മലയാളം

വിചിന്തനം 119: ആന്തരികവും ബാഹ്യവുമായ ആത്മനിഗ്രഹങ്ങൾ

മാലാഖമാരുടെ ഗായകസംഘം അതിന്റെ മധുരഗാനങ്ങളാൽ വിശുദ്ധ ഫ്രാൻസിസിന്റെ ദുഃഖങ്ങൾ അകറ്റുന്നു. ഹോസെ ബെൻലിയൂറെ ഇ ഗിൽ രചിച്ച ചിത്രം

വീഡിയോ

ഈ ലോകത്തിലെ കടന്നുപോകുന്ന വസ്തുക്കളോടുള്ള ആസക്തിയിൽനിന്ന് കൂടുതൽ സ്വതന്ത്രരാകാൻ സ്വന്തം ഇച്ഛയെ നിഷേധിക്കുന്ന അഭ്യാസമാണ് ആത്മനിഗ്രഹം.  ദൈവത്തോടും അവിടുത്തെ വിശുദ്ധ ഹിതത്തോടുമല്ലാതെ മറ്റൊന്നിനോടും ആസക്തിയില്ലാത്തവരാകാൻ നാം പരിശ്രമിക്കണം.  നമുക്ക് ഇഷ്ടമുള്ളതോ നാം ആഗ്രഹിക്കുന്നതോ ആയ എല്ലാം മോശമാണെന്നല്ല; എന്നാൽ യഥാർഥ വിശുദ്ധി നാം ആഗ്രഹിക്കുന്നെങ്കിൽ, ദൈവത്തിനായുള്ള നമ്മുടെ ആഗ്രഹം മറ്റെല്ലാ ആഗ്രഹങ്ങളെയും രൂപാന്തരപ്പെടുത്തുകയും അവയെല്ലാം നയിക്കുകയും വേണം.  സ്വന്തം ചിന്തകളെയോ ഇച്ഛയെയോ നിഷേധിക്കുന്ന രീതികളാണ് ആന്തരിക ആത്മനിഗ്രഹത്തിൽ ഉൾപ്പെടുന്നത്.  ഉദാഹരണത്തിന്, പറയാൻ മനസ്സില്ലാത്തപ്പോഴും ദയയുള്ള ഒരു വാക്ക് പറയുക, അല്ലെങ്കിൽ നാവിനെ നിയന്ത്രിക്കാൻ പ്രയാസമുള്ളപ്പോൾ മൗനം പാലിക്കുക.  ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, നോമ്പുകാലത്തും വർഷത്തിലുടനീളവും ചില കാര്യങ്ങൾ ത്യജിക്കുക തുടങ്ങിയ അഭ്യാസങ്ങളാണ് ബാഹ്യ ആത്മനിഗ്രഹത്തിൽ ഉൾപ്പെടുന്നത്.  ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ നിങ്ങൾ ഗൗരവമായി കാണുന്നുവെങ്കിൽ, ഈ അഭ്യാസങ്ങൾ ആത്മീയജീവിതത്തിന് അനിവാര്യമാണ് (കാണുക ഡയറി #565).

നിങ്ങൾ ഏറ്റവും അധികം ആസക്തി പുലർത്തുന്നത് എന്തിനോടാണ്?  നിങ്ങളെ നിയന്ത്രിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെ നയിക്കുകയും ചെയ്യുന്നതിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്നത് എന്താണ്?  അത് ഒരു പാപപ്രവണതയാകാം, അല്ലെങ്കിൽ സ്വാഭാവികമായ ഏതെങ്കിലും വിനോദത്തോടുള്ള തീവ്രതാത്പര്യമാകാം.  നിങ്ങളുടെ പാപപ്രവണതകളിൽനിന്നു തുടങ്ങുക; ഈ പാപങ്ങളെ അതിജീവിക്കാൻ വേണ്ട ശക്തി നേടുന്നതിനായി നിങ്ങളുടെ ആഗ്രഹങ്ങളെ നിഗ്രഹിക്കാനുള്ള വഴികൾ തേടുക.  നിങ്ങളുടെ സ്വാഭാവികമായ താത്പര്യങ്ങളും ഇഷ്ടങ്ങളും കൂടി പരിശോധിക്കുക.  ഇവയെ ഇടയ്ക്കിടെ ഒരു പരിധിവരെ സ്വമനസ്സാലെ ത്യജിക്കാൻ തീരുമാനിക്കുന്നത് വിശുദ്ധിയിൽ വളരാനുള്ള ക്രിയാത്മകവും വിശുദ്ധവുമായ ഒരു മാർഗമാണ്.  ഇതു ചെയ്യാനുള്ള വഴികൾ തേടുക; ദൈവത്തിന്റെ കരുണ കൂടുതൽ സമൃദ്ധമായി ഒഴുകും.

കർത്താവേ, അങ്ങയെ മാത്രം ആഗ്രഹിക്കാനും മറ്റെല്ലാ ആഗ്രഹങ്ങൾക്കും ഉപരിയായി അങ്ങയെ ആഗ്രഹിക്കാനും ഞാൻ ആഗ്രഹിക്കുന്നു.  എന്നെ ശുദ്ധീകരിക്കുകയും ഈ ജീവിതത്തിലെ എന്റെ അനേകം ആസക്തികളിൽനിന്ന് എന്നെ സ്വതന്ത്രനാക്കുകയും ചെയ്യണമേ.  അങ്ങയുടെ കരുണ സ്വീകരിക്കാൻ എന്റെ മനസ്സും ഇച്ഛയും കൂടുതൽ സജ്ജമാകേണ്ടതിന്, അനുദിനം അങ്ങേക്കായി ത്യാഗങ്ങൾ ചെയ്യാനുള്ള ധൈര്യം എനിക്കു നൽകണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഏപ്രിൽ 29 – സിയെന്നായിലെ വിശുദ്ധ കത്രീന, കന്യകയും വേദപാരംഗതയും—ഓർമദിനം

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ