ചിത്രം ലഭിച്ചത്: Pixabay.
നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളിൽ ദൈവം പൂർണ്ണമായി വസിച്ചാൽ നിങ്ങൾ എന്തായിരിക്കും അനുഭവിക്കുക? സമാധാനവും ആനന്ദവും വിസ്മയവും! ഈ ദാനങ്ങളിലൂടെയും പരിശുദ്ധ ത്രിത്വത്തിന്റെ അന്തർവാസത്തിലൂടെയും, കഷ്ടതകളെ നേരിടാൻ ധൈര്യവും ഭയത്തെ അകറ്റാൻ ശക്തിയും ദുഷ്ടനും അവന്റെ നുണകൾക്കും കെണികൾക്കും എതിരെ ആർക്കും തകർക്കാനാവാത്ത ഒരു പ്രതിരോധവും നിങ്ങൾക്കു ലഭിക്കും. പ്രലോഭനങ്ങളിൽനിന്നും സഹനങ്ങളിൽനിന്നും നിങ്ങൾ മുക്തരാകുകയില്ല; എങ്കിലും ദൈവം മാത്രം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതിനാൽ നിങ്ങൾ അവയെ അതിജീവിക്കും. അവിടുന്ന് നിങ്ങളുടെ സംരക്ഷണവും ആനന്ദവുമായിരിക്കും (കാണുക ഡയറി #480).
പരമപരിശുദ്ധ ത്രിത്വം നിങ്ങളുടെ ആത്മാവിനെ സ്വന്തമാക്കിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ, പാപത്തിനോ ഭയത്തിനോ അവിടെ ഇടമുണ്ടാകുകയില്ല. ഈ അന്തർവാസത്തിന്റെ ഫലങ്ങൾ നിങ്ങളുടെ അനുദിന ജീവിതത്തിൽ നിങ്ങൾ കാണുകയും സമാധാനത്തിൽ ആയിരിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ ദൈവം ഈ വിധം പ്രവർത്തിക്കുന്നതായി നിങ്ങൾ കാണുന്നില്ലെങ്കിൽ, ഉള്ളിലേക്കു കടന്നുവരാൻ അവിടുത്തെ ക്ഷണിക്കുക. ഇത് ഒരിക്കൽ മാത്രം നൽകേണ്ട ക്ഷണമല്ല; മറിച്ച്, ഇത് നിങ്ങളുടെ അനുദിന ശീലവും ആത്മാർത്ഥമായ ആഗ്രഹവുമായി മാറണം. നിങ്ങളുടെ ഉള്ളിൽ വസിക്കാൻ ദൈവത്തെ ക്ഷണിക്കുന്നതിൽ മടുക്കരുത്.
കർത്താവേ, എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യമാണ് എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ കാരുണ്യം. അങ്ങ് എന്നിൽ വസിക്കുന്നതിനെക്കാൾ മഹത്തരമായി മറ്റൊന്നുമില്ല. എന്നോട് ഒന്നാകാനും എന്റെ ജീവിതത്തെ സ്വന്തമാക്കാനും അങ്ങ് ആഗ്രഹിക്കുന്നതിനാൽ ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്റെ ദൈവവും എന്റെ സർവസ്വവുമായതിനാൽ, സ്വമനസ്സാലെയും ഒന്നും മാറ്റിവയ്ക്കാതെയും ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




