ഏതെങ്കിലും വിധത്തിൽ ഒരു നിഗൂഢ ആത്മീയാനുഭവത്തിലൂടെ പെസഹാവ്യാഴാഴ്ച രാത്രിയിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്കു കഴിഞ്ഞാൽ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കുക. ഈശോ അനുഭവിച്ച സകലതും കാണാനും അനുഭവിക്കാനും നിങ്ങൾക്കു കഴിഞ്ഞാലോ എന്നും സങ്കൽപ്പിക്കുക. തോട്ടത്തിലെ പ്രാണവേദന, പരിഹാസവും ക്രൂരമായ പെരുമാറ്റവും, അവഹേളനം, കാരാഗൃഹത്തിൽ തനിച്ചായിരുന്ന രാത്രി, വിചാരണ, ചമ്മട്ടിയടി, കുരിശുചുമക്കൽ, കുരിശുമരണം എന്നിവ സങ്കൽപ്പിക്കുക. ഇതെല്ലാം താങ്ങാനാവുന്നതിലുമപ്പുറമായിരിക്കും. ഈശോയെയും അവിടുത്തെ ആന്തരികവും ബാഹ്യവുമായ സകല പീഡകളെയും അഭിമുഖീകരിക്കുന്നത് നിങ്ങളെ തളർത്തിക്കളയും. എന്നാൽ നിങ്ങൾക്ക് അതിനു കഴിയുകയും അവിടുത്തെ ഓരോ അനുഭവത്തെയും അഭിമുഖീകരിക്കുകയും ചെയ്താൽ, അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അവഗണിക്കരുത്. അവയിൽനിന്ന് മുഖം തിരിക്കുകയോ അവയെ ഒഴിവാക്കുകയോ ചെയ്യരുത്. നമ്മിൽ ഓരോരുത്തരും അവിടുത്തെ പീഡാനുഭവത്തെ അഭിമുഖീകരിക്കുകയും മനസ്സിലാക്കുകയും സ്നേഹിക്കുകയും ജീവിതത്തിൽ ഉൾക്കൊള്ളുകയും വേണം. ഇങ്ങനെ ചെയ്യുമ്പോൾ നാം എന്നേക്കുമായി മാറും (കാണുക ഡയറി #1054).
ഈശോയുടെ നിഗൂഢവും അഗാധവുമായ പീഡാനുഭവങ്ങളിലേക്ക് ആഴത്തിൽ ആകർഷിക്കപ്പെടാൻ സ്വയം അനുവദിച്ചുകൊണ്ട് ഇന്ന് കുറച്ചുസമയം ചെലവഴിക്കാൻ ശ്രമിക്കുക. താൻ സഹിച്ചവയുടെ ഒരു ചെറിയ അനുഭവം നിങ്ങൾക്കു വെളിപ്പെടുത്തിത്തരാൻ കർത്താവിനെ അനുവദിക്കുക. അവിടുത്തെ പീഡാനുഭവങ്ങളെ അഭിമുഖീകരിക്കുകയെന്നത് ഒരു വലിയ തിന്മയെ അഭിമുഖീകരിക്കുക മാത്രമല്ല; മറിച്ച്, സ്നേഹത്തെ അതിന്റെ ഏറ്റവും നിർമ്മലമായ രൂപത്തിൽ അഭിമുഖീകരിക്കുകയാണ്. കുരിശിനെയും അത് ഉൾക്കൊണ്ട സകലത്തെയും അഭിമുഖീകരിക്കുകയെന്നത്, ഇതുവരെ അനുഭവിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഇടർച്ചയിലൂടെ വെളിപ്പെട്ട, ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഏറ്റവും മഹത്തായ സ്നേഹപ്രവൃത്തിയെ അഭിമുഖീകരിക്കുകയാണ്. ദൈവത്തിന്റെ പീഡാനുഭവത്തിൽ അവിടുത്തെ സ്നേഹം കണ്ടെത്തുമ്പോൾ, അത് നമ്മിൽ വിശുദ്ധമായ വിസ്മയം ഉണർത്തുന്നു. ഇന്ന് ഇതിനെക്കുറിച്ച് ധ്യാനിക്കുക, അത് നിങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കട്ടെ, ഈ രഹസ്യം മനസ്സിലാക്കാൻ ശ്രമിക്കുക, അതിലൂടെ നിങ്ങളെ രൂപാന്തരപ്പെടുത്താൻ ദൈവത്തെ അനുവദിക്കുക.
കർത്താവേ, അങ്ങയുടെ കുരിശാകുന്ന സിംഹാസനത്തിൽ ഇരിക്കുന്ന അങ്ങയിലേക്കു തിരിയാനും, ഇപ്പോഴും നിത്യതയിലുടനീളവും അങ്ങയെ നോക്കിക്കൊണ്ടിരിക്കാനും എനിക്കു കൃപ നൽകണമേ. അങ്ങയിലും അങ്ങ് സഹിച്ച സകലതിലും എന്റെ ദൃഷ്ടി ഉറപ്പിക്കുമ്പോൾ, സ്നേഹത്തെ അതിന്റെ ഏറ്റവും നിർമ്മലമായ രൂപത്തിൽ കണ്ടെത്താൻ എന്നെ സഹായിക്കണമേ. പീഡിതനായ എന്റെ കർത്താവായ ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 20 – വിശുദ്ധ അപ്പോളിനാരിസ്, മെത്രാനും രക്തസാക്ഷിയും—ഐച്ഛിക അനുസ്മരണം
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





