മലയാളം

വിചിന്തനം 218: ദൈവത്തെക്കുറിച്ചുള്ള ഒരൊറ്റ ഉൾക്കാഴ്ച

ക്രിസ്തുവും ധനികനായ യുവ ഭരണാധികാരിയും, രചന: ഹൈൻറിഖ് ഹോഫ്മാൻ

വീഡിയോ

ദൈവത്തെയും അവിടുത്തെ വഴികളെയും മനസ്സിലാക്കുന്നത് പ്രധാനമാണ്. എന്നാൽ മനസ്സിലാക്കുക എന്നതും അനുഭവിച്ചറിയുക എന്നതും ഒന്നല്ല. ദൈവത്തെ അറിയുക എന്നതിനർഥം നാം ഒരു വ്യക്തിയെ കണ്ടുമുട്ടുന്നു എന്നതാണ്. ഈ വ്യക്തി പറയുന്നതു മനസ്സിലാക്കുക മാത്രമല്ല നാം ചെയ്യുന്നത്; മറിച്ച്, ഈ വ്യക്തിയുമായി ഇടപഴകുകയും കണ്ടുമുട്ടുകയും അനുഭവിച്ചറിയുകയും ഒരു ബന്ധത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, ഈ ജീവിതത്തിൽ നമുക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് ദൈവത്തെക്കുറിച്ചുള്ള ഒരൊറ്റ ഉൾക്കാഴ്ചയെങ്കിലും ലഭിക്കുക എന്നതാണ്. അവിടുത്തെക്കുറിച്ചുള്ള ഒരൊറ്റ ഉൾക്കാഴ്ച, അവിടുത്തോടുള്ള ഒരൊറ്റ കണ്ടുമുട്ടൽ, അവിടുത്തെ ഒരിക്കലെങ്കിലും അനുഭവിച്ചറിയൽ—ഇതുമാത്രം മതി നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കാൻ. ദൈവത്തെ യഥാർഥമായി അനുഭവിച്ചറിയുന്ന ഒരു പ്രവൃത്തി, ജീവിതത്തിൽ നമുക്കു ചെയ്യാൻ കഴിയുന്ന മറ്റേതൊരു പ്രവൃത്തിയെക്കാളും പ്രധാനമാണ് (കാണുക: ഡയറി #1133).

ലോകത്തിലെ എല്ലാ സമ്പത്തും പ്രശസ്തിയും വൻവിജയവും പ്രതിഷ്ഠയും നിങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെട്ടാൽ, നിങ്ങൾ അവ സ്വീകരിക്കുമോ? മിക്കവാറും സ്വീകരിക്കും. വിജയിക്കുക, സമ്പന്നരാകുക, അറിയപ്പെടുക, വലിയ ബഹുമതി നേടുക എന്നിവ പലപ്പോഴും നാം ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇവയൊന്നും സ്വതവേ മോശമല്ല. എന്നാൽ ദൈവത്തെ അറിയാനുള്ള നമ്മുടെ ആഗ്രഹത്തേക്കാൾ ഇവ നമുക്കു പ്രധാനമായിത്തീരുകയും ആ പരമമായ ലക്ഷ്യത്തിൽനിന്ന് നമ്മെ വ്യതിചലിപ്പിക്കുകയും ചെയ്യുന്ന നിമിഷംമുതൽ ഈ ആഗ്രഹങ്ങളിൽ ഗുരുതരമായ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. ദൈവമെന്ന വ്യക്തിയെതന്നെ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതലായി ലൗകിക കാര്യങ്ങൾ നാം ആഗ്രഹിക്കുന്നതായി കാണുന്ന നിമിഷം, ജീവിതത്തിലെ നമ്മുടെ മുൻഗണനകൾ തെറ്റിയിരിക്കുന്നു. നമ്മുടെ കരുണാമയനായ ദൈവവുമായി ഒരിക്കലെങ്കിലും കണ്ടുമുട്ടാൻ ശ്രമിക്കുക. അവിടുത്തെക്കുറിച്ചുള്ള ഈ അറിവ് ഈ ലോകത്തിനു നൽകാൻ കഴിയുന്ന എന്തിനെക്കാളും വിലയേറിയതാണെന്ന് നിങ്ങൾ കണ്ടെത്തും.

എന്റെ കർത്താവേ, അങ്ങയെ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ മറ്റെല്ലാ ആഗ്രഹങ്ങളെക്കാളും ശക്തമാകത്തക്കവിധം ആ ആഗ്രഹം എന്റെ ആത്മാവിൽ വളർത്തണമേ. പ്രിയ കർത്താവേ, അങ്ങയെക്കുറിച്ചുള്ള ഒരൊറ്റ ഉൾക്കാഴ്ചയെങ്കിലും, അങ്ങയെ ഒരിക്കലെങ്കിലും അനുഭവിച്ചറിയാനുള്ള അവസരമെങ്കിലും എനിക്കു നൽകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ആ അറിവിലൂടെ എന്റെ ജീവിതത്തെ മാറ്റണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

ഓഗസ്റ്റ് 6 – കർത്താവിന്റെ രൂപാന്തരീകരണത്തിരുനാൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ