മലയാളം

വിചിന്തനം 236: എല്ലാവർക്കും കരുണ ലഭിക്കാനായി പ്രാർഥിക്കുക

രോഗികളെ സുഖപ്പെടുത്തുന്ന ക്രിസ്തു, വാഷിങ്ടൺ ഓൾസ്റ്റൺ രചിച്ച ചിത്രം

വീഡിയോ

ഓരോ വ്യക്തിയും അതുല്യരാണ്; നമ്മുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് നമ്മിൽ ഓരോരുത്തരുടെയും മേൽ തന്റെ കരുണ സമൃദ്ധമായി ചൊരിയാൻ ദൈവം ആഗ്രഹിക്കുന്നു. ആളുകൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ, അവരെ ഓരോരുത്തരായും വിവിധ ഗണങ്ങളായും ദൈവത്തിനു സമർപ്പിക്കുന്നത് നല്ലതാണ്. നാം പ്രാർഥിക്കേണ്ട ചില ഗണങ്ങൾ ഇവയാണ്: എല്ലാ പാപികളും, വൈദികരും, സന്ന്യസ്തരും, വിശ്വാസികളും, വിജാതീയരും, നിരീശ്വരവാദികളും, പാഷണ്ഡികളും, സഭാഭേദക്കാരും, കുട്ടികളും, ദൈവകരുണയോട് ഭക്തിയുള്ളവരും, ശുദ്ധീകരണസ്ഥലത്തിലുള്ളവരും, മന്ദോഷ്ണരും. ഈ പട്ടിക സമ്പൂർണമല്ല. എന്നാൽ ഓരോ ഗണത്തിലും ഉൾപ്പെടുന്നവരുടെ ജീവിതത്തിൽ ദൈവകരുണയുടെ അനുഭവം അവർക്കനുയോജ്യമായ പ്രത്യേക രീതിയിൽ ആഴപ്പെടുന്നതിനായി പ്രാർഥന ആവശ്യമാണ്. എണ്ണമറ്റ ആവശ്യങ്ങൾ കണ്ട് തളർന്നുപോകരുത്. പകരം, ഓരോ ദിവസവും വ്യത്യസ്തമായ ഒരു ഗണത്തിൽപ്പെട്ടവർക്കുവേണ്ടി പ്രാർഥിക്കുകയും ത്യാഗങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് നല്ലതാണെന്ന് മനസ്സിലാക്കുക. അങ്ങനെ, ക്രമേണ ഓരോ വ്യക്തിയെയും അവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ദൈവത്തിന്റെ കരുണയ്ക്കു സമർപ്പിക്കാൻ കഴിയും (കാണുക ഡയറി #1210-1230, നമ്മുടെ കർത്താവ് നൽകിയ നൊവേന).

നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ നിങ്ങൾ എത്രമാത്രം ശ്രദ്ധാലുക്കളാണ്? ചിലർ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരാണ്; തങ്ങളുടെ ജീവിതം പൂർണമായും ദൈവസേവനത്തിനായി സമർപ്പിക്കാൻ ശ്രമിക്കുന്ന അവർക്ക് നിരന്തരമായ പ്രോത്സാഹനം ആവശ്യമാണ്. മറ്റുചിലർ പാപത്തിൽ അകപ്പെട്ടവരാണ്; തങ്ങൾ പോരാടുന്ന ഭാരങ്ങളിൽനിന്നും ആസക്തികളിൽനിന്നും അവർ മോചിതരാകേണ്ടതുണ്ട്. വേറെ ചിലർ മന്ദോഷ്ണരോ വഴിതെറ്റിപ്പോകുന്നവരോ വഴി നഷ്ടപ്പെട്ടവരോ ആണ്. ഓരോരുത്തരും വ്യത്യസ്തരാണ്; ഓരോരുത്തരുടെയും ജീവിതത്തിൽ പ്രത്യേകമായ ആവശ്യങ്ങളുമുണ്ട്. ദൈവത്തിന്റെ കരുണ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ അവർക്ക് വേണ്ടുന്ന പ്രത്യേക രീതിയിൽ അത് നിറവേറ്റുമെന്നും നിങ്ങൾ ഓർക്കണം. ഈ യാഥാർഥ്യം നിങ്ങൾ എത്ര വ്യക്തമായി കാണുന്നുവോ, അത്രയധികം ദൈവം സ്നേഹിക്കുന്നതുപോലെ ഓരോ വ്യക്തിയെയും നിങ്ങൾ സ്നേഹിക്കും. ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് ദൈവകൃപ പകർന്നുനൽകുന്നതിൽ നിങ്ങൾക്ക് പങ്കുചേരാനാകുന്ന ഒരു മാർഗമാണ് നിങ്ങളുടെ പ്രാർഥനകൾ.

കർത്താവേ, എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളിൽ ശ്രദ്ധാലുവായിരിക്കാനുള്ള കൃപ എനിക്കു നൽകണമേ. അങ്ങയുടെ കരുണ പകർന്നുനൽകപ്പെടുന്ന വഴികളെക്കുറിച്ച് ബോധവാനാകാനും എന്റെ പ്രാർഥനകളിലൂടെ അതിൽ പങ്കുചേരാനും എന്നെ സഹായിക്കണമേ. എല്ലാ മനുഷ്യരും അങ്ങയെ അറിയുകയും പൂർണഹൃദയത്തോടെ അങ്ങയെ സേവിക്കുകയും ചെയ്യട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26

ഓഗസ്റ്റ് 24 – വിശുദ്ധ ബർത്തലോമിയോ ശ്ലീഹായുടെ തിരുനാൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ