മലയാളം

ധ്യാനം 207: ക്രിസ്തുവിന്റെ ഹൃദയത്തിൽ ആശ്വാസം കണ്ടെത്തുക

ഉണ്ണിയേശുവിനോടും മാലാഖമാരോടുമൊപ്പം പരിശുദ്ധ മാതാവ്, ജൊവാന്നി ബത്തിസ്ത സാൽവി ദ സാസ്സോഫെറാത്തോയുടെ രചന, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

സ്നേഹവും വാത്സല്യവുമുള്ള അച്ഛനോടോ അമ്മയോടോ ചേർന്നണഞ്ഞിരിക്കുന്നതിൽ കുട്ടികൾ പലപ്പോഴും വലിയ ആശ്വാസം കണ്ടെത്തുന്നു.  സ്നേഹപൂർണമായ ആ കരങ്ങൾ മുറുകെ ചേർത്തുപിടിക്കുമ്പോൾ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.  ആ നിമിഷങ്ങളിൽ ഭയവും ഉത്കണ്ഠയും അകലുന്നു; മനോവ്യഥ ഉണ്ടായിരുന്നിടത്ത് സമാധാനവും സാന്ത്വനവും വീണ്ടുകിട്ടുന്നു.  നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിലും അങ്ങനെതന്നെയായിരിക്കണം.  എല്ലാ ആശ്വാസത്തിന്റെയും ഉറവിടത്തിലേക്ക് ക്ഷീണിതരായ നമ്മെത്തന്നെ കൊണ്ടുചെല്ലുന്നതിലൂടെ ലഭിക്കുന്ന ആത്മീയാശ്വാസം നാം തേടണം.  നമ്മുടെ കർത്താവിന്റെ ഹൃദയത്തോടു ചേർന്നണയുന്നത് ഏതു പ്രക്ഷുബ്ധാവസ്ഥയിലും സമാധാനം നൽകുന്നു.  മാനസികസമ്മർദവും നിരാശയും മനസ്സിനേറ്റ മുറിവുകളും ആശയക്കുഴപ്പവും അകലുകയും അവയുടെ സ്ഥാനത്ത് ആത്മവിശ്വാസവും സുരക്ഷിതത്വബോധവും കൈവരുകയും ചെയ്യുന്നു.  തന്റെ താളത്തിൽ അഭയം തേടാൻ നമ്മെ ക്ഷണിക്കുന്ന വിധത്തിലാണ് കർത്താവിന്റെ ഹൃദയം സ്പന്ദിക്കുന്നത്.  അവിടുത്തെ തിരുരക്തം കൃപയുടെ ഒരു പുതപ്പുപോലെ നമ്മെ പൊതിയുമ്പോൾ, ഓരോ ഹൃദയസ്പന്ദനത്തോടുമൊപ്പം അവിടുത്തെ അനുകമ്പയും കരുണയും പകർന്നുനൽകപ്പെടുന്നു.  ആശ്വാസത്തിന്റെ ഈ ഉറവിടത്തിലേക്ക് ഓടിച്ചെല്ലുക; നിങ്ങളുടെ ദൈവത്തിന്റെ കരുണാമയമായ ഹൃദയം നിങ്ങളുടെ വിശ്രമസ്ഥലമാകാൻ അനുവദിക്കുക (കാണുക ഡയറി #1074).

നിങ്ങളുടെ പ്രാർഥനയിൽ നമ്മുടെ കർത്താവിന്റെ കരുണാമയമായ ഹൃദയത്തിൽ ആശ്വാസവും സാന്ത്വനവും കണ്ടെത്താൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?  നിങ്ങൾ പങ്കുചേരാൻ ക്ഷണിക്കപ്പെട്ടിരിക്കുന്ന ആ ആത്മബന്ധത്തെക്കുറിച്ച് ധ്യാനിക്കുക.  മനുഷ്യരിൽനിന്നു ലഭിക്കുന്ന ഏതൊരു ആശ്വാസത്തെയും അതിജീവിക്കുന്ന ആത്മബന്ധമാണത്; നിങ്ങളുടെ ആത്മാവിനെ കരുണകൊണ്ടും സമാധാനംകൊണ്ടും നിറയ്ക്കുന്ന കൃപ അത് പകർന്നുനൽകുന്നു.  സ്നേഹനിധിയായ അച്ഛന്റെയോ അമ്മയുടെയോ കരങ്ങളിൽ ആശ്വാസം കണ്ടെത്തുന്ന ഒരു കൊച്ചുകുഞ്ഞിന്റെ ചിത്രം മനസ്സിൽ ധ്യാനിക്കുക.  നമ്മുടെ കർത്താവ് നിങ്ങൾക്കു നൽകാൻ ആഗ്രഹിക്കുന്ന കരുതലിന്റെ ഒരു നേരിയ ദൃശ്യം മാത്രമാണിത്.

സ്വർഗസ്ഥനായ പിതാവേ, അങ്ങയിലേക്കും അങ്ങയുടെ പുത്രന്റെ ഹൃദയത്തിലേക്കും എന്നെ ചേർത്തണയ്ക്കണമേ.  എല്ലാ കാര്യങ്ങളിലും എന്റെ ജീവിതത്തിലെ ക്ലേശത്തിന്റെ ഓരോ നിമിഷത്തിലും ഞാൻ അങ്ങയിലേക്കു തിരിയുമാറാകട്ടെ.  ഞാൻ എന്നെത്തന്നെ അങ്ങയെ ഏൽപ്പിക്കുകയും അനുകമ്പയും സ്നേഹവും നിറഞ്ഞ അങ്ങയുടെ ഹൃദയത്തിൽ മുറുകെപ്പിടിക്കുകയും ചെയ്യുന്നു.   അങ്ങയുടെ ഹൃദയം ക്ഷീണിതമായ എന്റെ ആത്മാവിന് വിശ്രമസ്ഥലമാകട്ടെ.  എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയിൽ, അങ്ങയിൽ മാത്രം ഞാൻ അഭയം തേടുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 26 –വിശുദ്ധ യോവാക്കിമും വിശുദ്ധ അന്നയും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ