്തിയും അവിടുത്തേക്ക് പൂർണ്ണമായി വിധേയപ്പെടുത്തുന്നതും അവിടുത്തെ നാമത്തിനു ചേരുന്ന സ്തുതി ദൈവത്തിന് അർപ്പിക്കുന്നു. എന്നാൽ സൃഷ്ടി മുഴുവൻ ദൈവത്തിന്റെ മഹത്വത്തിൽ പങ്കുചേരുന്നു; കാരണം, സൃഷ്ടി മുഴുവൻ അവിടുത്തെ പരിപൂർണ്ണമായ ക്രമത്തെയും വിശേഷിച്ച് അവിടുത്തെ പരിപൂർണ്ണമായ കരുണയെയും പ്രതിഫലിപ്പിക്കുന്നു. ഉദാഹരണത്തിന്, ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ ജീവികളെയും ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിൽ ദൈവം പ്രകടമാക്കുന്ന പരിപാലനം അവിടുത്തെ മഹത്വം വെളിപ്പെടുത്തുന്നു; അവയുടെ നിലനിൽപ്പുതന്നെ അവിടുത്തേക്ക് മഹത്വം നൽകുന്നു. നാം ഇതു കാണുകയും ഇതിൽ ആനന്ദിക്കുകയും സകലതിനെയും നിലനിർത്തുന്ന അവിടുത്തെ കരുണയെപ്രതി ദൈവത്തിനു മഹത്വം നൽകുകയും വേണം (കാണുക: ഡയറി #1005).
സൃഷ്ടിയിൽ മുഴുവൻ പ്രകടമാകുന്ന ദൈവകരുണയെ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നമ്മുടെ പാപങ്ങളുടെ ക്ഷമയിലൂടെയും തന്റെ ജീവനിൽ പങ്കുചേരാനുള്ള അവിടുത്തെ ക്ഷണത്തിലൂടെയും നമുക്കു ലഭിക്കുന്ന ദൈവകരുണയെ തിരിച്ചറിയാൻ കൂടുതൽ എളുപ്പമായിരിക്കാം. എന്നാൽ സൃഷ്ടിയുടെ പരിപൂർണ്ണമായ ക്രമവും നാം കാണണം; ആ ക്രമത്തിൽ, സൃഷ്ടിക്കായുള്ള അവിടുത്തെ പരിപാലനം മഹത്തായ കരുണയുടെ പ്രവൃത്തിയാണെന്നും തിരിച്ചറിയണം. ഇന്ന് സൃഷ്ടിയെക്കുറിച്ച് ധ്യാനിക്കുക. പൂക്കളെയും തേനീച്ചകളെയും മൃഗങ്ങളെയും ഭൗതികലോകത്തിന്റെ രൂപകൽപ്പനയിലെ എല്ലാ സൂക്ഷ്മാംശങ്ങളെയും കുറിച്ച് ചിന്തിക്കുക. അത് യഥാർത്ഥത്തിൽ വിസ്മയകരവും നിഗൂഢവുമാണ്; പരിപൂർണ്ണ ജ്ഞാനവും സ്നേഹവുമുള്ള ദൈവത്തെ അതു വെളിപ്പെടുത്തുന്നു. സൃഷ്ടി ദൈവകരുണയുടെ ശക്തമായ വെളിപ്പെടുത്തലാണ്.
കർത്താവേ, ഈ ലോകത്തിൽ അങ്ങ് ചെയ്ത എല്ലാറ്റിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഈ ലോകത്തെ രൂപകൽപ്പന ചെയ്തതിനും സൃഷ്ടിച്ചതിനും അങ്ങയുടെ പരിപാലനത്തിനനുസൃതമായി അതിലുള്ള സകലതിനെയും നിലനിർത്തുന്നതിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് സൃഷ്ടിച്ച എല്ലാറ്റിലും അങ്ങയുടെ കരുണാമയമായ ഹൃദയം ഞാൻ കണ്ടെത്തുകയും ഈ ദാനത്തിലൂടെ അങ്ങയോടുള്ള വിസ്മയാദരവിൽ വളരുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 9 – രക്തസാക്ഷികളായ വിശുദ്ധ അഗസ്റ്റിൻ ഷാവോ റോങ്ങും സഹചാരികളും
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




