മലയാളം

വിചിന്തനം 320: തീക്ഷ്ണതയുള്ള ഹൃദയം

മത്സ്യങ്ങളോട് പ്രസംഗിക്കുന്ന വിശുദ്ധ അന്തോണീസ്, വരച്ചത് പാവ്ലോ വെറോനേസെ

വീഡിയോ

ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളിലൊന്ന് അലസരായിരിക്കുക എന്നതാണ്.  നിങ്ങൾക്ക് ഉത്തരവാദിത്വങ്ങളൊന്നുമില്ലെന്നും, ആഗ്രഹിക്കാവുന്നത്ര സമ്പത്തുണ്ടെന്നും, ആഡംബരത്തിലും വിശ്രമത്തിലും ദിവസങ്ങൾ ചെലവഴിക്കാമെന്നും സങ്കൽപ്പിക്കുക.  ഇത് ഹൃദയത്തിൽ വലിയ അലസത വളർത്തും; അതോടൊപ്പം വലിയ ദുഃഖവും വളർത്തും.  വിശ്രമം നല്ലതാണ്; എന്നാൽ അമിതമായ വിശ്രമം അലസതയായി മാറാം; അലസതയാകട്ടെ ഒടുവിൽ വലിയ വിരസതയിലേക്കു നയിക്കും.  ഇതിന്റെ മറുവശത്തുള്ള സത്യവും ഈ വസ്തുത വെളിപ്പെടുത്തുന്നു.  അതായത്, തീക്ഷ്ണതയുള്ള ഹൃദയം ഓരോ ദിവസത്തെയും പ്രവർത്തനങ്ങളിൽ വലിയ ഉത്സാഹം കണ്ടെത്തുന്നു.  ചിലർ ജോലിയിൽ അമിതമായി മുഴുകി, “ജോലിക്ക് അടിമപ്പെട്ടവർ” ആയിത്തീർന്നേക്കാമെങ്കിലും, വിശ്രമവും ജോലിയും തമ്മിലുള്ള ഉചിതമായ സന്തുലനം ഹൃദയത്തിൽ തീക്ഷ്ണത എന്ന പുണ്യം വളർത്തുന്നു.  നിങ്ങൾ തീക്ഷ്ണതയുള്ളവരാണോ?  ജീവിതത്തിൽ പല കാര്യങ്ങളിലും ഒരാൾക്ക് തീക്ഷ്ണത പുലർത്താം; എന്നാൽ അവയെല്ലാം നല്ലതോ ദൈവഹിതത്തിനു ചേർന്നതോ ആയിരിക്കണമെന്നില്ല.  എന്നാൽ ആത്മാക്കളുടെ രക്ഷയ്ക്കും ദൈവരാജ്യം സ്ഥാപിതമാകുന്നതിനും വേണ്ടിയുള്ള തീക്ഷ്ണത വളർത്താൻ നാമെല്ലാവരും പരിശ്രമിക്കണം.  വാസ്തവത്തിൽ, നിങ്ങളുടെ ജീവിതത്തിൽ ഇതിനായിരിക്കണം പരമപ്രാധാന്യമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു.  നിങ്ങൾ വിശുദ്ധിയിലും നമ്മുടെ കർത്താവുമായുള്ള അടുപ്പത്തിലും വളരുമ്പോൾ, തന്റെ കരുണകൊണ്ട് ഭൂമിയെ കൃഷിചെയ്തൊരുക്കാൻ അവിടുന്ന് നിങ്ങളെ അയയ്ക്കും.  വലിയ തീക്ഷ്ണതയോടെ ഇതു ചെയ്യുന്നത് ദൈവരാജ്യത്തിനായി അനേകം ആത്മാക്കളെ നേടുകയും നിങ്ങളുടെ ഹൃദയത്തിൽ സമൃദ്ധമായ ആനന്ദം ഉളവാക്കുകയും ചെയ്യുന്നു (കാണുക ഡയറി #1548).

അലസമായ ഹൃദയവുമായാണോ, അതോ തീക്ഷ്ണതയുള്ള ഹൃദയവുമായാണോ നിങ്ങൾ മല്ലിടുന്നത്?  അലസമായ ഹൃദയമാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ ഉളവാക്കുന്ന ഫലങ്ങൾ നോക്കുക.  നിങ്ങൾ അനുഭവിക്കുന്ന വിരസതയും അസംതൃപ്തിയും അതിന്റെ നേരിട്ടുള്ള ഫലമാണ്.  എന്നാൽ നിങ്ങൾ ജീവിതത്തിൽ തീക്ഷ്ണതയുള്ളവരും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവരുമാണെങ്കിൽ, എന്തിനുവേണ്ടിയാണ് നിങ്ങൾ തീക്ഷ്ണത പുലർത്തുന്നത്?  ഇന്ന് ഇതിനെക്കുറിച്ച് സത്യസന്ധമായി വിചിന്തനം ചെയ്യുക; ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയുള്ള ജ്വലിക്കുന്ന തീക്ഷ്ണതയിൽ വളരാൻ പരിശ്രമിക്കുക.

കർത്താവേ, എന്റെ എല്ലാ പ്രവൃത്തികളും കഴിവുകളും ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.  അങ്ങയുടെ മഹത്ത്വത്തിനായി അവ ഉപയോഗിക്കണമേ.  അങ്ങയുടെ രാജ്യത്തിനുവേണ്ടി യഥാർഥ തീക്ഷ്ണത പുലർത്താനും അങ്ങയുടെ മഹത്ത്വത്തിനായി അക്ഷീണം പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ.  ഈശോയേ, ലോകത്തിൽ അങ്ങയുടെ പരിപൂർണ കരുണയുടെ ഒരു ഉപകരണമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  അങ്ങയുടെ തിരുവിഷ്ടമനുസരിച്ച് എന്നെ ഉപയോഗിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ക്രിസ്തുരാജനോടുള്ള നൊവേന
പരമ്പരാഗതമായി ക്രിസ്തുരാജന്റെ തിരുനാളിനു മുമ്പുള്ള ഒൻപതു ദിവസങ്ങളിൽ
2026 നവംബർ 13–21 വരെ ദിവസവും ചൊല്ലുന്ന നൊവേന

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ എല്ലാ വിശുദ്ധരും/തിരുനാളുകളും