മലയാളം

വിചിന്തനം 43: ക്ലേശങ്ങളിൽ ക്ഷമ

മിഹായ് മുംകാച്ചി വരച്ച ‘പീലാത്തോസിന്റെ മുമ്പിൽ ക്രിസ്തു’

വീഡിയോ

ദൈവത്തിന്റെ ദൃഷ്ടിയിൽ കൂടുതൽ വിലപ്പെട്ടത് എന്താണ്? നിങ്ങൾ ചെയ്യാൻ ഒരുങ്ങുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുന്നതോ, അതോ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും ക്ഷമയോടും സമാധാനത്തോടുംകൂടെ സഹിക്കുന്നതോ? പലർക്കും ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പ്രയാസം തോന്നുകയും രണ്ടും തിരഞ്ഞെടുക്കാൻ ആഗ്രഹമുണ്ടാവുകയും ചെയ്തേക്കാം. തീർച്ചയായും, ദൈവഹിതവും അവിടുന്ന് നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റാൻ നാം ഒരുങ്ങുകയാണെങ്കിൽ, അത് ദൈവരാജ്യത്തിന് വളരെ വിലപ്പെട്ടതായിരിക്കുമെന്ന് എളുപ്പം മനസ്സിലാക്കാം. എന്നാൽ പ്രയാസകരമെന്നു തോന്നുന്ന ഏതെങ്കിലും പോരാട്ടത്തിന്റെ നടുവിൽ ക്ഷമയും സമാധാനവും സ്വീകരിക്കാനാണ് ദൈവം നമ്മെ വിളിക്കുന്നതെങ്കിലോ? അത് വളരെ വിലപ്പെട്ടതാണോ? അതെ, അത് അത്യന്തം വിലപ്പെട്ടതാണ്; കാരണം, ക്ഷമാപൂർവമായ സഹനത്തിൽ വളരുന്ന ഈ പ്രക്രിയയിൽ നാം യഥാർഥത്തിൽ വിശുദ്ധരാക്കപ്പെടുന്നു (കാണുക: ഡയറി #86).

ഓരോ ദിവസവും നിങ്ങൾക്ക് ഏറ്റവും പ്രയാസകരമായി തോന്നുന്നത് എന്താണ്? മറ്റെന്തിനെക്കാളും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നത് എന്താണ്? ജീവിതത്തിലെ സന്തോഷത്തിനും സാഫല്യത്തിനും ഒരു “തടസ്സം” എന്ന നിലയിലാണോ നിങ്ങൾ ഈ പരീക്ഷണത്തെ കാണുന്നത്? അങ്ങനെയെങ്കിൽ, മറ്റൊരു കാഴ്ചപ്പാടിൽനിന്ന് അതിനെ നോക്കിക്കാണാൻ ശ്രമിക്കുക. ഏതു പ്രയാസത്തെയും പുണ്യത്തിൽ വളരാനുള്ള അവസരമായി, പ്രത്യേകിച്ച് ക്ഷമയിൽ വ്യക്തിപരമായി വളരാനുള്ള അവസരമായി കാണാൻ ശ്രമിക്കുക. ആ പുണ്യത്തിൽ വളരുന്നത് ക്രിസ്തുവിന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു; അവിടുത്തെ രാജ്യത്തിന് അത് അത്യന്തം വിലപ്പെട്ടതുമാണ്.

കർത്താവേ, എനിക്ക് ഏറ്റവും പ്രയാസകരമായ കാര്യങ്ങൾ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അവയ്ക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു; മറ്റെന്തിനെക്കാളും വിശുദ്ധിയിൽ വളരാൻ എന്നെ സഹായിക്കുക അവയായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രത്യേകമായി ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു (വ്യക്തിപരമായ ഏതെങ്കിലും പ്രയാസം പറയുക). കർത്താവേ, അങ്ങേക്കുള്ള എന്റെ സമർപ്പണമായി അതു സ്വീകരിക്കുകയും അതിനെ സ്നേഹവും കരുണയുമാക്കി മാറ്റാനുള്ള കൃപ എനിക്കു നൽകുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ