മലയാളം

വിചിന്തനം 168: മറ്റുള്ളവർക്കുവേണ്ടി ദൈവത്തിന്റെ കരുണ യാചിക്കുക

ഹെൻറിക് സെമിറാഡ്സ്കിയുടെ ക്രിസ്തുവും പാപിയും

വീഡിയോ

നരകാഗ്നിയിൽനിന്ന് പാപികളെ മോചിപ്പിക്കാൻ ശക്തിയുള്ളത് ഒന്നിനു മാത്രമാണ്. അത് കരുണയാണ്. ദൈവം തന്റെ കരുണ സൗജന്യമായും സമൃദ്ധമായും നൽകുന്നു. എന്നാൽ അങ്ങേയറ്റത്തെ വിശ്വാസത്തോടും ശിശുസഹജമായ ആശ്രയബോധത്തോടുംകൂടി നാം പ്രാർഥിക്കുമ്പോൾ, നമ്മുടെ പ്രാർഥനകൾക്കു മറുപടിയായും തന്റെ കരുണ നൽകാൻ അവിടുന്ന് തിരുമനസ്സായിട്ടുണ്ട്. നിർമ്മലവും പാപികളോടുള്ള സ്നേഹത്താൽ നിറഞ്ഞതുമായ ഒരു ഹൃദയത്തിന്റെ അപേക്ഷ നിരസിക്കാൻ യേശുവിനു കഴിയുകയില്ല. നിങ്ങളുടെ ഹൃദയവും ഇങ്ങനെയായിത്തീരണം. കരുണയ്ക്കായുള്ള നിങ്ങളുടെ അപേക്ഷയ്ക്ക് മറുപടി നൽകാൻ കർത്താവ് “കടപ്പെട്ടുപോകുന്ന” വിധം തീക്ഷ്ണമായ സ്നേഹത്തോടെ പാപികളെ സ്നേഹിക്കാൻ നിങ്ങൾ പരിശ്രമിക്കണം. നിങ്ങളുടെ ഹൃദയത്തിലുള്ള സ്നേഹത്തിനു മറുപടിയായി, സ്നേഹത്താൽ അവിടുന്ന് സ്വയം കടപ്പെട്ടവനാകുന്നു (കാണുക ഡയറി #873).

ദൈവത്തിന്റെ കരുണയ്ക്കുമേൽ നിങ്ങൾക്ക് ഒരുതരം “ശക്തി” ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? കർത്താവ് അങ്ങനെ തിരുമനസ്സാകുന്നതുകൊണ്ടു മാത്രമാണ് ഇത് സാധ്യമാകുന്നത്. നിങ്ങളുടെ ഹൃദയത്തിലുള്ള സ്നേഹത്തിനു മറുപടിയായി, നിങ്ങൾ സ്നേഹിക്കുന്നവരുടെമേൽ തന്റെ കരുണ സമൃദ്ധമായി വർഷിക്കാൻ അവിടുന്ന് തിരുമനസ്സായിരിക്കുന്നു. നിങ്ങളുടെ സ്നേഹം നിർമ്മലവും അചഞ്ചലവുമാകുമ്പോൾ, ക്രിസ്തുവിന്റെ ഹൃദയം തന്റെ കൃപ ചൊരിയുന്ന ഒരു വാതിലായി അതു മാറുന്നു. പാപികളോടുള്ള നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുകയും ആ സ്നേഹത്തെ നിങ്ങളുടെ ശക്തമായ പ്രാർഥനയായി കർത്താവിന്റെ മുമ്പിൽ സമർപ്പിക്കുകയും ചെയ്യുക. അവിടുന്ന് നിങ്ങളുടെ സ്നേഹം കണ്ട് അത്യുദാരമായി മറുപടി നൽകും.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; പാപികളെയും ഞാൻ സ്നേഹിക്കുന്നു. എല്ലാ മനുഷ്യരെയും കൂടുതൽ ആഴമായി സ്നേഹിക്കാനും ആ സ്നേഹം എന്റെ നിർമ്മലമായ പ്രാർഥനയായി അങ്ങേക്കു സമർപ്പിക്കാനും എന്നെ സഹായിക്കണമേ. എന്റെ ഹൃദയത്തിലെ സ്നേഹം അങ്ങ് കൃപ ചൊരിയുന്നതിനു കാരണവും അങ്ങയുടെ ദൈവകരുണയുടെ ഉപകരണവുമായിത്തീരട്ടെ. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ