ചിത്രം: ഗെർഡ് ആൽട്ട്മാൻ (Pixabay-ൽ)
വീഡിയോ
വലിയൊരു മഞ്ഞുകട്ട സങ്കൽപ്പിക്കുക. ഇനി, ആ മഞ്ഞുകട്ടയുടെ നടുവിൽ വിലയേറിയ ഒരു നാണയമുണ്ടെന്ന് സങ്കൽപ്പിക്കുക. ആ നാണയം ലഭിക്കണമെങ്കിൽ മഞ്ഞുകട്ട ഉരുകണം. നമ്മുടെ ഹൃദയങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം. ചില ഹൃദയങ്ങൾ കാലക്രമേണ അത്രയേറെ കഠിനമായിത്തീർന്നിരിക്കുന്നു; ആ വ്യക്തിയുടെ യഥാർഥ മൂല്യവും അന്തസ്സും വെളിപ്പെടുംവിധം അവയെ ഉരുക്കാനുള്ള സാധ്യത വളരെ കുറവാണെന്നു തോന്നും. എന്നാൽ, അതിതീവ്രമായി കിരണങ്ങൾ പ്രസരിപ്പിക്കുന്ന ഉജ്ജ്വല സൂര്യനാണ് ഈശോ. അവിടുത്തെ നിരന്തര സാന്നിധ്യത്തിൽ ഏറ്റവും കഠിനമായ ഹൃദയങ്ങൾപോലും ഉരുകിപ്പോകും (കാണുക: ഡയറി #370).
തുടർച്ചയായ ഹൃദയകാഠിന്യം കാരണം ഇനി പ്രതീക്ഷയ്ക്കു വകയില്ലെന്നു കരുതി നിങ്ങൾ കൈവിട്ട ആരെയെങ്കിലും നിങ്ങൾക്കറിയാമോ? വർഷങ്ങൾ കഴിഞ്ഞിട്ടും മാറാൻ മനസ്സില്ലാത്തതായി തോന്നുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമോ? പ്രത്യാശ കൈവിടരുത്. ദൈവത്തിന്റെ കൃപയും കരുണയും പ്രകാശിക്കുന്ന ഒരു പ്രിസമായി നിങ്ങൾ നിരന്തരം വർത്തിച്ചാൽ, ഏറ്റവും കഠിനമായ ഹൃദയത്തെപ്പോലും സ്പർശിക്കാൻ കഴിയുമെന്ന് അറിയുക.
കർത്താവേ, സ്വന്തം പാപങ്ങളിൽ ഏറ്റവും കഠിനഹൃദയരായിത്തീർന്നവർക്കുവേണ്ടി ഞാൻ ഇന്ന് പ്രാർഥിക്കുന്നു. എല്ലാവരുടെയും ഹൃദയങ്ങളും മനസ്സുകളും അങ്ങ് അറിയുന്നു. അങ്ങയുടെ ദൈവകരുണ ഏറ്റവും ആവശ്യമുള്ളവരുടെ അടുത്തേക്ക് എന്നെ നയിക്കണമേ. മഹത്വപൂർണവും ഊഷ്മളത പകരുന്നതുമായ അങ്ങയുടെ കൃപയുടെ ചാലകമായി എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മുപ്പത്തിമൂന്നാം ദിവസം ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




