മലയാളം

വിചിന്തനം 200: സ്നേഹത്തിന്റെയും സഹനത്തിന്റെയും ഐക്യം

ചിത്രത്തിന് കടപ്പാട്: Unsplash

വീഡിയോ

സ്നേഹവും സഹനവും പരസ്പരവിരുദ്ധമാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വളരെയധികം സഹനം അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കു വലിയ സ്നേഹവും ഉണ്ടായിരിക്കുമോ? ചിന്തിക്കേണ്ട ഒരു ചോദ്യം ഇതാണ്: നിങ്ങളുടെ സഹനത്തിന്റെ ഉറവിടം എന്താണ്? അത് നിങ്ങളുടെ പാപമാണോ? മറ്റൊരാളോടുള്ള അനുകമ്പയാണോ? അത് ശാരീരികമോ മാനസികമോ ആയ ഒരു മുറിവാണോ? നിങ്ങളുടെ ഹൃദയത്തിൽ ഓരോ സഹനവും സ്നേഹത്തോടു ചേർത്തുവയ്ക്കാൻ കഴിയും എന്നതാണ് സത്യം. നിങ്ങളുടെ പാപത്തിന്റെ ഫലമായി നിങ്ങൾ അനുഭവിക്കുന്ന സഹനത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. പാപം ദൈവത്തിൽനിന്നുള്ളതല്ല എന്നതു വ്യക്തമാണ്. എന്നാൽ നിങ്ങളുടെ പാപത്തിന്റെ ഫലമായി നിങ്ങൾ ആന്തരികമായ സഹനം അനുഭവിക്കുമ്പോൾ, അത് നിങ്ങളുടെ മനസ്സാക്ഷി പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളമാണ്; അതു നല്ലതാണ്. പാപത്തിൽനിന്നോ മറ്റേതെങ്കിലും കാരണത്തിൽനിന്നോ ഉണ്ടാകുന്ന, നിങ്ങൾ അനുഭവിക്കുന്ന എല്ലാത്തരം സഹനങ്ങളെയും കരുണയ്ക്കുള്ള പ്രേരണയായി മാറാൻ അനുവദിക്കുക എന്നതാണ് ലക്ഷ്യം. ആദ്യം, നിങ്ങൾ അനുഭവിക്കുന്ന വേദനയെ ശമിപ്പിക്കാൻ ദൈവത്തിന്റെ കരുണയെ അനുവദിക്കണം. തുടർന്ന്, കർത്താവിന്റെ കരുണയിൽനിന്നു വരുന്ന ആ സ്നേഹം നിങ്ങളുടെ സഹനത്തെ നിങ്ങളുടെ സ്വന്തം കരുണയായി രൂപാന്തരപ്പെടുത്താൻ അനുവദിക്കണം. സഹനവും കരുണയും നിങ്ങളുടെ ഹൃദയത്തിൽ സംഗമിക്കുകയും അവിടെനിന്ന് മറ്റുള്ളവരിലേക്ക് എത്തുകയും വേണം (കാണുക ഡയറി #1050).

നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? നിങ്ങൾ അനുഭവിക്കുന്ന സഹനങ്ങൾ ഏതൊക്കെയെന്ന് വ്യക്തമായി തിരിച്ചറിയുക. കാരണം എന്തുതന്നെയായാലും, അവയെ നേരിൽ കണ്ട് അനുഭവിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന കൃപ നിങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. ആ കൃപയെ സ്വീകരിക്കുമ്പോൾ, നിങ്ങളുടെ വേദനയെ രൂപാന്തരപ്പെടുത്തി, നിങ്ങളോടുതന്നെ തുടങ്ങി എല്ലാവരോടും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയം നിങ്ങൾക്കു നൽകാൻ അവിടുത്തെ അനുവദിക്കുക. ദൈവത്തിന്റെ കരുണ സമൃദ്ധമാണ്; ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാറ്റിനെയും, നമ്മുടെ വേദനയെപ്പോലും, അതിനു മൂടാൻ കഴിയും. നിങ്ങളുടെ ഹൃദയത്തിൽ നിങ്ങളുടെ വേദന ദൈവകരുണയുമായി സംഗമിക്കട്ടെ; അപ്പോൾ നിങ്ങൾ എന്നേക്കുമായി രൂപാന്തരപ്പെടും.

കർത്താവേ, എന്റെ ഹൃദയത്തിലേക്ക് ഞാൻ അങ്ങയെ ക്ഷണിക്കുന്നു. അവിടെ വന്നു വസിക്കുകയും അങ്ങയുടെ ദൈവകരുണ സമൃദ്ധമായി ചൊരിഞ്ഞുകൊണ്ട് എന്റെ ഉള്ളിലുള്ള എല്ലാറ്റിനെയും രൂപാന്തരപ്പെടുത്തുകയും ചെയ്യണമേ. പ്രിയ കർത്താവേ, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും, എന്റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യം അങ്ങയുടെ മഹത്ത്വത്തിനായി എന്നെ മാറ്റാൻ അനുവദിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ