ഛായാഗ്രഹണം: Tj Holowaychuk, Unsplashൽ നിന്ന്
വീഡിയോ
രൂപംകൊണ്ടുവരുന്ന ഇതളുകളെ ചുറ്റിപ്പൊതിഞ്ഞ്, അവ വളരുമ്പോൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന പുറം ഇലയാണ് പൂവിന്റെ ബാഹ്യദളപുടം. ഇളം ഇതളുകൾക്കു വളരാൻ ഒരുതരം “വളർത്തിടമായി” അത് മാറുന്നു. മറഞ്ഞിരിക്കുന്ന ഈ ഇടത്തിനുള്ളിൽ അവ വളരുമ്പോൾ, ബാഹ്യദളപുടം അവയെ സുരക്ഷിതമായി സൂക്ഷിക്കുന്നു. അവ വളർച്ച പ്രാപിച്ചുകഴിയുമ്പോൾ, ബാഹ്യദളപുടം തുറന്ന് ഉള്ളിലെ സൗന്ദര്യം വെളിപ്പെടുത്തുന്നു. നിങ്ങളുടെ ആത്മാവിന്റെ കാര്യവും അങ്ങനെതന്നെയാണ്. ഉള്ളിൽ തളിർക്കുന്ന പുണ്യങ്ങളെ പരിപോഷിപ്പിക്കാനായി ദൈവകരുണയുടെ മഞ്ഞുതുള്ളികൾ മെല്ലെ ഉള്ളിലേക്ക് ഇറങ്ങുമ്പോൾ, നിങ്ങളുടെ ആന്തരിക പുണ്യങ്ങളെ സംരക്ഷിക്കുന്ന ദൈവദാനമാണ് “നിങ്ങളുടെ ആത്മാവിന്റെ ബാഹ്യദളപുടം”. ആ പുണ്യങ്ങൾ പൂർണവളർച്ച പ്രാപിക്കുമ്പോൾ അവയുടെ തേജസ്സ് പുറത്തേക്കു പ്രകാശിക്കുന്നു. അങ്ങനെ, ദൈവത്തിന്റെ ഈ സൃഷ്ടിയിലേക്കു നോക്കുന്ന എല്ലാവർക്കും കൃപയുടെ സുഗന്ധം ദൃശ്യമാകുന്നു (കാണുക ഡയറി #1064).
ഇന്ന് നിങ്ങളുടെ ആത്മാവിലേക്കു നോക്കുക. എന്താണ് നിങ്ങൾ കാണുന്നത്? പാപവും ദുഷിപ്പും കാണുന്നുണ്ടോ? അങ്ങനെയെങ്കിൽ, അതിനെക്കുറിച്ച് അനുതപിക്കുകയും കുമ്പസാരത്തിലൂടെ അതിനെ സുഖപ്പെടുത്താൻ ദൈവത്തിന്റെ കരുണയെ അനുവദിക്കുകയും ചെയ്യുക. അതിനുശേഷം, നിങ്ങളുടെ ആത്മാവിന്റെ ഉള്ളറകളെ പരിപോഷിപ്പിക്കാനും അങ്ങനെ അവിടുത്തെ മഹിമയുടെ മറഞ്ഞിരിക്കുന്ന ഒരു വിശുദ്ധസ്ഥാനം ഉള്ളിൽ രൂപപ്പെടുത്താനും ദൈവകരുണയെ അനുവദിക്കുക. നിങ്ങളുടെ ആത്മാവിനെ മനോഹരമാക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഉള്ളിൽനിന്ന് നിങ്ങളെ രൂപപ്പെടുത്തുമ്പോൾ, തക്കസമയത്ത് ആ പുണ്യങ്ങൾ പ്രകാശിക്കാൻ അവിടുന്ന് ഇടയാക്കും. അവിടുത്തെ കാത്തിരിക്കുക; അവിടുത്തെ ആർദ്രമായ കരുതലിന്റെ മഞ്ഞുതുള്ളികൾ ഉള്ളിലേക്ക് ഇറങ്ങി അവിടുത്തെ ശ്രേഷ്ഠസൃഷ്ടിക്ക് രൂപം നൽകട്ടെ. ഇന്ന് നിങ്ങളുടെ ഉള്ളിലെ ഈ വിശുദ്ധസ്ഥാനത്തെക്കുറിച്ച് ധ്യാനിക്കുക. ദൈവം തന്റെ അത്ഭുതകരമായ പ്രവൃത്തി നിർവഹിക്കുമ്പോൾ, നിങ്ങളുടെ ആത്മാവിനെ പൊതിഞ്ഞുസൂക്ഷിക്കുന്ന സംരക്ഷണത്തിൽ ആനന്ദിക്കുക; ഉള്ളിൽ രൂപംകൊള്ളുന്നതു കണ്ട് ആശ്വാസം നേടുക. എല്ലാം കൃപയ്ക്കു സമർപ്പിക്കുക. ലോകത്തിനായുള്ള തന്റെ പ്രകാശപൂർണവും സുഗന്ധപൂരിതവുമായ സമ്മാനമായി നിങ്ങളെ രൂപാന്തരപ്പെടുത്താൻ സകലത്തിന്റെയും സ്രഷ്ടാവിനെ അനുവദിക്കുക.
കർത്താവേ, എന്റെ ആത്മാവിലെ ഈ ആന്തരിക വിശുദ്ധസ്ഥാനത്തിന്റെ സുരക്ഷയ്ക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ ഉള്ളിൽ അങ്ങയുടെ പുതിയ സൃഷ്ടിക്കു രൂപം നൽകുമ്പോൾ, എന്നെ പരിപോഷിപ്പിക്കാനായി സൗമ്യമായി ഉള്ളിലേക്കു കടന്നുവരുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങയുടെ കരുണയുടെ മഞ്ഞുതുള്ളികൾ എന്റെ പാപത്തിന്റെ ദുഷിപ്പിന് സൗഖ്യവും ക്ഷമയും നൽകട്ടെ. അങ്ങ് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന പുണ്യങ്ങൾ എന്നിൽ രൂപപ്പെടുത്താൻ കഴിയേണ്ടതിന് അവ എന്നെ ശക്തിപ്പെടുത്തട്ടെ. അങ്ങയുടെ പരിപൂർണമായ ജ്ഞാനത്തിനും ശക്തിക്കും ഞാൻ നന്ദി പറയുന്നു; അങ്ങയുടെ ആർദ്രമായ കരുതലിന് ഞാൻ എന്നെത്തന്നെ ഏൽപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 23 – സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത്, സന്ന്യാസിനി
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




