മലയാളം

ധ്യാനചിന്ത 120: ദൈവത്തോടുള്ള നിർമലസ്നേഹം

ചിത്രം ലഭിച്ചത് pxfuel വഴി

വീഡിയോ

നിങ്ങളുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം സ്നേഹമാണ്.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഒന്നാമതായി ദൈവത്തെ നിർമലമായ സ്നേഹത്തോടെ സ്നേഹിക്കുക എന്നതാണ് അത്.  സ്നേഹം നിർമലമാകണമെങ്കിൽ, അത് എല്ലാ സ്വാർഥതയിൽനിന്നും മോചിതമാകണം.  നിർമലസ്നേഹം സ്നേഹിക്കപ്പെടുന്ന വ്യക്തിയെ മാത്രമേ നോക്കുന്നുള്ളൂ.  നിർമലമായ സ്നേഹത്തോടെ നാം ദൈവത്തെ സ്നേഹിക്കുമ്പോൾ, അവിടുന്ന് മഹത്വപൂർണനും നമ്മുടെ സ്നേഹത്തിന് അർഹനുമായതിനാലും, അവിടുത്തെ സ്നേഹിക്കുന്നത് ഉചിതവും നീതിയുക്തവുമായതിനാലും, അവിടുത്തെപ്രതി തന്നെ നാം ദൈവത്തിലേക്ക് ആകർഷിക്കപ്പെടുന്നതായി കണ്ടെത്തും.  ഇങ്ങനെ നിസ്വാർഥമായി, ദൈവത്തിന്റെ മഹത്വത്തിലും സൗന്ദര്യത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സ്നേഹിക്കാൻ നമുക്കു കഴിയുമ്പോൾ, ഏറെ മഹത്വപൂർണമായ മറ്റൊന്നുകൂടി നാം കണ്ടെത്തും.  ദൈവത്തോടുള്ള നമ്മുടെ നിർമലസ്നേഹത്തിന്റെ ഫലമായി, മറ്റൊരു പ്രതിഫലവും ആവശ്യമില്ലാത്തവിധം സമൃദ്ധവും ശക്തവുമായ ആനന്ദത്താൽ നാമും നിറയുന്നതായി നാം കണ്ടെത്തും.  നിർമലമായ സ്നേഹത്തോടെ ദൈവത്തെ സ്നേഹിക്കുന്നതിന്റെ ഫലമായി നമ്മിൽ നിറയുന്ന ആനന്ദം അത്ര ശക്തമായിത്തീരുന്നു; അത് മറ്റുള്ളവരോടുള്ള അഗാധവും ആത്മാർഥവുമായ സ്നേഹമായി നിറഞ്ഞൊഴുകുന്നു.  ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തി ഇതാണ്.  അളവറ്റ സന്തോഷം അനുഭവിക്കാൻ നമുക്ക് വാസ്തവത്തിൽ മറ്റൊന്നും ആവശ്യമില്ല (കാണുക ഡയറി #576).

നിങ്ങൾ സന്തോഷവാനാണോ?  അല്ലെങ്കിൽ, നിങ്ങളുടെ സന്തോഷക്കുറവിന് നിങ്ങൾ എന്തിനെയാണ് കുറ്റപ്പെടുത്തുന്നത്?  മറ്റൊന്നിനെ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താൻ എളുപ്പമാണ്.  എന്നാൽ, സ്നേഹനിർഭരമായ നിർമലഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കാനുള്ള നമ്മുടെ തീരുമാനത്തിന്റെ ഫലമായി മാത്രമേ സന്തോഷം ലഭിക്കൂ എന്ന് നാം തിരിച്ചറിയണം.  നിങ്ങളുടെ ജീവിതത്തിൽ ഇത് അനുഭവപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കുക.  ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച് ധ്യാനിക്കുക.  ഈ സ്നേഹം എത്ര ശക്തമോ എത്ര ദുർബലമോ ആണെന്ന് ചിന്തിക്കുക.  നിങ്ങൾ ദൈവത്തെ നിർമലമായും മറ്റെല്ലാറ്റിനുമുപരിയായും സ്നേഹിക്കുന്നുവെങ്കിൽ, ഈ സ്നേഹം നിങ്ങളുടെ ജീവിതത്തെ അത്ര പരിപൂർണമായി ക്രമപ്പെടുത്തുമെന്നും, അതിലൂടെ നിങ്ങൾ അനുഭവിക്കുന്ന ആനന്ദം മറ്റേതൊരു ഭൗമിക ആശ്വാസത്തെക്കാളും നിങ്ങൾക്ക് സംതൃപ്തി നൽകുമെന്നും സ്വയം ഓർമിപ്പിക്കുക.  സന്തോഷത്തോടെ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പൂർണവും നിർമലവുമായ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കാൻ പരിശ്രമിക്കുക.

കർത്താവേ, അങ്ങയോടുള്ള എന്റെ സ്നേഹം പരിപൂർണതയിൽനിന്ന് ഏറെ അകലെയാണെന്ന് എനിക്കറിയാം.  അങ്ങയോടുള്ള എന്റെ സ്നേഹം ശുദ്ധീകരിക്കപ്പെടേണ്ടതിന്, ഇന്ന് എന്റെ കണ്ണുകളും ഹൃദയവും കൂടുതൽ പൂർണമായി അങ്ങയിലേക്കു തിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങനെ, എന്റെ സമ്പൂർണസ്നേഹത്തിന് അങ്ങ് അർഹനായതിനാൽ, എല്ലാറ്റിനുമുപരിയായി അങ്ങയെ അങ്ങയുടെപ്രതി തന്നെ സ്നേഹിക്കാൻ എനിക്കു കഴിയട്ടെ.  അങ്ങയെ സ്നേഹിക്കുന്നതിലൂടെ എന്നിലുണ്ടാകുന്ന ആനന്ദത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു.  ഈ സ്നേഹത്തിൽ പരിപൂർണമായ സംതൃപ്തിയും സന്തോഷവും ഞാൻ കണ്ടെത്തത്തക്കവിധം ആ ആനന്ദം സമൃദ്ധമായി നിറഞ്ഞൊഴുകട്ടെ.  ഈശോയെ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഏപ്രിൽ 30 – വിശുദ്ധ പിയൂസ് V മാർപാപ്പ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ