ചിത്രത്തിന്റെ ഉറവിടം: Pixabay
ഒരു സൈന്യം ഉപരോധിക്കപ്പെടുമ്പോൾ, സ്വയം പ്രതിരോധിക്കാൻ കഴിയുന്ന ഒരു സ്ഥലം അന്വേഷിക്കുന്നു. ഉയർന്ന പ്രദേശമോ അഭയവും സംരക്ഷണവും നൽകുന്ന ഇടമോ ഉടനടി തേടുന്നു. നിങ്ങളുടെ ആത്മീയജീവിതത്തിലും അങ്ങനെതന്നെയായിരിക്കണം. ദുഷ്ടന്റെ അമ്പുകൾ നിങ്ങൾക്ക് ഏൽക്കുമ്പോൾ, അല്ലെങ്കിൽ ജീവിതം നിങ്ങൾക്കു ഭാരമാകുമ്പോൾ, പ്രത്യേകിച്ച് നിങ്ങളുടെ പാപം നിമിത്തം അങ്ങനെ സംഭവിക്കുമ്പോൾ, ഉയർന്ന പ്രദേശവും ഏറ്റവും ശ്രേഷ്ഠമായ അഭയസ്ഥാനവും തേടുക. നമ്മുടെ കർത്താവിന്റെ കരുണാർദ്രമായ ഹൃദയമാണ് ഈ സ്ഥലം. അവിടുത്തെ ഹൃദയം നിങ്ങൾക്കുള്ള അഭയസ്ഥാനമാണെന്നതിൽ സംശയിക്കരുത്. അവിടുത്തെ ഹൃദയത്തിനുള്ളിൽ, നിങ്ങളെ തളർത്തുന്ന പോരാട്ടത്തിൽനിന്ന് നിങ്ങൾക്കു സുരക്ഷിതത്വം ലഭിക്കും; കരുണയുടെ ബലപ്പെടുത്തിയ ഒരു കോട്ടയ്ക്കുള്ളിലാണ് നിങ്ങളെന്ന് നിങ്ങൾ കണ്ടെത്തുകയും ചെയ്യും. സംരക്ഷണസ്ഥാനമായിരിക്കുക എന്ന കരുണയുടെ ഈ സവിശേഷ വശം മനസ്സിലാക്കുകയും സ്വാഗതം ചെയ്യുകയും വേണം. ജീവിതത്തിലെ കഷ്ടതകൾ നമുക്കു തനിയെ സഹിച്ചുനിൽക്കാനാവില്ല. സ്വന്തം ശക്തിയിലും കഴിവുകളിലും ആശ്രയിച്ചാൽ ജീവിതത്തിലെ പോരാട്ടങ്ങൾ നമുക്കു നടത്താനാവില്ല. ക്രുദ്ധനായ ശത്രുവിനെ ചെറുത്തുതോൽപ്പിക്കാൻ വേണ്ടത്ര കഴിവുള്ളവരായി ആരുമില്ല. ദൈവത്തിന്റെ കരുണയിൽ അഭയം തേടുക; അവിടുന്ന് എല്ലാ ഉപദ്രവങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കും (കാണുക ഡയറി #1516).
നിങ്ങൾക്കു സംരക്ഷണം ആവശ്യമാണെന്നതിനെക്കുറിച്ച് ധ്യാനിക്കുക. ഈ ലോകത്തിൽ തനിച്ച്, സ്വന്തം നിലയിൽ നിങ്ങൾക്ക് ഒരിക്കലും അതിജീവിക്കാനാവില്ല. ഈ ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന പ്രലോഭനങ്ങളും ആക്രമണങ്ങളും തിന്മയും നിങ്ങളെ നശിപ്പിക്കും. എന്നാൽ നിങ്ങൾക്കു സംരക്ഷണമേകുന്ന ഒരു കോട്ടയുണ്ടെങ്കിൽ, ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. ആ സംരക്ഷണം ദൈവത്തിന്റെ കരുണയാണ്. ദൈവത്തെയും അവിടുത്തെ കരുണയെയും അത്തരമൊരു കോട്ടയായി കണ്ട് ചിന്തിക്കാൻ ഇന്ന് സമയം ചെലവഴിക്കുക. എല്ലാ കാര്യങ്ങളിലും അവിടുന്നാണ് നിങ്ങളുടെ സംരക്ഷകൻ എന്നു മനസ്സിലാക്കി, സുരക്ഷിതമായ ഈ ഇടത്തിലേക്ക് ഓടിയണയുക. കർത്താവ് തന്റെ കൃപയാൽ നിങ്ങളെ വലയം ചെയ്യുകയും തന്റെ ഹൃദയമാകുന്ന വാസസ്ഥലത്തിനുള്ളിൽ നിങ്ങളെ സമാധാനത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യും.
കർത്താവേ, ലോകത്തിന്റെ ഭാരവും ആക്രമണങ്ങളും പ്രലോഭനങ്ങളും എന്റെമേൽ വന്നുപതിക്കുന്നതായി എനിക്ക് അനുഭവപ്പെടുമ്പോൾ, അഭയം തേടാനുള്ള ജ്ഞാനം എനിക്കു നൽകണമേ. ഞാൻ അങ്ങയുടെ അടുത്തേക്ക് ഓടിയെത്തി അങ്ങയുടെ കരുണാർദ്രമായ ഹൃദയത്തിൽ ഒളിച്ചിരിക്കട്ടെ. അങ്ങയുടെ പരിപൂർണ്ണമായ സംരക്ഷണത്തെ ഞാൻ ഒരിക്കലും സംശയിക്കാതിരിക്കുകയും എല്ലായ്പ്പോഴും അങ്ങയിൽ അഭയം കണ്ടെത്തുകയും ചെയ്യട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നവംബർ 10 – മാർപാപ്പയും വേദപാരംഗതനുമായ മഹാനായ വിശുദ്ധ ലിയോയുടെ അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ




