G.dallorto, ആട്രിബ്യൂഷൻ, Wikimedia Commons വഴി
ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം നിങ്ങൾ എന്താണ് ചെയ്യുന്നത്? ചിന്തകൾ അലഞ്ഞുതിരിയുകയും ചുറ്റുമുള്ളവരെ ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട്, നമ്മുടെ കർത്താവിനെ യഥാർഥമായ ആത്മീയതലത്തിൽ കണ്ടുമുട്ടാതെ, അശ്രദ്ധയോടെയാണോ നിങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിലേക്കു മടങ്ങുന്നത്? അതോ ആ നിമിഷം യഥാർഥ പ്രാർഥനയുടെയും ദൈവവുമായുള്ള ഐക്യത്തിന്റെയും നിമിഷമാകാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? ആദ്യം പറഞ്ഞതാണ് സത്യമെങ്കിൽ, നിങ്ങളോടും ദൈവത്തോടും സത്യസന്ധത പുലർത്തുകയും ഈ തിരിച്ചറിവിനെ, അതിവിശുദ്ധമായ ഈ ദാനത്തോടുള്ള നിങ്ങളുടെ സമീപനം പുനഃപരിശോധിക്കാനുള്ള അവസരമാക്കുകയും ചെയ്യുക! ദിവ്യകാരുണ്യസ്വീകരണത്തിനു ശേഷമുള്ള നിമിഷം അമൂല്യമാണ്; താൻ ഇപ്പോൾ ഉൾക്കൊണ്ട കർത്താവ് തന്നെ പൂർണ്ണമായി സ്വന്തമാക്കാൻ അനുവദിക്കുവാൻ ഓരോ ആത്മാവും ആ നിമിഷത്തിൽ ക്ഷണിക്കപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദിവ്യകാരുണ്യം സ്വീകരിക്കുന്നത് നാം ചെയ്യുന്ന ഒരു ശാരീരിക പ്രവൃത്തി മാത്രമല്ല; ദൈവം നമ്മിൽ ചെയ്യുന്ന ഒരു പ്രവൃത്തികൂടിയായി അത് മാറണം. നമ്മുടെ കർത്താവിനെ ഉൾക്കൊള്ളാൻ മാത്രമല്ല നാം തീരുമാനിക്കേണ്ടത്; അവിടുത്തെ കാരുണ്യത്താൽ നമ്മെ പൂർണ്ണമായി സ്വന്തമാക്കാൻ അവിടുത്തെ അനുവദിക്കുകയും വേണം. അമൂല്യമായ ഈ ദാനം സ്വീകരിച്ചതിനു ശേഷമുള്ള നിമിഷങ്ങളെക്കാൾ ഉചിതമായ മറ്റൊരു സമയമില്ല ഇതിനു വേണ്ടി. നിങ്ങളുടെ ജീവിതം ദൈവത്തിനുള്ള ഒരു സമർപ്പണമാക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. “സമർപ്പണം” എന്നത് ഒരു അർപ്പണമാണ്; ദിവ്യകാരുണ്യസ്വീകരണം നമ്മുടെ ദിവ്യനാഥന് നമ്മെത്തന്നെ പൂർണ്ണമായി അർപ്പിക്കുന്ന ഒരു നിമിഷമായി മാറണം (കാണുക ഡയറി #1264).
നിങ്ങൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ച സമയത്തെക്കുറിച്ച് ചിന്തിക്കുക. ആ അനുഭവം എങ്ങനെയായിരുന്നു? നിങ്ങൾ ചെയ്യുന്നതിൽ പൂർണ്ണമായ ശ്രദ്ധ ഉണ്ടായിരുന്നോ? സ്നേഹത്തിന്റെ ഒരു സമർപ്പണമായി നിങ്ങളെത്തന്നെ നമ്മുടെ കർത്താവിന് അർപ്പിച്ചോ? ത്യാഗമനോഭാവത്തോടെ നിങ്ങളെത്തന്നെ നമ്മുടെ കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിച്ചോ? അവിടുത്തെ കരുണാർദ്രമായ സ്നേഹത്താൽ നിങ്ങളെ പൂർണ്ണമായി സ്വന്തമാക്കാൻ നമ്മുടെ കർത്താവിനെ അനുവദിച്ചോ? ഈ ചോദ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ഇത്രയും ആഴമായ സമർപ്പണത്തിന് നിങ്ങളെത്തന്നെ പ്രതിബദ്ധരാക്കുകയും ചെയ്യുക. അങ്ങനെ ചെയ്താൽ, ദിവ്യകാരുണ്യസ്വീകരണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായി മാറും.
എന്റെ കർത്താവേ, എന്റെ ദൈവമേ, എല്ലാം അങ്ങിൽ അർപ്പിച്ചുകൊണ്ടും പൂർണ്ണമായി കീഴടങ്ങിക്കൊണ്ടും ഞാൻ എന്നെത്തന്നെ അങ്ങേക്കു നൽകുന്നു. പ്രിയനാഥാ, എന്റെ ജീവിതം അങ്ങയുടേതാണ്. ഒന്നും മാറ്റിവയ്ക്കാതെ, സ്നേഹത്തിന്റെ ഒരു സമർപ്പണമായി ഞാൻ എന്നെത്തന്നെ അങ്ങേക്കു നൽകുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സെപ്റ്റംബർ 3 – വിശുദ്ധ മഹാനായ ഗ്രിഗറി, മാർപാപ്പയും വേദപാരംഗതനും—ഓർമദിനം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




