മലയാളം

ധ്യാനചിന്ത 295: ഉണ്ണീശോയുടെ ആലിംഗനം

മാതാവും ഉണ്ണിയും, ബെർണാർദീനോ ദ അസോളയുടെ രചന

വീഡിയോ

നമ്മുടെ ദൈവത്തിന്റെ വിശുദ്ധ കരങ്ങളിൽ ചേർത്തുപിടിക്കപ്പെടുന്നതിനെക്കുറിച്ച് പ്രാർത്ഥനാപൂർവം ധ്യാനിക്കുന്നത് തികച്ചും ഉചിതമാണ്. സ്നേഹത്തിന്റെ വിശുദ്ധമായ ആലിംഗനത്തിലൂടെ സ്വർഗസ്ഥനായ പിതാവിന്റെ കരുണാർദ്രസ്നേഹം മനസ്സിലാക്കുമ്പോൾ, അവിടുത്തെ പിതൃസഹജമായ കരുതൽ നമുക്കു വെളിപ്പെടുന്നു. ഈശോയുടെ കരങ്ങളിലേക്ക് ഓടിച്ചെല്ലുന്നത് അവിടുത്തെ കരുണാർദ്രസ്നേഹത്തിനായി നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു. എന്നാൽ ധ്യാനിക്കാൻ സഹായകവും വിശുദ്ധവുമായ മറ്റൊരു ദൃശ്യം ഉണ്ണീശോയുടേതാണ്. ഈശോ ഒരു ശിശുവായിരുന്നപ്പോൾ അവിടെയുണ്ടായിരിക്കാൻ നിങ്ങൾക്കു ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ എന്നു സങ്കൽപ്പിക്കുക. ഈ ശിശു നിങ്ങളെ നോക്കി, കൈകൾ നീട്ടി, നിങ്ങളുടെ കരങ്ങളിൽ എടുക്കപ്പെടാൻ ആഗ്രഹിച്ചിരുന്നെങ്കിൽ എന്നും സങ്കൽപ്പിക്കുക. നിങ്ങളുടെ ഹൃദയത്തോടു ചേർന്നു വിശ്രമിക്കുമ്പോൾ ഈ ശിശു നിങ്ങളെ മുറുകെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ എന്നും സങ്കൽപ്പിക്കുക. സ്നേഹത്തിന്റെ ഈ വിശുദ്ധമായ പരസ്പരവിനിമയം, തങ്ങളുടെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോൾ മാതാപിതാക്കൾക്ക് തീർച്ചയായും മനസ്സിലാകും. ഒരു കൊച്ചുകുഞ്ഞിന്റെ ഊഷ്മളവും ഉപാധികളില്ലാത്തതുമായ ഈ ആലിംഗനത്തിലൂടെ നിങ്ങളിലേക്കു വരുന്ന ദൈവത്തിന്റെ അഗാധമായ സ്നേഹത്തെയും അനന്തമായ കരുണയെയും കുറിച്ച് ധ്യാനിക്കുക. ഈശോ നിങ്ങളുടെ നേരെ കൈകൾ നീട്ടുന്നു; അവിടുത്തെ ആലിംഗനം ചെയ്ത് മുറുകെ ചേർത്തുപിടിക്കുക (കാണുക ഡയറി #1442).

മനോഹരവും വിശുദ്ധവുമായ ഈ ദൃശ്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. എന്നാൽ, ഈ ശിശു നിങ്ങളോടുള്ള വിശുദ്ധവും നിർമ്മലവുമായ സ്നേഹത്താൽ ജ്വലിക്കുന്നുവെന്നും നിങ്ങളുടെ ഹൃദയത്തോടു ചേർത്തുപിടിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും സങ്കൽപ്പിച്ചുകൊണ്ട് അങ്ങനെ ചെയ്യുക. നിങ്ങളുടെ കരങ്ങളിൽ ഈ ശിശു വിശ്രമിക്കുമ്പോൾ, ഈ മധുരമായ ആലിംഗനത്തിലെ സ്നേഹം നിങ്ങൾ അനുഭവിക്കുന്നു. ഇത് ദൈവസ്നേഹത്തിന്റെ ഒരു ദൃശ്യമാണ്, വിശുദ്ധമായ ഒരു ദൃശ്യം. ഒരു കുഞ്ഞിനെ കൈകളിൽ എടുത്തിട്ടുള്ള നിങ്ങളുടെ സ്വന്തം അനുഭവങ്ങൾ ദൈവത്തിന്റെ കരുണയെക്കുറിച്ച് നിങ്ങളെ പഠിപ്പിക്കട്ടെ. ഒരു ശിശുവിന്റെ ആലിംഗനമെന്ന ഈ വിശുദ്ധ ദൃശ്യത്തിലൂടെ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക.

ഇത്രയും ചെറുതും നിഷ്കളങ്കനുമായ എന്റെ പ്രിയ കർത്താവേ, നിർമ്മലമായ സ്നേഹത്തിന്റെ ആലിംഗനത്തിൽ അങ്ങയെ എന്റെ ഹൃദയത്തോടു ചേർത്തുപിടിക്കാൻ എനിക്കു കഴിയുമാറാകണമേ. അങ്ങയുടെ ഹൃദയം എന്റെ ഹൃദയത്തോടൊപ്പം തുടിക്കുന്നതും ഈ മധുരമായ ആലിംഗനത്തിൽ അങ്ങയുടെ സ്നേഹം ഒഴുകിപ്പകരുന്നതും എനിക്ക് അനുഭവിക്കാൻ കഴിയണമേ. കർത്താവേ, ഒരു ശിശുവായി ഞങ്ങളുടെ ലോകത്തിലേക്കു വന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈ ദൃശ്യം ഞാൻ എന്നും ഹൃദയത്തിൽ നിധിപോലെ സൂക്ഷിക്കട്ടെ; അങ്ങയുടെ വിലയേറിയ മക്കളിൽ ഒരാളെ ചേർത്തുപിടിക്കുമ്പോഴെല്ലാം അങ്ങയോടുള്ള സ്നേഹത്തിലേക്ക് ഞാൻ കൂടുതൽ ആഴത്തിൽ ആകർഷിക്കപ്പെടട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ യൂദാശ്ലീഹായോടുള്ള നൊവേന
പ്രത്യാശയറ്റ സാഹചര്യങ്ങൾക്കും നിരാശാജനകമായ കാര്യങ്ങൾക്കും വേണ്ടി
വർഷത്തിൽ എപ്പോൾ വേണമെങ്കിലും, പ്രത്യേകിച്ച് ഒക്ടോബർ 19–27 തീയതികളിൽ ചൊല്ലാവുന്നത്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ