മലയാളം

വിചിന്തനം 64: ദൈവത്തിന്റെ സ്വരം ശ്രവിക്കുക

ചിത്രം: റോബർട്ട് ചെയബ്, Pixabay-ൽ നിന്ന്

വീഡിയോ

ദേവാലയത്തിലായിരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ടോ? പ്രത്യേകിച്ച്, ദൈവത്തിന്റെ സ്വരം നിങ്ങൾ ശ്രവിക്കാറുണ്ടോ? പലപ്പോഴും നാം വചനപ്രഘോഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സ് അലഞ്ഞുതിരിയുകയും പറഞ്ഞതെല്ലാമോ അതിൽ മിക്കതുമോ നമുക്കു നഷ്ടമാവുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സ് എവിടേക്കാണ് അലഞ്ഞുതിരിയുന്നത്? ചിലപ്പോഴൊക്കെ മനസ്സ് ഇങ്ങനെ അലഞ്ഞുതിരിയുന്നത് കർത്താവിൽനിന്നാണെന്നതാണ് സത്യം. ചിലപ്പോൾ വിശുദ്ധ കുർബാനയിൽ പറയപ്പെട്ട ഒരു കാര്യം ധ്യാനിക്കാനായി നമ്മുടെ കർത്താവ് നിങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചേക്കാം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോഴോ ഏകാന്തമായി പ്രാർഥിക്കുമ്പോഴോ ഈശോ നിങ്ങളെ ഒരു ആത്മീയയാത്രയിൽ നയിക്കാൻ അനുവദിക്കുന്നതിൽ ഭയപ്പെടരുത്. നിങ്ങളുടെ ആത്മാവിനോട് നേരിട്ട് ഒരു വചനപ്രഘോഷണം നടത്താൻ അവിടുന്ന് പലപ്പോഴും ആഗ്രഹിച്ചേക്കാം (കാണുക ഡയറി #221).

നിങ്ങൾ എത്ര നന്നായി ധ്യാനചിന്ത നടത്തുന്നുവെന്ന് ഇന്ന് വിചിന്തനം ചെയ്യുക. യഥാർഥമായ പ്രാർഥനാപൂർവമായ വിചിന്തനം വെറും ദിവാസ്വപ്നമല്ല. ഏതെങ്കിലും കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കാനോ ആകുലപ്പെടാനോ നമ്മെ പ്രേരിപ്പിക്കുന്ന ശ്രദ്ധാവ്യതിചലനവുമല്ല അത്. തന്റെ സത്യത്തിലേക്ക് നമ്മെ നയിക്കാനായി നമ്മുടെ ഭാവനയെ ദൈവത്തിന്റെ നിയന്ത്രണത്തിനു വിട്ടുകൊടുക്കുന്ന ഒരു മാർഗമാണ് പ്രാർഥനാപൂർവമായ വിചിന്തനം. ആ സമയത്ത് നാം അറിയേണ്ട സത്യത്തിന്റെ ഒരു പ്രത്യേക വചനത്തിലേക്ക് നമ്മെ നയിക്കാൻ അവിടുന്ന് പലപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങൾ ഇത് എത്ര നന്നായി ചെയ്യുന്നുണ്ട്? നിങ്ങളുടെ പ്രാർഥനാപൂർവമായ ധ്യാനചിന്തയെക്കുറിച്ച് വിചിന്തനം ചെയ്യുക. അടുത്ത തവണ പ്രാർഥിക്കുമ്പോൾ നിയന്ത്രണം ഏറ്റെടുക്കാൻ ദൈവത്തെ അനുവദിക്കുന്നതിൽ ഭയപ്പെടരുത്.

കർത്താവേ, രാവും പകലും അങ്ങ് എന്നോടു സംസാരിക്കുന്നുവെന്ന് ഞാൻ അറിയുന്നു. അങ്ങയുടെ മധുരസ്വരം കേൾക്കാനും ശ്രദ്ധിച്ചു ശ്രവിക്കാനും എന്നെ സഹായിക്കണമേ. എന്റെ പ്രാർഥനയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അങ്ങയെ അനുവദിക്കാനും അങ്ങ് പറയാനാഗ്രഹിക്കുന്നതെല്ലാം ഗ്രഹിക്കാൻ അങ്ങയുടെ വഴിനടത്തിപ്പിനു വിധേയനാകാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

പതിനാലാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിനങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

നോമ്പുകാലത്തിനുള്ള സഹായസാമഗ്രികൾ

നോമ്പുകാലത്തേക്കുള്ള വിശുദ്ധഗ്രന്ഥധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ