മലയാളം

വിചിന്തനം 261: മറ്റുള്ളവരിൽ മറഞ്ഞിരിക്കുന്ന ഈശോ

ലൈറയുമായി ഒരു ഭിക്ഷക്കാരൻ, സ്വിഷ്ചെവ്-പാവോളയുടെ രചന

വീഡിയോ

ദാരിദ്ര്യവും വിശപ്പും തണുപ്പും അനുഭവിച്ചുകൊണ്ട് ഈശോ നിങ്ങളുടെ അടുക്കൽ വന്ന് തന്നെ പരിചരിക്കണമെന്ന് ആവശ്യപ്പെട്ടാൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിക്കുക.  ഈ അനുഭവം നിങ്ങളെ അമ്പരപ്പിക്കുകയും ഈ വ്യക്തി യഥാർഥത്തിൽ ഈശോ തന്നെയാണോ എന്ന് സംശയിക്കാൻ ഇടയാക്കുകയും ചെയ്തേക്കാം.  എന്നാൽ അത് ഈശോ തന്നെയാണ്.  സഹായം ആവശ്യമുള്ള വ്യക്തിയിലൂടെ ഈശോ ഓരോ ദിവസവും നമ്മുടെ അടുക്കലേക്കു വരുന്നു.  വീടില്ലാത്ത, വിശക്കുന്ന, വസ്ത്രം ആവശ്യമുള്ള ഒരാളെ നാം കണ്ടുമുട്ടിയേക്കാം.  അങ്ങനെയെങ്കിൽ, അത് ഈശോ തന്നെയാണ്.  എന്നാൽ മറ്റൊരു തരത്തിലുള്ള വിശപ്പും ദാഹവും അനുഭവിക്കുന്ന അനേകരെയും നാം ദിവസവും കണ്ടുമുട്ടുന്നു.  സ്നേഹത്തിനും മനസ്സിലാക്കപ്പെടുന്നതിനും അനുകമ്പയ്ക്കും ശ്രദ്ധയ്ക്കുമായി അനേകർ വിശന്നുവലയുന്നു.  പുറമേ അവർ അടുപ്പിക്കാൻ തോന്നാത്തവരായി കാണപ്പെട്ടേക്കാം; എന്നാൽ ഉള്ളിൽ അവർ നിങ്ങളുടെ ഹൃദയത്തിൽനിന്ന് കരുണ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കർത്താവാണ്.  നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും നമ്മുടെ കർത്താവിന്റെ സാന്നിധ്യം കാണാൻ മടിക്കരുത്.  നിങ്ങളുടെ ഹൃദയത്തിലെ കരുണ അവരിലേക്ക് ഉദാരമായി ചൊരിയുക, പ്രത്യേകിച്ച് ഏറ്റവും ദയനീയാവസ്ഥയിലുള്ള ആത്മാവിലേക്ക്; അങ്ങനെ നിങ്ങൾ ഈശോയ്ക്കുതന്നെ നിങ്ങളുടെ സ്നേഹം ഉദാരമായി നൽകിയിരിക്കും (കാണുക ഡയറി #1312).

ദരിദ്രരോടും ഭിക്ഷക്കാരോടും നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത്?  ശാരീരിക ആവശ്യങ്ങളുള്ളവരെക്കുറിച്ച് ചിന്തിച്ചുകൊണ്ട് തുടങ്ങുക; എന്നാൽ അതിലും ആഴത്തിലേക്കു കടന്ന് മറ്റു ആവശ്യങ്ങളുള്ള എല്ലാവരെയും പരിഗണിക്കുക.  കഠിനഹൃദയൻ, പാപി, അഹങ്കാരി, ധിക്കാരി, കോപം നിറഞ്ഞ വ്യക്തി തുടങ്ങിയവരെക്കുറിച്ച് ചിന്തിക്കുക.  നിങ്ങളുടെ മനസ്സിൽ വരുന്ന ഓരോ വ്യക്തിയും നിങ്ങളുടെ ഹൃദയത്തിലെ കരുണ അല്പമെങ്കിലും അനുഭവിക്കാനായി നിങ്ങളുടെ അടുക്കലേക്കു വരുന്ന നമ്മുടെ കർത്താവാണ്.  ഇവരിൽ ഏറ്റവും എളിയവരോട് നിങ്ങൾ ചെയ്യുന്നതെന്തും ക്രിസ്തുവിനോടാണ് ചെയ്യുന്നത്.  നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?  വിശ്വസിക്കുന്നുണ്ടെങ്കിൽ, ആ വിശ്വാസം നിങ്ങൾ എല്ലാവരോടും, പ്രത്യേകിച്ച് സ്നേഹിക്കാൻ നിങ്ങൾക്ക് ഏറ്റവും പ്രയാസമുള്ളവരോടും, കരുണ കാണിക്കുന്നതിലൂടെ പ്രായോഗികമായി പ്രകടമാകണം.  ഈ പ്രായോഗിക ചോദ്യത്തെക്കുറിച്ച് ഇന്ന് ആഴമായി ചിന്തിക്കുക. ഇനി നിങ്ങൾ കണ്ടുമുട്ടുന്ന “ഭിക്ഷക്കാരൻ” എത്ര അനഭിമതനായി കാണപ്പെട്ടാലും, ആ വ്യക്തിയിൽ നമ്മുടെ കർത്താവിനെ അന്വേഷിക്കാൻ ഒരു ദൃഢനിശ്ചയം എടുക്കുക.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അങ്ങയെ അന്വേഷിക്കേണ്ടതുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.  അങ്ങയെ കാണാൻ കണ്ണുകളും അങ്ങയെ സ്നേഹിക്കാൻ ഒരു ഹൃദയവും എനിക്കു നൽകണമേ.  പ്രിയ കർത്താവേ, മറ്റുള്ളവരിൽ ഞാൻ അങ്ങയെ സ്നേഹിക്കുമ്പോൾ, എന്റെ ഹൃദയത്തിലെ കരുണ അങ്ങേക്കു മധുരമായ ആനന്ദം പകരാൻ അനുവദിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ