ഉപവിയുടെ ഏഴ് പ്രവൃത്തികൾ, രചന: പീറ്റർ ബ്രൂഗൽ ദി യംഗർ
ഈ ലോകത്തിൽ വിസ്മയകരമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ബൃഹത്തായ ആശയങ്ങളും സ്വപ്നങ്ങളും ഉണ്ടാകാറുണ്ടോ? ചിലപ്പോൾ സമ്പത്തും പ്രശസ്തിയും നേടാനുള്ള കൂടുതൽ ലൗകികമായ സ്വപ്നങ്ങൾ നമുക്കുണ്ടാകാം; മറ്റു ചിലപ്പോൾ ദൈവത്തിനും സഭയ്ക്കും വേണ്ടി അസാധാരണമായ കാര്യങ്ങൾ ചെയ്യാനുള്ള സ്വപ്നങ്ങളും ഉണ്ടാകാം. എന്നാൽ ഇവ സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കേണ്ടതില്ല. കാരണം, നമ്മിൽ ഓരോരുത്തരും അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെട്ടവരാണ്. “അസാധാരണം” എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് നാം പലപ്പോഴും തെറ്റിദ്ധരിക്കുന്നു എന്നതാണ് പ്രശ്നം. അപ്പോൾ അതിന്റെ അർഥമെന്താണ്? ചെറിയ കാര്യങ്ങൾ അസാധാരണമായ സ്നേഹത്തോടെ ചെയ്യുക എന്നതാണ് അതിന്റെ പ്രധാന അർഥം. നമ്മിൽ ഓരോരുത്തർക്കും എല്ലാ ദിവസവും ദിവസം മുഴുവൻ ഇങ്ങനെ ചെയ്യാനാകും. “ചെറിയ കാര്യങ്ങൾ” ചെയ്യാനുള്ള അവസരങ്ങൾകൊണ്ട് നിറഞ്ഞതാണ് നമ്മുടെ ജീവിതം. അത് പാചകമോ ശുചീകരണമോ, കുട്ടികളെ പല ഇടങ്ങളിലേക്കും കൊണ്ടുപോകുന്നതോ, മുറ്റം പരിപാലിക്കുന്നതോ, ജോലിസ്ഥലത്തെ ചുമതലകൾ പൂർത്തിയാക്കുന്നതോ, മറ്റുള്ളവരുമായുള്ള ദൈനംദിന സൗഹൃദസംഭാഷണമോ ആകാം. ഈ ജോലികളിൽ ഓരോന്നും അസാധാരണമായ സ്നേഹത്തോടെ സ്നേഹിക്കാനുള്ള അവസരം നമുക്ക് നൽകുന്നു. ഓരോ ചെറിയ പ്രവൃത്തിയും വലിയ സ്നേഹത്തോടെ നിങ്ങൾ ചെയ്യുന്നെങ്കിൽ, നിങ്ങളുടെ സ്നേഹം മഹത്തരമാകും; നിങ്ങളുടെ ജീവിതത്തിലൂടെ ദൈവം അസാധാരണമായ കാര്യങ്ങൾ ചെയ്യുകയും അനേകർക്ക് തന്റെ കരുണ ചൊരിയുകയും ചെയ്യും (കാണുക ഡയറി #1310).
ഇന്ന് നിങ്ങൾ ചെയ്യേണ്ട ചെറിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ ലളിതമായ ജോലികൾ അസാധാരണമായ സ്നേഹത്തോടെ നിങ്ങൾക്ക് എങ്ങനെ ചെയ്യാനാകും? നാം ചെയ്യുന്ന പല കാര്യങ്ങളും അനിഷ്ടത്തോടെയോ നിസ്സംഗതയോടെയോ ആണ് ചെയ്യുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറുതും വിരസവുമായ പ്രവൃത്തികളുടെ മൂല്യം തിരിച്ചറിയുന്നതിൽ നാം പരാജയപ്പെട്ടേക്കാം. ഇത് ഒരു തെറ്റാണ്. എല്ലാം സ്നേഹപ്രവൃത്തിയായും ദൈവത്തിനുള്ള സമർപ്പണമായും ചെയ്യാനുള്ള വഴികൾ തേടുക. നിങ്ങൾക്ക് ലഭിക്കുന്ന ഓരോ അവസരവും ഭക്തിയോടെയും വ്യക്തമായ ഉദ്ദേശ്യത്തോടെയും ഉപയോഗിക്കുക. അപ്പോൾ നിങ്ങളുടെ ജീവിതത്തിലൂടെ പ്രകാശിക്കുന്ന ദൈവകരുണയാൽ മഹത്ത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകും.
കർത്താവേ, ഇന്ന് ഞാൻ ചെയ്യുന്ന ഓരോ ചെറിയ പ്രവൃത്തിയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഏറ്റവും ചെറിയ സേവനത്തിൽപ്പോലും മൂല്യവും അർഥവും കണ്ടെത്താൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സമൃദ്ധമായ കരുണയുടെ വിശുദ്ധമായ ഒരു ഉപകരണമായിത്തീരാൻ എനിക്ക് കഴിയേണ്ടതിന്, എണ്ണമറ്റ ചെറിയ വഴികളിലൂടെ അങ്ങയോടുള്ള എന്റെ സ്നേഹം വർധിക്കണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സെപ്റ്റംബർ 17 – വിശുദ്ധ റോബർട്ട് ബെല്ലാർമിൻ, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം
ബിംഗനിലെ വിശുദ്ധ ഹിൽഡെഗാർഡ്, കന്യകയും സഭയുടെ വേദപാരംഗതയും—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




