മലയാളം

വിചിന്തനം 62: ജീവിതത്തിലെ ചെറിയ ത്യാഗങ്ങൾ

ജോർഗ് ഫ്രീഡ്രിഖ് സ്റ്റെറ്റ്നറുടേതെന്ന് († 1639) കരുതപ്പെടുന്നു, Wikimedia Commons വഴി

വീഡിയോ

ചെറിയ ത്യാഗങ്ങൾക്ക് പ്രാധാന്യമുണ്ടോ?  വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്നു ചിലപ്പോൾ നമുക്കു തോന്നാം.  ചിലർ മഹത്തായ ലക്ഷ്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുകയും വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചു സ്വപ്നം കാണുകയും ചെയ്തേക്കാം.  എന്നാൽ നാം ദിവസവും ചെയ്യുന്ന ചെറുതും ഒരേപോലെ ആവർത്തിക്കുന്നതുമായ ത്യാഗങ്ങളുടെ കാര്യമോ?  വൃത്തിയാക്കൽ, പാചകം ചെയ്യൽ, മറ്റൊരാളെ സഹായിക്കൽ, ക്ഷമിക്കൽ തുടങ്ങിയ ത്യാഗങ്ങളുടെ കാര്യമോ?  ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യമുണ്ടോ?  തീർച്ചയായും ഉണ്ട്.  ദൈവത്തിനു നാം നൽകുന്ന മറ്റൊന്നിനും തുല്യമല്ലാത്ത ഒരു നിധിയാണവ.  ദിവസേനയുള്ള ചെറിയ ത്യാഗങ്ങൾ, വിശാലമായ താഴ്‌വരയിൽ കണ്ണെത്താദൂരത്തോളം മനോഹരമായ കാട്ടുപൂക്കൾ നിറഞ്ഞുനിൽക്കുന്ന ഒരു വയൽപോലെയാണ്.  ഒരു പൂവ് മനോഹരമാണ്; എന്നാൽ ഓരോ ദിവസവും ദിവസം മുഴുവനും സ്നേഹത്തിന്റെ ഈ ചെറിയ പ്രവൃത്തികൾക്കായി നാം സ്വയം സമർപ്പിക്കുമ്പോൾ, അതിരില്ലാത്ത സൗന്ദര്യവും പ്രൗഢിയും അലയടിക്കുന്ന ഒരു പൂപ്പാടമാണ് നാം ദൈവത്തിനു സമർപ്പിക്കുന്നത് (കാണുക ഡയറി #208).

ഇന്ന് ചെറിയ കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക.  ഓരോ ദിവസവും നിങ്ങൾ ചെയ്യുന്ന ഏതു കാര്യമാണ് നിങ്ങളെ ക്ഷീണിപ്പിക്കുകയും വിരസമോ അപ്രധാനമോ ആയി തോന്നുകയും ചെയ്യുന്നത്? മറ്റേതു പ്രവൃത്തിയെക്കാളും ഒരുപക്ഷേ ഈ പ്രവൃത്തികളാണ് ദൈവത്തെ അതിമനോഹരമായി ആദരിക്കാനും മഹത്ത്വപ്പെടുത്താനുമുള്ള മഹനീയമായ അവസരം നിങ്ങൾക്കു നൽകുന്നതെന്ന് അറിയുക.

കർത്താവേ, എന്റെ ഈ ദിവസം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഞാൻ ചെയ്യുന്നതെല്ലാം, എന്നെത്തന്നെയും പൂർണമായി ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.  ഓരോ ദിവസവും ഞാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾ ഞാൻ പ്രത്യേകമായി അങ്ങേക്കു സമർപ്പിക്കുന്നു.  ഓരോ പ്രവൃത്തിയും അങ്ങേക്കുള്ള ഒരു സമ്മാനമായി മാറുകയും എന്റെ ദിവസം മുഴുവൻ അങ്ങേക്ക് ബഹുമാനവും മഹത്ത്വവും അർപ്പിക്കുകയും ചെയ്യട്ടെ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പന്ത്രണ്ടാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

നോമ്പുകാലത്തിനുള്ള വിഭവങ്ങൾ

മാർച്ച് 3 – വിശുദ്ധ കാതറിൻ ഡ്രെക്സൽ, കന്യക

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ