Willuconquer, CC BY-SA 4.0, Wikimedia Commons വഴി
ലോകം മനോഹരമാണ്; അത് ദൈവത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു. എന്നാൽ വിശുദ്ധ കുർബാന പോലുള്ള ആത്മീയ യാഥാർഥ്യങ്ങൾ അതിനെക്കാൾ എത്രയോ മനോഹരമാണ്. അതിപരിശുദ്ധ കുർബാനയിൽ സന്നിഹിതനായ ദൈവത്തിന്റെ സൗന്ദര്യം കാണാൻ നിങ്ങൾക്കു വിശ്വാസത്തിന്റെ കണ്ണുകൾ വേണം. ഈ സൗന്ദര്യം കൂടുതൽ വ്യക്തമായി കാണാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ആരാധന. നമ്മുടെ കർത്താവുമായി നാം അനുഭവിക്കുന്ന പരമമായ ഐക്യം വിശുദ്ധ കുർബാന സ്വീകരണമായിരിക്കണമെങ്കിലും, തിരുവോസ്തിയിൽ സന്നിഹിതനായ അവിടുത്തെ ആരാധിക്കുന്നത് അവിടുത്തെ സൗന്ദര്യം വെളിപ്പെടുത്തിക്കൊണ്ട് ഈ സമാഗമത്തിനായി നിങ്ങളെ ഒരുക്കുന്നു. അൾത്താരയിൽ അരുളിക്കയിൽ എഴുന്നള്ളിച്ചുവച്ചിരിക്കുന്ന അവിടുത്തെ ആരാധിക്കാൻ ശ്രമിക്കുക; അവിടുത്തെ സൗന്ദര്യത്തിൽ നിങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ ആകൃഷ്ടമാകട്ടെ (കാണുക ഡയറി #1692).
നിങ്ങൾ എപ്പോഴെങ്കിലും അതിപരിശുദ്ധ കുർബാനയുടെ ആരാധനയിൽ പങ്കെടുക്കാറുണ്ടോ? നിങ്ങളുടെ ദേവാലയത്തിൽ പതിവായി ദിവ്യകാരുണ്യാരാധന ഉണ്ടെങ്കിൽ നിങ്ങൾ അനുഗൃഹീതരാണ്. ഇല്ലെങ്കിൽ, അടുത്തുള്ള ഏതെങ്കിലും ദേവാലയത്തിൽ അതിനുള്ള അവസരം കണ്ടെത്തുക. ആരാധന നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കുകയും ദൈവത്തിന്റെ സൗന്ദര്യം നിങ്ങൾക്കു വെളിപ്പെടുത്തുകയും ചെയ്യുന്നു. ദിവ്യകാരുണ്യാരാധനയിലെ നിങ്ങളുടെ അനുഭവത്തെക്കുറിച്ച് ധ്യാനിക്കുകയും മഹത്വപൂർണമായ ഈ ആരാധനയിൽ പൂർണഹൃദയത്തോടെ പങ്കെടുക്കാൻ വീണ്ടും പ്രതിജ്ഞാബദ്ധരാകുകയും ചെയ്യുക.
കർത്താവേ, അതിപരിശുദ്ധ കുർബാനയിൽ എന്റെ മുമ്പിൽ സന്നിഹിതനായിരിക്കുന്ന അങ്ങയെ ഏറ്റവും അഗാധമായ ആരാധനയോടെ ഞാൻ ആരാധിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ മറഞ്ഞിരിക്കുന്ന സൗന്ദര്യവും പ്രഭാവവും അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രിയ കർത്താവേ, അങ്ങ് മഹത്വപൂർണനാണ്. അങ്ങയുടെ മഹത്വം ദർശിക്കുമ്പോൾ, പൂർണതയാർന്ന അങ്ങയുടെ കരുണാമയ ഹൃദയത്തിലേക്ക് എന്നെ കൂടുതൽ ആഴമായി ആകർഷിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ





