മലയാളം

വിചിന്തനം 16: ദൈവത്തിന് സമ്പൂർണ്ണ സമർപ്പണം

“ആനന്ദനിർവൃതിയിൽ അസ്സീസിയിലെ ഫ്രാൻസിസ്” — ചിത്രകാരൻ: കാരവാജ്ജോ

വീഡിയോ

ദൈവത്തിന്റെ മുമ്പിൽ വീഴുക. അവിടുത്തെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുക. കഴിയുമെങ്കിൽ, ശരീരംകൊണ്ടുതന്നെ അങ്ങനെ ചെയ്യുക. അത് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുമെങ്കിൽ, ഹൃദയത്തിൽ അങ്ങനെ ചെയ്യുക. ദൈവത്തിന്റെ മുമ്പിൽ സാഷ്ടാംഗം വീണ്, അവിടുത്തെ ദൈവകരുണയും പരമപരിശുദ്ധമായ തിരുഹിതവും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരണമെന്ന് യാചിക്കുക.  ജീവിതത്തിൽ ലളിതമായ ഒന്നോ രണ്ടോ പ്രാർഥനകൾ മതിയാകാതെ വരുന്ന അനേകം അവസരങ്ങളുണ്ട്.  ദൈവത്തിന്റെ മുമ്പിൽ നമ്മെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുകയാണ് നമുക്ക് ആവശ്യം.  തീർച്ചയായും, എല്ലാ ദിവസവും ദിവസം മുഴുവനും നാം ചെയ്യേണ്ടത് ഇതുതന്നെയാണ്.  എന്നാൽ ദൈവത്തിന് നമ്മെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുന്ന ഈ ആന്തരിക മനോഭാവം നിലനിർത്താൻ, നിരുപാധികവും സമ്പൂർണ്ണവുമായ ഒരു സമർപ്പണപ്രവൃത്തിയായി നാം ഇത് ചെയ്യുന്ന നിശ്ചിത നിമിഷങ്ങൾ നമുക്ക് ആവശ്യമാണ് (കാണുക: ഡയറി #9).

നിങ്ങളുടെ പ്രാർഥന എത്രമാത്രം ആഴമുള്ളതാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക.  നിങ്ങൾ ഇടയ്ക്കിടെ ഏതാനും പ്രാർഥനകൾ മാത്രം ചൊല്ലുകയാണോ ചെയ്യുന്നത്?  അതോ ദൈവത്തിന് നിങ്ങളെത്തന്നെ പൂർണ്ണമായി വിട്ടുകൊടുത്ത് സമർപ്പിക്കാൻ ഓരോ ആഴ്ചയും സമയം കണ്ടെത്തുന്നുണ്ടോ?  സമ്പൂർണ്ണ സ്നേഹത്തോടും വിശ്വാസത്തോടുംകൂടെ നമ്മുടെ മഹോന്നതനായ ദൈവത്തിന്റെ മുമ്പിൽ നിങ്ങളുടെ ജീവിതം ബോധപൂർവം സമർപ്പിക്കുന്നുണ്ടോ?  നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഇന്ന് അങ്ങനെ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക.

കർത്താവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്നെത്തന്നെ പൂർണ്ണമായി വിട്ടുകൊടുക്കുകയും അങ്ങയുടെ പരിപൂർണ്ണമായ നന്മയിലും കരുണയിലും ആശ്രയിക്കുകയും ചെയ്യുന്നു.  അങ്ങയുടെ ദിവ്യമഹത്വത്തിന്റെ മുമ്പിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുകയും അങ്ങയുടെ സ്നേഹപൂർണ്ണമായ പരിപാലനത്തിന് എന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.  ഈശോയേ, ഞാൻ പൂർണ്ണമായും അങ്ങയുടേതാണ്.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജീവനുവേണ്ടിയുള്ള ഒൻപതു ദിവസത്തെ നൊവേന

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ