ഫ്രാ ആഞ്ചെലിക്കോയുടെ വിധികർത്താവായ ക്രിസ്തു
വിശുദ്ധഗ്രന്ഥത്തിൽ പലപ്പോഴും “ലോകത്തെ” പരാമർശിക്കുന്നുണ്ട്; പ്രത്യേകിച്ച് ഈശോതന്നെ അതിനെക്കുറിച്ച് സംസാരിക്കുന്നു. ലോകം നിങ്ങളെ വെറുക്കുമെന്നും നിങ്ങളെ മനസ്സിലാക്കുകയില്ലെന്നും അവിടുന്ന് പറഞ്ഞു. വാസ്തവത്തിൽ, ലോകം നിങ്ങളെ പീഡിപ്പിക്കും. ചിലർക്ക് ഇത് ഭയത്തിനും മനോവ്യഥയ്ക്കും കാരണമായേക്കാം. ലോകത്തിന്റെ ദൃഷ്ടിയിൽ നല്ലവരായി കാണപ്പെടുന്നതിലും അതിന്റെ മതിപ്പ് നേടാനായി പ്രവർത്തിക്കുന്നതിലും നാം അമിതമായി ശ്രദ്ധിക്കുമ്പോഴാണ് നമ്മുടെ ഉള്ളിൽ ഈ ഫലങ്ങൾ ഉണ്ടാകുന്നത്. ഈ കെണിയിൽ വീഴരുത്. ലോകത്തിന്റെ ലൗകികവും പാപപൂർണവുമായ മൂല്യങ്ങൾ സ്വീകരിച്ച് നിങ്ങൾ ലൗകികരായിത്തീർന്നാൽ മാത്രമേ ലോകം നിങ്ങളെ സ്നേഹിക്കുകയുള്ളൂ. പകരം, നിങ്ങളുടെ ദൃഷ്ടി സ്വർഗത്തിൽ ഉറപ്പിക്കുക. ലോകത്തിൽ ആയിരിക്കുമ്പോഴും ലോകത്തിന്റേതല്ലാത്തവരായി ജീവിക്കുക. ലൗകിക പ്രലോഭനങ്ങളിൽനിന്ന് നിങ്ങളെ കാത്തുസൂക്ഷിക്കാൻ കർത്താവിനെ അനുവദിക്കുക; അങ്ങനെ നിങ്ങൾ എല്ലായ്പ്പോഴും അവിടുന്നിൽ മാത്രവും അവിടുത്തേക്കുവേണ്ടി മാത്രവും ജീവിക്കും (കാണുക ഡയറി #537).
ലോകത്തിന്റെ അഭിപ്രായങ്ങൾ നിങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് ഇന്ന് ഗൗരവമായി സ്വയം ചോദിക്കുക. പൊതുസമൂഹത്തിന്റെ ദൃഷ്ടിയിൽ മതിപ്പും ബഹുമാനവും നേടുന്നതിനെക്കുറിച്ച് നിങ്ങൾ സ്വപ്നം കാണാറുണ്ടോ? അങ്ങനെയെങ്കിൽ, ഈ ആഗ്രഹത്തെക്കുറിച്ച് വളരെ ജാഗ്രത പുലർത്തുക. തീർച്ചയായും, നിങ്ങൾ നിങ്ങളെത്തന്നെ പൂർണമായി ക്രിസ്തുവിന് സമർപ്പിക്കുകയും അതിന്റെ ഫലമായി അനേകർ നിങ്ങളെക്കുറിച്ച് നല്ലതു പറയുകയും ചെയ്യുന്നുവെങ്കിൽ, അത് നല്ലതാണ്. എന്നാൽ അത് അത്ര സാധാരണമല്ല. മിക്കപ്പോഴും, ക്രിസ്തുവിനും അവിടുത്തെ വിശുദ്ധ ദൗത്യത്തിനുമായി നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ, നാം തെറ്റായി വിലയിരുത്തപ്പെടുകയും അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകപോലും ചെയ്യുന്നതായി കാണും. അത് ചെറിയ രീതികളിൽ മാത്രമായിരിക്കാം; എന്നാൽ നിങ്ങൾ ദൈവതിരുഹിതത്തോട് കൂടുതൽ അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമായാലും ആശ്ചര്യപ്പെടരുത്. ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. നിങ്ങളുടെ ദൃഷ്ടി ക്രിസ്തുവിൽ ഉറപ്പിക്കുക; നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ വിധിയെക്കുറിച്ചു മാത്രം ശ്രദ്ധയുള്ളവരായിരിക്കുക. അവിടുത്തെ “അഭിപ്രായം” മാത്രമാണ് പ്രധാനം; കാരണം അവിടുത്തെ അഭിപ്രായം സത്യമാണ്.
കർത്താവായ ഈശോയേ, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അങ്ങയെ നിയന്ത്രിച്ചിരുന്നില്ല. ലോകത്തിന്റെ മിഥ്യാമൂല്യങ്ങളും സമ്മർദങ്ങളും അങ്ങയെ നയിക്കാൻ അങ്ങ് അനുവദിച്ചില്ല. എല്ലാ കാര്യങ്ങളിലും എന്റെ ദൃഷ്ടി അങ്ങയിലും അങ്ങയുടെ തിരുഹിതത്തിലും ഉറപ്പിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെ പ്രസാദിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധയുള്ളവനായിരിക്കാൻ എനിക്കു ധൈര്യം നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏപ്രിൽ 24 – സിഗ്മാരിംഗനിലെ വിശുദ്ധ ഫിദേലിസ്, പുരോഹിതനും രക്തസാക്ഷിയും
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:
Amazon – Barnes and Noble – Google Play – iTunes
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ





