ബർത്തലോമെ എസ്തേബാൻ മുറിയ്യോ വരച്ച ധൂർത്തപുത്രന്റെ മടങ്ങിവരവ്
നമ്മുടെ പ്രാർഥനകളും ദൈവത്തിന്റെ കരുണയും ആവശ്യമുള്ള എത്രയോ ആത്മാക്കളുണ്ട്. സ്വന്തം പാപത്തിൽ ഉറച്ചുനിൽക്കുന്ന ആത്മാക്കളാണിവർ. നാം അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടാകാം; എന്നാൽ അതിന് കാര്യമായ ഫലമൊന്നും കാണുന്നില്ലെന്നു തോന്നുന്നു. നമുക്ക് കൂടുതലായി എന്തു ചെയ്യാൻ കഴിയും? ചിലപ്പോൾ, നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും വലിയ മധ്യസ്ഥപ്രാർഥന അത്യുദാരമായ സ്നേഹം നിറഞ്ഞ ഒരു ഹൃദയമാണ്. ഈ ആത്മാക്കളോട് അങ്ങേയറ്റം നിർമ്മലവും ഇടവിടാത്തതുമായ സ്നേഹം പുലർത്താൻ നാം തീക്ഷ്ണതയോടെ പരിശ്രമിക്കണം. ദൈവം ഈ സ്നേഹം കാണും; നമ്മുടെ ഹൃദയങ്ങളിൽ കാണുന്ന ആ സ്നേഹത്തെപ്രതി അവിടുന്ന് തന്റെ സ്നേഹനോട്ടം അവരുടെമേൽ പതിപ്പിക്കുകയും ചെയ്യും (കാണുക: ഡയറി #383).
ദൈവത്തിന്റെ കരുണ ഇത്രയേറെ ആവശ്യമുള്ള ആ വ്യക്തി ആരാണ്? ദൈവത്തോടും അവിടുത്തെ കരുണയോടും പിടിവാശിയോടെ പുറംതിരിഞ്ഞുനിൽക്കുന്നതായി തോന്നുന്ന ആരെങ്കിലും നിങ്ങളുടെ കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ അയൽക്കാരിലോ സുഹൃത്തുക്കൾക്കിടയിലോ ഉണ്ടോ? ആ വ്യക്തിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ഉദാരമായ സ്നേഹം നൽകാൻ സ്വയം സമർപ്പിക്കുകയും, നിങ്ങളുടെ മധ്യസ്ഥപ്രാർഥനയായി ആ സ്നേഹം ദൈവത്തിന് അർപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ സ്നേഹത്തിലൂടെ ആ വ്യക്തിയെ കടാക്ഷിക്കാൻ ദൈവത്തെ അനുവദിക്കുക.
കർത്താവേ, അങ്ങ് ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കുന്നതിൽ എത്രയോ തവണ ഞാൻ പരാജയപ്പെടുന്നു. ഞാൻ സ്വാർഥതയോടെ പെരുമാറുകയും മറ്റുള്ളവരെ വിധിക്കുകയും ചെയ്യുന്നു. എന്റെ ഹൃദയത്തെ മൃദുലമാക്കണമേ; എന്നിട്ട്, ഞാൻ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഉദാരമായ സ്നേഹം എന്റെ ഹൃദയത്തിൽ നിറയ്ക്കണമേ. അങ്ങയുടെ ദൈവിക കരുണ ഏറ്റവും ആവശ്യമുള്ളവരിലേക്ക് ആ സ്നേഹം തിരിക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മുപ്പത്തിയഞ്ചാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




