മലയാളം

വിചിന്തനം 345: ദൈവത്തിൽ ആഴ്ന്നിറങ്ങി

ബാർത്തലോമെ എസ്തെബാൻ മുറിയ്യോ, പൊതുസഞ്ചയം, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

എപ്പോഴെങ്കിലും നിങ്ങൾ ദൈവത്തിൽ മുഴുകിയിട്ടുണ്ടോ?  മിക്ക ആളുകൾക്കും ഇത് അപൂർവമോ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതോ ആയ ഒരു അനുഭവമാണ്.  ദൈവത്തിൽ മുഴുകുക, അഥവാ ആഴ്ന്നിറങ്ങുക എന്നതിനർഥം, അവിടുത്തെ സാന്നിധ്യത്തിൽ സ്വയം മറന്നുപോകുന്നതുപോലെ പ്രാർഥനയിൽ അത്രമേൽ ആഴത്തിൽ ലയിക്കുക എന്നതാണ്.  ഇങ്ങനെ സംഭവിക്കുമ്പോൾ, കർത്താവ് നിങ്ങളെ പൂർണ്ണമായി തന്റെ അധീനതയിലാക്കുകയും ആ നിമിഷത്തിൽ നിങ്ങളുടെ ആത്മാവിനെ സ്വന്തമാക്കുകയും ചെയ്യുന്നു.  നിങ്ങൾ ഈ അവസ്ഥയിൽ തുടർന്നെന്നുവരില്ല; വൈകാതെ നിങ്ങളുടെ പാപങ്ങളിലേക്കു മടങ്ങിയെന്നും വരാം. എങ്കിലും, നിർമ്മലമായ ധ്യാനനിമിഷങ്ങൾ ഈ ജീവിതത്തിലെ മറ്റെന്തിനെക്കാളും വിലയേറിയ നിധികളാണ്.  തന്റെ മഹത്ത്വത്തിന്റെ രുചി നിങ്ങൾക്ക് അനുഭവവേദ്യമാക്കാൻ ദൈവം നൽകുന്ന ഒരു മാർഗമാണിത്; അങ്ങനെ നിങ്ങൾ അവിടുത്തെ കൂടുതൽ കൂടുതൽ ആഗ്രഹിക്കുന്നു (കാണുക ഡയറി #1669).

സമയവും സ്ഥലവും മറന്നുപോകുംവിധം ദൈവസാന്നിധ്യത്തിലേക്ക് അത്രയധികം ആകർഷിക്കപ്പെടാൻ നിങ്ങൾ എപ്പോഴെങ്കിലും സ്വയം അനുവദിച്ചിട്ടുണ്ടോ എന്നു ചിന്തിക്കുക.  ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നിങ്ങൾ കൊണ്ടുപോകപ്പെടുകയും അവിടുത്തെ മാറിൽ വിശ്രമിക്കുകയും ചെയ്യുന്നതുപോലെയാണത്.  പ്രാർഥനയുടെ ഈ ആഴത്തിലേക്ക് നിങ്ങൾ ഒരിക്കലും പ്രവേശിച്ചിട്ടില്ലെങ്കിൽ, അത് നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അറിയുക.  കർത്താവിന്റെ സ്നേഹം അത്രമേൽ ആഴമുള്ളതും പരിപൂർണ്ണവുമാണ്; അതിന്റെ ഒരു രുചിമാത്രം അനുഭവിച്ചാൽപ്പോലും, കൂടുതൽ അനുഭവിക്കാനായി കഴിയുന്നത്ര തവണ നിങ്ങൾ മടങ്ങിവരും.

കർത്താവേ, അങ്ങയുടെ സാന്നിധ്യത്തിലേക്ക് എന്നെ ആകർഷിക്കണമേ.  അങ്ങയെയും അങ്ങയുടെ പരിപൂർണ്ണ സ്നേഹത്തെയും അറിയാൻ എന്നെ സഹായിക്കണമേ.  പരിപൂർണ്ണമായ ആരാധനയിലും സ്തുതിയിലും അങ്ങയെ അനുഭവിക്കാൻ എന്നെ സഹായിക്കണമേ.  അങ്ങയുടെ മഹത്ത്വത്തിന്റെ ഒരു ചെറുദർശനമെങ്കിലും എനിക്കു ലഭിക്കട്ടെ; ആ ആനന്ദം ഞാൻ എന്നെന്നും ആസ്വദിക്കട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

ഡിസംബർ 11 – വിശുദ്ധ ദമാസൂസ് ഒന്നാമൻ പാപ്പാ—ഐച്ഛിക അനുസ്മരണം

വിശുദ്ധ അന്ത്രയോസിന്റെ ക്രിസ്മസ് നൊവേന
പരമ്പരാഗതമായി നവംബർ 30 മുതൽ ക്രിസ്മസ് തലേന്നുവരെ ദിവസത്തിൽ 15 തവണ ചൊല്ലുന്നു.

ആഗമനകാല വിഭവങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ