ചിത്രം: Pixabay വഴി
എളിമയെന്ന മഹനീയ സദ്ഗുണത്തെ മനസ്സിലാക്കുകയും നിരന്തരം ധ്യാനിക്കുകയും നിരന്തരം സ്വീകരിക്കുകയും വേണം. എന്താണ് എളിമ? നിങ്ങളെക്കുറിച്ചുള്ള സത്യം അറിയുകയും ആ സത്യം വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നുമല്ല അത്. നിങ്ങളുടെ മനസ്സാക്ഷിയുടെ ആഴങ്ങൾ നിങ്ങളും ദൈവവും മാത്രമേ അറിയുന്നുള്ളൂ. മനുഷ്യരുടെ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യമില്ല. നിങ്ങൾക്ക് അഹങ്കാരമോ മറ്റേതെങ്കിലും പാപമോ ഉണ്ടെന്നു കരുതി ചിലർ നിങ്ങളെക്കുറിച്ച് തെറ്റായ വിധികൾ പറഞ്ഞേക്കാം. മറ്റു ചിലപ്പോൾ, ശുദ്ധമല്ലാത്ത ഉദ്ദേശ്യങ്ങളോടെ നിങ്ങളുടെ സദ്ഗുണത്തെ പെരുപ്പിച്ചുകാട്ടി ചിലർ മുഖസ്തുതി പറഞ്ഞേക്കാം. തെറ്റായ വിമർശനമോ മുഖസ്തുതിയോ എളിമയെ വളർത്തുന്നില്ല; കാരണം, രണ്ടിന്റെയും ലക്ഷ്യം സത്യമല്ല, മറ്റെന്തോ ആണ്. വിശുദ്ധരായ ചില ആത്മാക്കൾപോലും മറ്റുള്ളവരുടെ പ്രശംസയോ സഹതാപമോ നേടാനായി തങ്ങളുടെ വിശുദ്ധിയെ പെരുപ്പിച്ചുകാട്ടിയോ തങ്ങളുടെ ദുരവസ്ഥയെ തെറ്റായി ചിത്രീകരിച്ചോ തങ്ങൾ യഥാർഥത്തിൽ ആരാണെന്ന സത്യത്തെ വളച്ചൊടിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ, വീണ്ടും പറയട്ടെ, നാം ആരാണെന്ന സത്യമാണ് എളിമയുടെ ലക്ഷ്യം. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള പൂർണസത്യം അറിയാനും വിശ്വസിക്കാനും ശ്രമിക്കുക; തുടർന്ന് ആ സത്യത്തിന് അനുസൃതമായി തുറവിയോടും സത്യസന്ധതയോടുംകൂടെ ജീവിക്കാൻ ശ്രമിക്കുക. ഉദ്ദേശ്യത്തിലെ ഈ വിശുദ്ധി നിങ്ങളുടെ യഥാർഥ വ്യക്തിത്വം വെളിപ്പെടാൻ വഴിയൊരുക്കും; എളിമയോടെയുള്ള ഈ പ്രവൃത്തിയിലൂടെ കർത്താവ് നിങ്ങളുടെ ആത്മാവിൽനിന്ന് പ്രകാശിക്കും (കാണുക: ഡയറി #1502-1503).
നിങ്ങൾ ആരാണെന്ന സത്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ പ്രവൃത്തികളിലും ഉദ്ദേശ്യങ്ങളിലും പൂർണമായ സത്യസന്ധത പുലർത്താൻ ശ്രമിക്കുക. നിങ്ങളെത്തന്നെ മനസ്സിലാക്കുകയും ദൈവം നിങ്ങളെ അറിയുന്നതുപോലെ നിങ്ങളെത്തന്നെ അറിയാൻ ശ്രമിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വലിയ എളിമ വളർത്തും. എളിമയിൽ വളരുമ്പോൾ, ദൈവത്തെക്കുറിച്ചുള്ള സത്യവും അവിടുത്തെ മഹത്വവുംകൂടി കാണുക. ദൈവം നിങ്ങൾക്കുവേണ്ടി ചെയ്യുന്നതെല്ലാം എളിമയോടെ അംഗീകരിക്കുക. നിങ്ങളുടെ ഉള്ളിൽ ദൈവം പ്രവർത്തിക്കുന്നതു കാണുകയും നന്ദിയോടെ അത് സത്യസന്ധമായി പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, എല്ലാവർക്കും കാണാനാകുന്നവിധം മനോഹരമായി പ്രകാശിക്കാൻ നിങ്ങൾ അവിടുത്തേക്ക് വഴിയൊരുക്കും. ഇതാണ് സത്യം; ഇതാണ് എളിമ.
കർത്താവേ, ഞാൻ ആരാണെന്ന സത്യം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ സത്യം അന്വേഷിക്കുന്നു; സത്യസന്ധതയോടും ആത്മാർഥതയോടുംകൂടെ അത് പ്രകാശിക്കാൻ അനുവദിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ മഹത്വം കാണാനും എന്റെ ജീവിതത്തിലെ അങ്ങയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാനും എനിക്കാകണമേയെന്നും ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, അങ്ങ് മഹത്വപൂർണനാണ്. ഈ സത്യം പ്രകാശിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കം പ്രസിദ്ധീകരിക്കുമ്പോൾ അറിയിപ്പുകൾ ലഭിക്കട്ടെ.
\
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




