മലയാളം

വിചിന്തനം 227: മനുഷ്യരുടെ പദ്ധതികൾ വിഫലമാകുന്നു

ഛായാഗ്രഹണം: Rainier Ridao — Unsplash

വീഡിയോ

നമ്മുടെ ജീവിതത്തിനും ദൈവമഹത്വത്തിനുമായി മഹത്തായതെന്ന് നാം കരുതുന്ന ഒരു പദ്ധതി ആവിഷ്കരിക്കുക എളുപ്പമാണ്. നമുക്ക് ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ വികസിപ്പിച്ച് ക്രമീകരിക്കാനും കഴിയും; എന്നാൽ ഒടുവിൽ നാം ആവിഷ്കരിച്ചത് ദൈവത്തിന്റെ മനസ്സിലുള്ളതല്ലെന്ന് തിരിച്ചറിഞ്ഞേക്കാം. ചിലർക്ക് പറ്റുന്ന തെറ്റ് ഇതാണ്: ദൈവം സംസാരിക്കുന്നത് ആത്മാർഥമായി ശ്രവിക്കാൻ അവർ പരാജയപ്പെട്ടു; അതിനാൽ, തങ്ങളുടെ ജീവിതത്തിനും ദൈവത്തെ മഹത്വപ്പെടുത്തുന്ന സൽപ്രവൃത്തികൾക്കുമായി അവിടുത്തെ പൂർണ്ണമായ പദ്ധതി വെളിപ്പെടുത്താൻ അവിടുത്തെ അനുവദിക്കുന്നതിലും അവർ പരാജയപ്പെട്ടു. ദൈവഹിതമല്ലാത്ത ഒരു കാര്യം സംഭവിക്കുകയില്ല എന്നതാണ് വസ്തുത. ദൈവഹിതത്താൽ നമ്മുടെ പദ്ധതികൾ വിഫലമാകുന്നു. ഇതു നല്ലതുമാണ്. ദൈവഹിതത്തിന് വിരുദ്ധമായ ഏതെങ്കിലും ആശയം നമ്മുടെമേൽ അടിച്ചേൽപ്പിക്കാൻ മറ്റുള്ളവർ ശ്രമിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. നാം കർത്താവിൽ ആശ്രയിക്കുമ്പോൾ അവിടുന്ന് എപ്പോഴും ഇതിൽനിന്ന് നമ്മെ സംരക്ഷിക്കുന്നു. ചിലപ്പോൾ, തിന്മകൾ നമ്മെ ബാധിക്കാൻ അവിടുന്ന് തന്റെ അനുവദിക്കുന്ന തിരുഹിതത്തിന്റെ ഭാഗമായി സമ്മതിക്കുന്നു എന്നത് സത്യമാണ്. എന്നാൽ, ഇത് നമ്മുടെ വിശുദ്ധീകരണത്തിനായുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമായി കാണണം; തന്റെ പരിപാലനയിൽ കൂടുതൽ ആഴമായി ആശ്രയിക്കാൻ അവിടുന്ന് ഇതിലൂടെ നമുക്ക് അവസരം നൽകുന്നു (കാണുക ഡയറി #1180).

സ്വന്തമായ ഒരു പദ്ധതിയോ ആശയമോ രൂപപ്പെടുത്തുന്നതിനുമുമ്പ് നിങ്ങൾ ആത്മാർഥമായി ദൈവഹിതം അന്വേഷിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യുക. ഇതിന് ക്ഷമയും സമർപ്പണവും ആവശ്യമാണ്. നമ്മുടെ സ്വന്തം പ്രേരണകളും ഇഷ്ടങ്ങളും ത്യജിച്ച്, സംസാരിക്കാനും പ്രവർത്തിക്കാനും കർത്താവിനെ അനുവദിക്കേണ്ടതുണ്ട്. നിങ്ങളുടെ ജീവിതത്തിനായി നിങ്ങൾ ആസൂത്രണം ചെയ്തിട്ടും സഫലമാകാതെപോയ പദ്ധതികളെക്കുറിച്ചും വിചിന്തനം ചെയ്യുക. ഒന്നുകിൽ നിങ്ങളുടെ ഭാഗത്തുണ്ടായ വിശ്വാസക്കുറവിന്റെ ഫലമായോ, അല്ലെങ്കിൽ നിങ്ങളുടെ പദ്ധതി ദൈവഹിതത്തോട് യോജിക്കാതിരുന്നതുകൊണ്ടോ ആണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കുക. കഴിഞ്ഞകാലത്ത് നിങ്ങൾ അനുഭവിച്ച ഏതൊരു “പരാജയവും” സമർപ്പിക്കുകയും ദൈവഹിതം മാത്രം അന്വേഷിക്കാനുള്ള നിങ്ങളുടെ പ്രതിബദ്ധത പുതുക്കുകയും ചെയ്യുക.

കർത്താവേ, അങ്ങയുടെ പൂർണ്ണമായ ജ്ഞാനത്താൽ അങ്ങ് എന്റെ ജീവിതത്തെ നയിക്കുകയും അങ്ങേയ്ക്ക് പരിപൂർണ്ണ മഹത്വം നൽകാൻ എന്നെ വഴിനടത്തുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ്, അങ്ങ് മാത്രം, എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് അതിന്റെ ചുമതല ഏറ്റെടുക്കേണ്ടതിന്, എന്റെ നിയന്ത്രണമില്ലാത്ത പ്രേരണകളും ഇഷ്ടങ്ങളും ത്യജിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ എല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 15 – പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ