നല്ല സമരിയാക്കാരൻ. മീസ്റ്റർ വാൻ ദ ബാർംഹാർട്ടിഗെ സമരിറ്റാൻ രചിച്ചത്
“സഹതാപവും” “അനുകമ്പയും” തമ്മിൽ വ്യത്യാസമുണ്ടോ? ഉണ്ടെങ്കിൽ, എന്താണ് ആ വ്യത്യാസം? ഇവയിൽ ഏതാണ് കൂടുതൽ അഭിലഷണീയം? സഹതാപം എന്നതുകൊണ്ട് അർഥമാക്കുന്നത് മറ്റൊരാളെയോർത്ത് നമുക്കു വിഷമം തോന്നുന്നു എന്നുമാത്രമാണ്. ഒരർഥത്തിൽ, നമുക്ക് അവരോട് അലിവു തോന്നുന്നു എന്നാണത്. എന്നാൽ അനുകമ്പ അതിലും വളരെ ആഴമുള്ളതാണ്. അതിനർഥം നാം അവരുടെ സഹനങ്ങളിൽ പങ്കുചേരുകയും അവരോടൊപ്പം അവരുടെ ഭാരം വഹിക്കുകയും ചെയ്യുന്നു എന്നാണ്. നമ്മുടെ കർത്താവ് നമ്മോടൊപ്പവും നമുക്കുവേണ്ടിയും സഹിച്ചതുപോലെ, നാമും അവരോടൊപ്പം സഹിക്കുന്നു എന്നാണതിനർഥം. മറ്റുള്ളവരോട് യഥാർഥമായ അനുകമ്പ പുലർത്താനും, നമ്മോട് അനുകമ്പ പുലർത്താൻ അവരെ ക്ഷണിക്കാനും മാത്രമേ നാം ശ്രമിക്കാവൂ (കാണുക ഡയറി #279).
നിങ്ങൾ ഇത് എത്ര നന്നായി ചെയ്യുന്നുണ്ട്? യഥാർഥമായ അനുകമ്പ നിങ്ങൾ എത്രത്തോളം പ്രകടിപ്പിക്കുന്നുണ്ട്? മറ്റുള്ളവരുടെ വേദന കണ്ട്, ക്രിസ്തുവിൽ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർക്ക് തുണയാകാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? നിങ്ങൾ സഹിക്കുമ്പോൾ, മറ്റുള്ളവരുടെ അനുകമ്പ നിങ്ങളുടെ ആത്മാവിൽ നിറഞ്ഞൊഴുകാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? അവരിലൂടെ ദൈവത്തിന്റെ കരുണ നിങ്ങളിലേക്കെത്താൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? അതോ സ്വയം സഹതപിക്കുന്നതിന്റെ കെണിയിൽ വീണുപോകാൻ സ്വയം അനുവദിച്ചുകൊണ്ട്, മറ്റുള്ളവരിൽനിന്ന് സഹതാപം മാത്രം തേടുകയാണോ നിങ്ങൾ ചെയ്യുന്നത്? ഈ രണ്ടു മനോഭാവങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. എല്ലാവരോടും യഥാർഥമായ അനുകമ്പ പുലർത്തുന്ന ഒരു ഹൃദയമായി നിങ്ങളുടെ ഹൃദയത്തെ മാറ്റണമേ എന്ന് നമ്മുടെ കർത്താവിനോട് അപേക്ഷിക്കുക.
കർത്താവേ, കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയം എനിക്കു നൽകണമേ. മറ്റുള്ളവരുടെ ആവശ്യങ്ങളിൽ ശ്രദ്ധയുള്ളവനായിരിക്കാനും അങ്ങയുടെ തന്നെ ദിവ്യഹൃദയത്തോടെ അവരുടെ അടുക്കലേക്കു ചെല്ലാനും എന്നെ സഹായിക്കണമേ. ആവശ്യത്തിലായിരിക്കുന്ന എല്ലാവരിലേക്കും അങ്ങയുടെ സൗഖ്യദായകമായ കൃപ എത്തിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുമാറാകട്ടെ. എന്നോടുതന്നെയുള്ള സഹതാപത്തിൽ ഞാൻ ഒരിക്കലും മുഴുകിപ്പോകാതിരിക്കട്ടെ; മറ്റുള്ളവരിൽനിന്ന് ആ സഹതാപം തേടാതിരിക്കട്ടെ. മറിച്ച്, മറ്റുള്ളവരുടെ സ്നേഹത്തിലൂടെ അങ്ങയുടെ ഹൃദയം എനിക്കു നൽകാൻ ആഗ്രഹിക്കുന്ന അനുകമ്പ സ്വീകരിക്കാൻ ഞാൻ സന്നദ്ധനായിരിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നോമ്പുകാലത്തിലെ നാലാം ഞായറാഴ്ചയ്ക്കുള്ള ധ്യാനം:
മരുഭൂമിയിൽ 40 ദിനങ്ങൾ
വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന. മാർച്ച് 10-18 വരെ പ്രാർഥിക്കുന്നു.
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




