“മരുഭൂമിയിൽ പ്രാർഥിക്കുന്ന വിശുദ്ധ ബ്രൂണോ” — രചന: നിക്കോളാസ് മിന്യാർ
ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ആഴപ്പെടുമ്പോൾ, പോരാട്ടത്തിന്റെ അനേകം നിമിഷങ്ങളും ആശ്വാസത്തിന്റെ അനേകം നിമിഷങ്ങളും നിങ്ങൾക്കുണ്ടാകും. ആത്മീയ വരൾച്ചയുടെയും ആന്തരിക സഹനത്തിന്റെയും നിമിഷങ്ങളെ ഭയപ്പെടരുത്. അവ അനിവാര്യമാണ്; നിങ്ങളെ വിശുദ്ധിയിലേക്കു നയിക്കാൻ ദൈവം സ്വീകരിക്കുന്ന മാർഗത്തിന്റെ ഭാഗവുമാണ്. ആ നിമിഷങ്ങളിൽ ഈശോയിലേക്കു കണ്ണുകളുയർത്തുക. അവിടുത്തെ മഹിമയിൽ അവിടുത്തെ ദർശിക്കുകയും അവിടുത്തെ കരുണയ്ക്കായി യാചിക്കുകയും ചെയ്യുക (കാണുക ഡയറി #22-23).
ഇന്ന് നിങ്ങളുടെ ആത്മാവിനെ സത്യസന്ധമായി പരിശോധിക്കുക. നിങ്ങളുടെ ഉള്ളിൽ അനുഭവിക്കുന്നതെല്ലാം വിചിന്തനം ചെയ്യുക. പ്രത്യേകിച്ച്, നിങ്ങൾക്കു മാത്രം അറിയാവുന്ന കാര്യങ്ങളെല്ലാം വിചിന്തനം ചെയ്യുക. ഉള്ളിൽ വേദനയും സഹനവും അനുഭവപ്പെടുന്നുണ്ടോ? അത് നിങ്ങളുടെ സ്വന്തം പാപത്തിന്റെ ഫലമാണെങ്കിൽ, അത് തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുക. ദൈവം നിങ്ങളെ ശുദ്ധീകരിക്കുന്നതിന്റെ ഫലമാണതെങ്കിൽ, ഈ ആത്മീയ വരൾച്ചയിലൂടെ കടന്നുപോകാൻ അനുവദിക്കത്തക്കവിധം അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നുവെന്നതിൽ സന്തോഷിക്കുക. സ്വർഗത്തിലേക്കു നോക്കി, ഉള്ളിൽ അനുഭവിക്കുന്ന എല്ലാറ്റിനും നന്ദി പറയുക. കാരണം, നിങ്ങളുടെ ആത്മാവിലുള്ളത് നിങ്ങളെ തന്നിലേക്കു നയിക്കുന്ന ദൈവത്തിന്റെ സാന്നിധ്യമാണ്.
കർത്താവേ, ചിലപ്പോൾ എന്റെ ഉള്ളം വരണ്ടതും നിർജീവവുമായി എനിക്ക് അനുഭവപ്പെടുന്നു. ചിലപ്പോൾ അങ്ങ് എവിടെയാണെന്നും അങ്ങ് എന്നോടൊപ്പമുണ്ടോ എന്നും ഞാൻ ചിന്തിച്ചുപോകുന്നു. ആ നിമിഷങ്ങളിൽ പ്രത്യാശയും ശരണവും പുലർത്താനും, അങ്ങിലുള്ള വിശ്വാസം കൂടുതൽ ആഴപ്പെടാനുള്ള ഒരു പാതയായി അവയെ കാണാനും എന്നെ സഹായിക്കണമേ. അങ്ങയുടെ കരുണയുടെ കവാടങ്ങൾ കൂടുതൽ വിശാലമായി തുറക്കപ്പെടേണ്ടതിന്, ഈ നിമിഷങ്ങളിൽ അങ്ങയിലേക്കു തിരിയാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




