മലയാളം

ധ്യാനചിന്ത 106: ക്രിസ്തുവിൽ ഉറങ്ങുക

വിശുദ്ധ യൗസേപ്പിന്റെ സ്വപ്നം — രചന: ലൂക്കാ ജോർദാനോ

വീഡിയോ

ഓരോ രാത്രിയും ഉറങ്ങാൻ പോകുമ്പോൾ, നമ്മുടെ കർത്താവിന്റെ കൃപയിലും കരുണയിലും ഉറങ്ങാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  പുതുജീവനും ഉന്മേഷവും നേടാനായി അവിടുത്തെ കരങ്ങളിൽ വിശ്രമിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു.  ഉറക്കം പ്രാർത്ഥനയുടെ ഒരു പ്രതിരൂപമാണ്; വാസ്തവത്തിൽ, അത് പ്രാർത്ഥനയുടെ ഒരു രൂപമായിത്തീരാനും കഴിയും.  വിശ്രമിക്കുക എന്നത് ദൈവത്തിൽ വിശ്രമിക്കുക എന്നതാണ്.  നിങ്ങളുടെ ഹൃദയത്തിന്റെ ഓരോ തുടിപ്പും ദൈവത്തോടുള്ള പ്രാർത്ഥനയായിത്തീരണം; അവിടുത്തെ ഹൃദയത്തിന്റെ ഓരോ തുടിപ്പും നിങ്ങളുടെ വിശ്രമത്തിന്റെ താളമായിത്തീരണം (കാണുക: ഡയറി #486).

നിങ്ങൾ ദൈവസാന്നിധ്യത്തിലാണോ ഉറങ്ങുന്നത്?  അതിനെക്കുറിച്ച് ചിന്തിക്കുക.  ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ?  തന്റെ കൃപയാൽ നിങ്ങളെ വലയം ചെയ്യാനും തന്റെ സ്നേഹാർദ്രമായ കരങ്ങളാൽ നിങ്ങളെ ആലിംഗനം ചെയ്യാനും നിങ്ങൾ നമ്മുടെ കർത്താവിനോട് അപേക്ഷിക്കാറുണ്ടോ?  പണ്ടുകാലത്തെ വിശുദ്ധരോട് അവരുടെ സ്വപ്നങ്ങളിലൂടെ ദൈവം സംസാരിച്ചിട്ടുണ്ട്.  വിശുദ്ധരായ സ്ത്രീപുരുഷന്മാരെ നവീകരിക്കാനും ശക്തിപ്പെടുത്താനുമായി അവിടുന്ന് അവരെ ഗാഢമായ വിശ്രമത്തിലാഴ്ത്തിയിട്ടുണ്ട്.  ഈ രാത്രി ഉറങ്ങാൻ തലചായ്ക്കുമ്പോൾ, നമ്മുടെ കർത്താവിനെ നിങ്ങളുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ക്ഷണിക്കാൻ ശ്രമിക്കുക.  ഉണരുമ്പോൾ, നിങ്ങൾ ആദ്യം അഭിവാദ്യം ചെയ്യുന്നത് അവിടുത്തെയായിരിക്കട്ടെ.  ഓരോ രാത്രിയിലെയും വിശ്രമം അവിടുത്തെ ദൈവകരുണയിലുള്ള വിശ്രമമാകാൻ അനുവദിക്കുക.

കർത്താവേ, ഓരോ ദിവസത്തിന്റെയും താളത്തിനായി ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.  എന്റെ ദിവസം മുഴുവൻ പലവിധത്തിൽ അങ്ങ് എന്നോടൊപ്പം നടക്കുന്നതിനായി ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു; ഞാൻ വിശ്രമിക്കുമ്പോൾ എന്നോടൊപ്പം ആയിരിക്കുന്നതിനായും ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.  ഈ രാത്രി എന്റെ വിശ്രമവും സ്വപ്നങ്ങളും ഞാൻ അങ്ങേയ്ക്കു സമർപ്പിക്കുന്നു.  അങ്ങയുടെ കരുണ നിറഞ്ഞ ഹൃദയം എന്റെ തളർന്ന ആത്മാവിനെ സാന്ത്വനിപ്പിക്കുന്ന മൃദുസ്വരമാകേണ്ടതിന്, എന്നെ അങ്ങയോടു ചേർത്തുപിടിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

 

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ