മലയാളം

വിചിന്തനം 226: കരുണയുടെ നല്ല ഫലം

കരുണാർദ്രനായ കർത്താവ്, രചന: Lawrence OP, CC BY-NC-ND 2.0.

വീഡിയോ

മറ്റുള്ളവരോടുള്ള പൂർണമായ കരുണ നിറഞ്ഞ ഹൃദയമായിരുന്നു നമ്മുടെ കർത്താവിന്റേത്. അവിടുത്തെ കരുണ ഒരു പൊതുവായ ആശയം മാത്രമല്ല, മറിച്ച് വ്യക്തമായ പ്രവൃത്തികളിലൂടെ ജീവിതത്തിൽ പ്രകടമാകുന്നതാണെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച്, അനുകമ്പയും ദയയും മനസ്സിലാക്കലും ആശ്വാസവും പകരുന്ന വ്യക്തമായ പ്രവൃത്തികൾപോലെ അനേകം നല്ല ഫലങ്ങൾ ഈ കരുണയിൽനിന്ന് ഉണ്ടാകുന്നു. ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കരുണ കേവലം ഒരു പൊതുവായ ആശയമല്ല. അത് മൂർത്തവും പ്രായോഗികവുമാണ്. അനുദിനജീവിതത്തിൽ അത് കാണാനും ജീവിക്കാനും അനുഭവിക്കാനും കഴിയും. യേശു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അവിടുത്തെ സമീപത്തുണ്ടായിരുന്നവർ അവിടുത്തെ അനുകമ്പയും ദയയും മനസ്സിലാക്കലും ആശ്വാസവും നേരിട്ട് അനുഭവിച്ചിട്ടുണ്ടാകും. നിങ്ങളിലൂടെ ഇവ മറ്റുള്ളവർക്ക് തുടർന്നും നൽകാൻ യേശു ആഗ്രഹിക്കുന്നു. ദൈവകരുണ നമ്മുടെ ലോകത്തിൽ തുടർന്നും മൂർത്തരൂപം കൈവരിക്കേണ്ടതിന് ഈ വ്യക്തമായ പ്രവൃത്തികൾക്കായി നിങ്ങളെത്തന്നെ സമർപ്പിക്കുക (കാണുക ഡയറി #1175).

നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്കു നോക്കി, എല്ലാ പ്രവൃത്തികളും പരിശോധിക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്? ദൈവത്തിന്റെ കരുണ പ്രകാശിക്കുന്ന വ്യക്തമായ പ്രവൃത്തികൾ നിങ്ങൾ കാണുന്നുണ്ടോ? നിങ്ങൾ കാണുന്നതോ കാണാതിരിക്കുന്നതോ ആയ ആ പ്രത്യേക കാര്യങ്ങളെയും പ്രവൃത്തികളെയും കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ഏറ്റവും ചെറിയ കാര്യങ്ങളിലൂടെയും ദൈവകരുണ നിങ്ങളിലൂടെ പ്രകാശിക്കുന്നുവെന്ന് അറിയുക. ആ വഴികൾ കണ്ടെത്തുകയും നിങ്ങളുടെ ജീവിതത്തിൽ അവ വർധിക്കാൻ പരിശ്രമിക്കുകയും ചെയ്യുക. കാത്തിരിക്കരുത്.

കർത്താവേ, ദയയും അനുകമ്പയും ആശ്വാസവും മനസ്സിലാക്കലും പകരുന്ന അനുദിന പ്രവൃത്തികളിൽ അങ്ങയുടെ കരുണയുടെ ഒരു ഉപകരണമായി എന്നെ മാറ്റണമേ. അങ്ങയുടെ കരുണയുടെ ഈ നല്ല ഫലങ്ങൾ ചെറുതും വലുതുമായ രീതികളിൽ എന്റെ ജീവിതത്തിൽ സജീവമാകട്ടെ. പ്രിയ കർത്താവേ, അങ്ങയുടെ കരുണയ്ക്കായി ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 14 – വിശുദ്ധ മാക്സിമില്യൻ മേരി കോൾബെ, വൈദികനും രക്തസാക്ഷിയും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ