ഹെൻറിക് സിയെമിറാഡ്സ്കി വരച്ച ‘മാർത്തയുടെയും മറിയത്തിന്റെയും ഭവനത്തിൽ ക്രിസ്തു’
വലിയ അധികാരമുള്ള ഒരാളെ കണ്ടുമുട്ടുന്നത് ആവേശത്തിനു കാരണമാകാം. ഉദാഹരണത്തിന്, നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയുടെ അധ്യക്ഷനെ കാണുന്നതോ, പ്രശസ്തനായ ഒരാളെ ആദ്യമായി കണ്ടുമുട്ടുന്നതോ, മെത്രാനെയോ പരിശുദ്ധ പിതാവിനെയോ കാണുന്നതോ എല്ലാം ഒരളവുവരെ ആവേശം ഉളവാക്കിയേക്കാം. എന്നാൽ അത് ഒരളവുവരെ ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. തീർച്ചയായും, നിങ്ങൾ ജീവിതത്തിൽ കണ്ടുമുട്ടുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും “സ്വാധീനശക്തിയുള്ളതും” നിങ്ങളുടെ ദൈവമാണ്. ദൈവം സർവശക്തനും സർവജ്ഞനുമാണ്; അതായത്, എല്ലാ ശക്തിയുമുള്ളവനും എല്ലാം അറിയുന്നവനും. അവിടുന്ന് സ്നേഹസമ്പൂർണനുമാണ്. ആ പരിപൂർണ സ്നേഹത്തിൽ, നിങ്ങളോടു സംസാരിക്കാനും നിങ്ങളെ പരിപാലിക്കാനും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും അവിടുന്ന് തന്റെ കൃപയുടെയും മഹിമയുടെയും സിംഹാസനത്തിൽനിന്ന് ഇറങ്ങിവരുന്നു. ആനന്ദത്തിന്റെ സമൃദ്ധിയാൽ നിങ്ങളെ നിറയ്ക്കാനാണ് അവിടുന്ന് വരുന്നത്. നമ്മുടെ കർത്താവുമായുള്ള ഓരോ “കൂടിക്കാഴ്ചയും” വലിയ ആവേശം നിറഞ്ഞതായിരിക്കണം. അതായത്, നിങ്ങൾ ജീവിതത്തിൽ അറിയാനിടയാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ വ്യക്തിയുമായുള്ള കൂടിക്കാഴ്ചയെ ഗൗരവത്തോടെ കാണുകയും അവിടുത്തേക്ക് ശ്രദ്ധയും സ്നേഹവും തിരികെ നൽകുകയും വേണം (കാണുക ഡയറി #885).
പ്രാർഥനയിൽ അവിടുത്തെ സമീപിക്കുമ്പോൾ നിങ്ങളുടെ ആന്തരിക അനുഭവം എന്താണ്? അമിതമായ ലാഘവത്തോടെയും ഒരുക്കമില്ലാതെയുമാണോ നിങ്ങൾ അവിടുത്തെ കണ്ടുമുട്ടുന്നത്? അവിടുത്തെ ഒഴിവാക്കാനുള്ള വഴികൾ തേടാൻ ഇടയാക്കുന്ന ഭയവും ഉത്കണ്ഠയും ഉളവാക്കുന്ന ഒരു കൂടിക്കാഴ്ചയാണോ അത്? അതോ, തന്റെ കൃപയുടെ സിംഹാസനത്തിൽനിന്ന് ഇറങ്ങിവന്ന്, ബലഹീനതയിലും പാപത്തിലും കഴിയുന്ന നിങ്ങളോടു സംസാരിക്കാൻ തക്കവിധം പ്രപഞ്ചത്തിന്റെ ദൈവം നിങ്ങൾക്കായി കരുതുന്നു എന്ന സത്യം നിങ്ങൾക്ക് ആശ്വാസവും സാന്ത്വനവും പകരാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? കർത്താവിന്റെ പൂർണമായ എളിമ നിങ്ങളെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും പൂർണഹൃദയത്തോടെ അവിടുത്തെ പക്കലേക്കു തിരിയാൻ നിങ്ങൾക്കു ധൈര്യം നൽകുകയും ചെയ്യേണ്ടതാണ്.
കർത്താവേ, എന്നോടുള്ള അങ്ങയുടെ സ്നേഹം എന്നെ വിസ്മയിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ദൈവമായ അങ്ങ്, ബലഹീനതയിലും പാപത്തിലും കഴിയുന്ന എന്റെ പക്കലേക്കു വരുന്നു. അങ്ങ് എന്നെ ശ്രദ്ധിക്കുകയും സ്നേഹനിധിയായ ഒരു പിതാവിന്റെ പരിപൂർണമായ പരിപാലനം എനിക്കു നൽകുകയും ചെയ്യുന്നു. അങ്ങയുടെ കൃപയുടെ സിംഹാസനത്തിൽനിന്ന് ഇറങ്ങിവന്ന് എന്റെ ആത്മാവിലേക്കു പ്രവേശിക്കുമ്പോൾ അങ്ങ് പ്രകടമാക്കുന്ന എളിമയെ ഓർത്ത് എപ്പോഴും വിസ്മയാദരവോടെ കഴിയാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




