ദിവ്യകാരുണ്യം യഥാർത്ഥത്തിൽ പരിശുദ്ധമാണ്. നാം അതിനെ വണങ്ങുകയും അങ്ങേയറ്റം ആദരവോടെ സമീപിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവിനെ നാം ഒരിക്കലും വലിച്ചെറിയുകയോ തറയിലോ ആദരവിനു നിരക്കാത്ത ഏതെങ്കിലും സ്ഥലത്തോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. എന്നിട്ടും, തിരുവോസ്തിയിൽ സന്നിഹിതനായ ഈശോയോടു കാണിക്കുന്ന അതേ ആദരവോടെ മറ്റുള്ളവരോട് പെരുമാറുന്നതിൽ നാം പലപ്പോഴും വീഴ്ച വരുത്തുന്നു (കാണുക ഡയറി #285).
ഓരോ വ്യക്തിയും ഒരു സക്രാരിയാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഓരോ വ്യക്തിയും ദൈവത്തിന്റെ പ്രതിച്ഛായയാണ്; നമുക്കു സങ്കൽപ്പിക്കാനാവുന്നതിലുമപ്പുറം അമൂല്യനും പവിത്രനുമാണ്. എല്ലാവരെയും നാം ഈ വിധത്തിൽ കാണുകയും അങ്ങേയറ്റം ആദരവോടും ബഹുമാനത്തോടും കൂടി അവരോട് പെരുമാറാൻ പരിശ്രമിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ, നമുക്ക് ഒരിക്കലും മനസ്സിലാക്കാനാവുന്നതിലുമധികമായി നാം നമ്മുടെ ദിവ്യനാഥനെ ആദരിക്കുന്നു. ഇന്ന് നിങ്ങൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നു വിചിന്തനം ചെയ്യുക. തിരുവോസ്തിയിലുള്ള നമ്മുടെ കർത്താവിനോടു കാണിക്കുന്ന അതേ സ്നേഹത്തോടും ആദരവോടും കൂടിയാണോ നിങ്ങൾ അവരോട് പെരുമാറുന്നതെന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരിലും ഈശോയുടെ ദിവ്യസാന്നിധ്യം കാണാൻ നിങ്ങളെ സഹായിക്കണമെന്ന് അവിടുത്തോട് അപേക്ഷിക്കുക.
കർത്താവേ, എല്ലാ മനുഷ്യരിലും ഞാൻ അങ്ങയെ എപ്പോഴും സ്നേഹിക്കട്ടെ. ഓരോ ആത്മാവിലും അങ്ങയെ കാണാനും അവരിലുള്ള അങ്ങയുടെ ദിവ്യസാന്നിധ്യത്തെ ആദരിക്കാനും എനിക്കാകട്ടെ. കർത്താവേ, ഓരോ സൃഷ്ടിയുടെയും ഹൃദയത്തിൽ അങ്ങ് ജീവിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ കണ്ടുമുട്ടുന്ന എല്ലാവരിലും അങ്ങയുടെ ദിവ്യസാന്നിധ്യം കണ്ടെത്തുമ്പോൾ അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിമൂന്നാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻചുവട്ടിൽ 40 ദിനങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





