വിശുദ്ധ ബെനഡിക്ടിനോടൊപ്പം വിശുദ്ധ സ്കൊളാസ്റ്റിക്ക രചന: Lawrence OP, അനുമതിപത്രം CC BY-NC-ND 2.0.
മറ്റൊരാളുമായി യഥാർഥത്തിൽ അടുത്ത ബന്ധം പുലർത്താനും ആ വ്യക്തിയെ ആഴത്തിൽ മനസ്സിലാക്കാനും നിരന്തരം സംസാരിക്കുകയും മനസ്സിലെയും ഹൃദയത്തിലെയും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുകയും ചെയ്യേണ്ടതുണ്ടോ? ഇരുവരുടെയും ആത്മാക്കൾ ദൈവവുമായി ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നുവെങ്കിൽ അതിന്റെ ആവശ്യമില്ല. അങ്ങനെയെങ്കിൽ, തങ്ങൾ പങ്കുവയ്ക്കുന്ന ഐക്യം തിരിച്ചറിയാനും പരസ്പരം മനസ്സിലാക്കാനും വളരെ കുറച്ചു വാക്കുകൾ മാത്രം മതിയാകും. ദൈവം ഓരോരുത്തരിലും സജീവമായി വസിക്കുമ്പോൾ, അവരെ ഒന്നിപ്പിക്കുന്നതും പരസ്പരം അറിയാൻ പ്രാപ്തരാക്കുന്നതും അവിടുത്തെ സാന്നിധ്യമാണ്. ഇതിലൂടെ ആത്മീയ ബന്ധുത്വമെന്ന അനുഗ്രഹം ലഭിക്കുന്നു. മറ്റൊരു വഴിയിലൂടെയും അത് കൈവരിക്കാനാവില്ല; വർഷങ്ങളോളം നിരന്തരം സംസാരിക്കുകയും കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്താൽപ്പോലും. ദൈവത്തെക്കുറിച്ച് ഇരുവരും പങ്കുവയ്ക്കുന്ന അറിവിൽനിന്ന് ഉളവാകുന്ന ഐക്യം, മനോഹരമായ ഒരു സൗഹൃദം വളർത്തിയെടുക്കുന്നതിൽ മറ്റേതൊരു മാർഗത്തെക്കാളും ഏറെ ശ്രേഷ്ഠവും ഏറെ ഫലപ്രദവുമാണ് (കാണുക ഡയറി #768).
നിങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ച് ചിന്തിക്കുക. ആ ബന്ധങ്ങളുടെ അടിസ്ഥാനം എന്താണ്? നിങ്ങളുടെ സൗഹൃദങ്ങൾ നിങ്ങളുടെ വിശ്വാസജീവിതത്തിലും ദൈവത്തോടുള്ള സ്നേഹത്തിലും വേരൂന്നിയവയായിരിക്കട്ടെ. സുഹൃത്തുക്കളുമായി നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് എത്ര അനായാസമായി സംസാരിക്കാൻ കഴിയുന്നുവെന്ന് വിചിന്തനം ചെയ്യുക. എല്ലാവർക്കും സൗഹൃദവും സ്നേഹവും നൽകുന്നത് നല്ലതാണെങ്കിലും, ആത്മീയ ബന്ധുത്വം പങ്കുവയ്ക്കാൻ കഴിയുന്നവരെ അന്വേഷിക്കുന്നതും ഉചിതമാണ്. സ്നേഹത്തിന്റെയും ആത്മീയ സൗഹൃദത്തിന്റെയും ഈ ആഴം പങ്കുവയ്ക്കാൻ കഴിയുന്ന മറ്റുള്ളവരിലേക്ക് നിങ്ങളെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുക. അവരിലൂടെ കർത്താവ് തന്റെ കരുണയുടെ സമൃദ്ധിയാൽ നിങ്ങളെ അനുഗ്രഹിക്കും.
കർത്താവേ, അങ്ങയിൽ ഉറച്ച വിശ്വാസമുള്ളവരെ എന്റെ ജീവിതത്തിൽ ദാനമായി നൽകിയതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ആ സൗഹൃദങ്ങളെ ആശ്രയിക്കാനും അവയിൽ അങ്ങയുടെ കരുണയുള്ള ഹൃദയം കണ്ടെത്താനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ അങ്ങ് നൽകിയ എല്ലാവർക്കും കരുണയുടെ ഉപകരണമാകാനും എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. അങ്ങയുടെ സൗഹൃദമെന്ന ഈ അമൂല്യദാനത്തിനും എന്നോടുള്ള അങ്ങയുടെ സ്നേഹത്തിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 31 – പരിശുദ്ധ ത്രിത്വത്തിന്റെ മഹോത്സവം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




